ഡ്യുറന്റ് കപ്പിൽ മുത്തമിട്ട് ഗോകുലം

സാൾട്ട്‌ ലേക്കിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ഗോകുലം കേരള എഫ്‌.സി ഡ്യുറന്റ്‌ കപ്പ്‌ ജേതാക്കളായി. ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ്‌ ആതിഥേയരായ മോഹൻ ബഗാനെ ഗോകുലം വീഴ്ത്തിയത്‌. ഇരട്ട ഗോളുകൾ നേടി ക്യാപ്റ്റൻ മാർകസ്‌ ജോസഫ്‌ ഗോകുലത്തിന്റെ വിജയ ശിൽപിയായി. ഇത്‌ രണ്ടാം തവണയാണ്‌ ഒരു കേരള ടീം ഡ്യുറന്റ്‌ കപ്പ്‌ സ്വന്തമാക്കുന്നത്‌. 1997ൽ എഫ്‌.സി കൊച്ചിനാണ്‌ ആദ്യം കപ്പ്‌ നേടിയത്‌.

മൽസരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഗോകുലം പെനാൽട്ടിയിലൂടെ ആദ്യ ഗോൾ നേടി. പന്തുമായി ബോക്സിലെത്തിയ കിസ്സേക്കയെ ബഗാൻ കീപ്പർ ദേബ്ജിത്‌ ഫൗൾ ചെയ്തതിനായിരുന്നു പെനാൽട്ടി. കിക്കെടുത്ത ക്യാപ്റ്റൻ മാർകസ്‌ ജോസഫ്‌ അനായാസം പന്ത്‌ വലയിലെത്തിച്ചു.
52ആം മിനുട്ടിൽ ഗോകുലം ലീഡ്‌ വർധിപ്പിച്ചു. മാർകസ്‌ ജോസഫ്‌ തന്നെയാണ്‌ വല കുലുക്കിയത്‌. പിന്നാലെ ഗോൾ തിരിച്ചടിക്കാനുള്ള മോഹൻ ബഗാന്റെ ശ്രമം ഫലം കണ്ടു. ഗോൾ കീപ്പർ ഉബൈദിന്റെ പിഴവിൽ നിന്ന് ബഗാൻ താരം ബെയ്റ്റിയ ഗോൾ നേടി. പല തവണ ഇരുടീമും പിന്നീട്‌ ഗോളിനടുത്തെത്തിയെങ്കിലും പ്രതിരോധ നിര ഉലയാതെ നിന്നു. ഇതിനിടെ കളി കയ്യാങ്കളിയിലേക്കും നീണ്ടു. മൽസരത്തിന്റെ 87ആം മിനുട്ടിൽ ജെസ്റ്റിൻ രണ്ടാം മഞ്ഞക്കാർഡ്‌ കാർഡ്‌ കണ്ട്‌ പുറത്തായതിനാൽ ഗോകുലം പത്ത്‌ പേരുമായാണ്‌ മൽസരം പൂർത്തിയാക്കിയത്‌.

ടൂർണമെന്റിൽ 11 ഗോളുകൾ നേടിയ മാർകസ്‌ ജോസഫിന്റെ മികവാണ്‌ ഗോകുലത്തിന്റെ കുതിപ്പിൽ നിർണായകമായത്‌. സെമിയിൽ പെനാൽട്ടി ഷൂട്ട്‌ ഔട്ടിൽ ഈസ്റ്റ്‌ ബംഗാളിനെ കീഴടക്കിയായിരുന്നു ഗോകുലം ഫൈനലിലെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!