വിജയം : ലീഡുയർത്തി ബാർസ

സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് വിജയം. എവേ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഗെറ്റാഫയെ ബാഴ്സലോണ മറികടന്നത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള സെവിയ്യയും അത്‌ലറ്റിക്കോ മാഡ്രിഡും സമനില പാലിച്ചതോടെ ടേബിൾ തലപ്പത്ത് ബാഴ്‌സയ്ക്ക് അഞ്ചുപോയിന്റിന്റെ ലീഡായി.

സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിലൂടെ ബാർസയാണ് മത്സരത്തിൽ ആദ്യം അക്കൗണ്ട് തുറന്നത്. ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് പായിച്ച മെസ്സി പ്രയാസകരമായ ആംഗിളിൽ നിന്നും വലകുലുക്കുകയായിരുന്നു. ഇരുപത് മിനിറ്റുകൾക്ക് ശേഷം ലൂയിസ് സുവാറസിന്റെ അത്യുഗ്രൻ വോളിയിലൂടെ ടീം ലീഡുയർത്തി. ബോക്സിന് പുറത്തുനിന്നും താരം തൊടുത്ത ഷോട്ട് ഗെറ്റാഫെ ഗോൾകീപ്പറെ മറികടക്കുകയായിരുന്നു. ആദ്യപകുതിയുടെ അവസാനമിനിട്ടിൽ തന്നെ മാട്ടയിലൂടെ ആതിഥേയർ ഒരുഗോൾ മടക്കിയെങ്കിലും മത്സരത്തിൽ പിന്നീട് ഗോൾ പിറക്കാതെ പോയതോടെ വിജയം ബാഴ്സയ്ക്കൊപ്പം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!