ഗൗതം ഗംഭീർ 1999 – 2018

ഹരികൃഷ്ണൻ മിതൃമ്മല

2018 പടിവാതിൽ ചാരി യാത്രയായി. ഗൗതം ഗംഭീർ എന്ന ക്രിക്കറ്റ് പ്രതിഭയുടെ കരിയർ അവസാനിച്ചവർഷമായിരുന്നു കഴിഞ്ഞു പോയത്. ഡിസംബർ 3 നാണ് ഗംഭീർ അടുത്ത രഞ്ജി ട്രോഫി മത്സരം തന്റെ കരിയറിലെ അവസാനത്തേതായിരിക്കും എന്നറിയിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ആന്ധ്രയ്ക്ക് എതിരായ അവസാന മത്സരത്തിൽ ഒരു ഇന്നിങ്സിൽ മാത്രം ബാറ്റു ചെയ്ത ഗൗതി അതിൽ ശതകം തികച്ച് തിളക്കമുള്ള തന്റെ കരിയർ അവസാനിപ്പിച്ചു…. ഇത് 2007 ലോകകപ്പിനും 2011 ലോകകപ്പിനും ഇടയിൽ ഉള്ള ഒരു കഥയാണ്. ഇവിടെ നായകൻ കളിക്കളത്തിലും പുറത്തും അഭിനയിക്കാറില്ലാത്ത ഒരു മനുഷ്യനും…

2007 ഏകദിന ലോകകപ്പ് കാലം. ”ബർമുഡേ രക്ഷിക്കൂ” എന്ന മാതൃഭൂമിയിലെ തലക്കെട്ടും ഇന്ത്യൻ താരങ്ങൾ നഗ്നത മറയ്ക്കാനായി ഒരു ബർമുഡയ്ക്കുനേരേ കൈനീട്ടി നിൽക്കുന്ന, ഏതാണ്ട് സ്പോർട്സ് പേജ് നിറഞ്ഞുനിൽക്കുന്ന കാർട്ടൂണും എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. പത്രം സ്പോർട്സ് പേജിൽ നിന്നും വായിച്ചു തുടങ്ങുകയായിരുന്നു അന്നുമുതലേ ശീലം.
സച്ചിൻ, ഗാംഗുലി, സെവാഗ് മുന്നേറ്റനിരയിൽ വിശ്വാസമർപ്പിച്ച് ഇന്ത്യ കരീബിയനിലേക്ക് പറന്നു. ആരാധകർ ഓർക്കാൻ ആഗ്രഹിക്കാത്തത് ആയിരുന്നു ഫലം. ആദ്യ റൗണ്ടിലെ പുറത്താകൽ. മറ്റൊരുപാട് കാരണങ്ങൾകൊണ്ടും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ലോകകപ്പ് തന്നെയാണ് 2007ലേത്. ഒരുപക്ഷേ ഓസ്ട്രേലിയക്കാർ ഒഴികെ. ആ സമയത്ത് ക്രിക്കറ്റിൽ നിന്നും തന്റെ ജീവിതത്തെ അടർത്തിമാറ്റുന്നതിനെപ്പറ്റി ചിന്തിച്ച, നിരാശയുടെ പടുകുഴിയിൽ വീണുപോയ ഒരു യുവാവുണ്ടായിരുന്നു. മോശമല്ലാത്ത പ്രകടനങ്ങളുടെ പിൻബലം ഉണ്ടായിട്ടും മെൻ ഇൻ ബ്ലൂസിന്റെ ഭാഗമാക്കപ്പെടാത്ത ഒരു ഇരുപത്തിയാറുകാരൻ.

”When I got dropped for the world cup, there were times I didn’t want to play anymore. I didn’t want to practise. I could not motivate myself ”

ഗൗതം ഗംഭീർ…,സമകാലികരിൽ പലരുടെയും പ്രതിഭാധാരാളിത്തം അവകാശപ്പെടാനില്ലെങ്കിലും മനസ്സുറപ്പുകൊണ്ട് യുദ്ധങ്ങൾ ജയിച്ച പടയാളി. പിന്നീട്, 2007 ലോകകപ്പ് ടീമിൽ പരിഗണിക്കപ്പെടാത്തതിനെപ്പറ്റി ഗൗതി പറഞ്ഞതാണ്‌ മുകളിൽ കൊടുത്തത്.

ലോകകപ്പിൽ ബംഗ്ലാദേശിനോടേറ്റ അഞ്ച് വിക്കറ്റ് തോൽവി ആയിരുന്നു ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇന്ദിരാഗാന്ധിയാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം എന്ന് ആരോ തമാശയ്ക്ക് പറഞ്ഞത് ഓർക്കുന്നു. രണ്ടുമാസം തികയും മുന്നേ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കാൻ നീലക്കുപ്പായക്കാർ ധാക്കയിലേക്ക് പറന്നു. ലോകകപ്പിൽ പരിഗണിക്കപ്പെടാത്ത ഗംഭീറിന് ഇക്കുറി സെലക്ടേഴ്സിന്റെ വിളിവന്നു. കടുവകൾക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ആ ബാറ്റ് നന്നായിത്തന്നെ സംസാരിച്ചു. 113 പന്തിൽ 101 റൺസ്. മഴനിയമവും ഇടപെട്ട മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ആകാശ് ചുഴലിക്കാറ്റ് മൂന്നാം ഏകദിനത്തെ കവർന്നെടുത്തപ്പോൾ നേരത്തെ ആദ്യമത്സരം വിജയിച്ചിരുന്ന ഇന്ത്യ (എം.എസ് ധോണി 93 (106) ദിനേശ് മോംഗിയ 3/49) ടൂർണമെൻറ് സ്വന്തം പേരിലാക്കി.

ഗൗതം ഗംഭീറിന്റെ കരിയർ ഇങ്ങനെയാണ്. 1999 മുതൽ 2018 ഡിസംബർ വരെ (ഡൽഹി, ഇന്ത്യ, ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ) ദൈർഘ്യമുണ്ടതിന്. രണ്ട് ലോകകപ്പ് ഫൈനലുകളിൽ വിജയികളുടെ ടോപ്സ്കോറർ. തുടർച്ചയായ അഞ്ച് ടെസ്റ്റുമത്സരങ്ങളിൽ ശതകം തികയ്ക്കുന്ന, തുടർച്ചയായ നാല് ടെസ്റ്റ് പരമ്പരകളിൽ 300ൽ അധികം റൺസ് സ്കോർ ചെയ്യുന്ന ഒരേയൊരു ഇന്ത്യൻ താരം. തുടർച്ചയായ പതിനൊന്ന് ടെസ്റ്റ് അർധശതകങ്ങളുമായി വിവിയൻ റിച്ചാർഡിനൊപ്പം ഒന്നാം സ്ഥാനത്ത്. 2008 ലെ ഈ അർജ്ജുന ജേതാവിനെ തേടി 2009 ൽ ICC ടെസ്റ്റ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം എത്തിയത് ഈ സ്ഥിരതയുടെ ബാക്കിപത്രം.

ദൽഹിയിൽ ദീപക് ഗംഭീറിന്റെയും സീമ ഗംഭീറിന്റെയും മകനായി ഗൗതം ഗംഭീർ ജനിച്ചത് 1981 ഒക്ടോബർ 14ന്. സഹോദരി ഏക്ത (Ekta). മുത്തശ്ശനാണ് ഗൗതിയെ വളർത്തിയത്. അമ്മാവൻ പവൻ ഗുലാത്തി ഗംഭീർ എന്ന കളിക്കാരനെ രൂപപ്പെടുത്തുന്നതിൽ ഏറെ സ്വാധീനംചെലുത്തി. 2011 ൽ നടാഷ ജൈൻ ഗൗതിയുടെ വധുവായി.

നീലക്കുപ്പായത്തിൽ ഗംഭീറിന്റെ കരിയർ തുടങ്ങുന്നത് 2003 ൽ ആണ്. ബംഗ്ലാദേശിനെതിരേ ടി.വി.എസ്. കപ്പിൽ. മൂന്നാം മത്സരത്തിൽ ഗംഭീർ കളിയിലെ താരമായി. ഏകദിനത്തിലെ ആദ്യ സെഞ്ച്വറിക്കുവേണ്ടി 2005 വരെ കാത്തിരിക്കേണ്ടി വന്നു ഗൗതിക്ക് (ശ്രീലങ്കയ്ക്ക് എതിരേ). 2004ൽ ഓസ്‌ട്രേലിയക്കെതിരേ ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2004 ഡിസംബറിൽ തന്നെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പിറന്നു.
ടെസ്റ്റിലെ മോശം പ്രകടനങ്ങൾ ഗംഭീറിനെ വെള്ളി വെളിച്ചത്തിൽ നിന്നും മാറ്റി നിർത്തിയ വർഷങ്ങളായിരുന്നു പിന്നീട്. ഏകദിന മത്സരങ്ങളിൽ മോശമല്ലാത്ത പ്രകടനങ്ങൾ 2005-07 കാലഘട്ടത്തിൽ ഉണ്ടായി. 2007 ബംഗ്ലാദേശ് പര്യടനത്തിൽ രണ്ടാം ഏകദിന സെഞ്ച്വറി നേടിയ ഗംഭീർ പിന്നീടുള്ള അഞ്ചു വർഷം ഇന്ത്യൻ ടീമിന്റെ അഭിഭാജ്യ ഘടകമായി തീർന്നു.

2007 ടി-20 ലോകകിരീടം ധോണിയുടെ യുവ സംഘം ഉയർത്തുമ്പോൾ ഫൈനലിലെ ഉയർന്ന സ്കോർ അടക്കം ആ വിജയങ്ങൾക്കു പിന്നിലെ ഇന്ധനം ഗംഭീർ ആയിരുന്നു. ഏഴു മത്സരങ്ങളിൽ കളിച്ച ആറ് ഇന്നിങ്സുകളിൽ നിന്നും 227 റൺസ് നേടിയ ഗൗതി ആറ് ഇന്നിങ്സുകളിൽ നിന്നു തന്നെ 265 നേടിയ മാത്യു ഹെയ്ഡന് പിന്നിൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതായി നിന്നു. ടി-20 മത്സരങ്ങളിൽ കളിച്ച ആറ് ഇന്നിങ്സുകളിൽ മൂന്നിലും അർധശതകം തികച്ചു എന്ന കണക്ക് കിരീടനേട്ടത്തിൽ ഗംഭീറിനുള്ള പങ്ക് വിളിച്ചു പറയുന്നു.

2008 ഗംഭീറിന്റെ വർഷമായിരുന്നു. വാട്സണുമായുള്ള കൂട്ടിയിടിയാൽ വിവാദമായ ടെസ്റ്റിൽ നേടിയ ഇരട്ട സെഞ്ചുറി അടക്കം (ഒരു മത്സരത്തിൽ നിന്നും വിലക്കും). ഏഴു മത്സരങ്ങളിൽ നിന്നും 858 റണ്ണുകളാണ് ഗൗതി വാരിക്കൂട്ടിയത്. ഓസ്ട്രേലിയയുടെ ഇന്ത്യാ സന്ദർശനത്തിലെ മൂന്നു മത്സരങ്ങളിൽ നിന്നും നേടിയത് 463 റണ്ണുകൾ. അവസാന മത്സരം വിലക്കുമൂലം നഷ്ടപ്പെട്ടെങ്കിലും പരമ്പരയിൽ മറ്റേത് താരത്തെക്കാളും അധികം റൺസ് ഗംഭീറിന്റെ അക്കൗണ്ടിൽ വന്നിരുന്നു. തൊട്ടുപിന്നാലെ 2008 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരേയും 2009ൽ കിവികൾക്കെതിരേയും തുടർച്ചയായ പരമ്പരകളിൽ ടോപ് സ്കോറർ ആയി ഗംഭീർ.
2009 ൽ 41 വർഷങ്ങൾക്കു ശേഷം ഇന്ത്യ ന്യൂസിലാൻറിൽ ടെസ്റ്റ് പരമ്പര നേടിയപ്പോൾ ആറ് ഇന്നിങ്സുകളിൽ നിന്നും ഗൗതി നേടിയത് 445 റണ്ണുകൾ. ഇന്ത്യയുടെ രണ്ടാം മതിൽ എന്ന് സെവാഗ് ഗംഭീറിനെ വിശേഷിപ്പിച്ചത് ഈ ടൂർണമെന്റിനിടയിൽ ആണ്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അഞ്ചു സെഷനുകൾ അതിജീവിച്ച ഗംഭീർ 430 ഓളം പന്തുകളെ നേരിട്ടു നേടിയ 137 റൺസ് ഇന്ത്യക്കു സമ്മാനിച്ചത് ജീവശ്വാസമായിരുന്നു.

ഐ.സി.സി ടെസ്റ്റ് പ്ലയർ ഓഫ് ദ ഇയർ ഉം ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഗംഭീറിനെ തേടിയെത്തി 2009 ൽ. ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും എതിരേ 2009 ൽ പരമ്പര കളിച്ചു ഇന്ത്യ. ബംഗ്ലാദേശിനെതിരേ 129 പന്തുകളിൽ നേടിയ 116 റൺസ് തുടർച്ചയായ അഞ്ചാം ടെസ്റ്റിലെ ശതകം ആയിരുന്നു. തുടർച്ചയായ ആറു ടെസ്റ്റുകളിൽ ശതകം തികച്ചിട്ടുള്ളത് സാക്ഷാൽ ഡോൺ ബ്രാഡ്‌മാൻ മാത്രം.
ഏകദിന നായകൻ എന്ന ബഹുമതി 2010 ൽ ഗൗതിയെ തേടിയെത്തിയത് ആകസ്മികമായല്ല. ഇന്ത്യ സന്ദർശിച്ച ന്യൂസിലന്റുകാരെ ഒരു മത്സരം പോലും വിജയിക്കാൻ അനുവദിച്ചില്ല ആ നായകൻ. 2011 ൽ വെസ്റ്റ് ഇന്റീസിനെതിരേ ഒരു മത്സരം കൂടി ഇന്ത്യയെ നയിച്ച ഗംഭീർ അന്താരാഷ്ട്ര നായകൻ എന്ന നിലയിൽ അജയ്യനാണ്.

2007 മറക്കാൻ ശ്രമിക്കുന്ന ഓർമയെങ്കിൽ 2011 ഏകദിന ലോകകപ്പ് ഒരിക്കലും മറക്കാത്ത ഒരു സ്വപ്നമാണ്. ദൈവം ലോകകപ്പെടുക്കുന്ന വർഷം. 2007 ഏകദിന ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കങ്കാരുക്കളോട് തോൽവി പിണഞ്ഞ ശ്രീലങ്കയ്ക്ക് 2011 ൽ ഇന്ത്യയിലും കിരീടമില്ലാതെ മടങ്ങാനായിരുന്നു വിധി. ആദ്യ ഓവറിൽ വീരുവും തൊട്ടുപിന്നാലെ സച്ചിനും പുറത്തായപ്പോൾ വിധി തന്റെ ജോലി ചെയ്തത് ഗംഭീറിന്റെ ബാറ്റിലൂടെ ആയിരുന്നു. അയാൾ ധീരമായി പൊരുതി. കോഹ്ലിയുമായി ചേർന്ന് ഇന്ത്യൻ കപ്പലിനെ നങ്കൂരമിട്ട് പിടിച്ചു നിർത്തി. പിന്നീട് ധോണിയോടൊപ്പം വിജയതീരത്ത് അടുപ്പിച്ചു. ശതകത്തിന് മൂന്ന് റണ്ണുകൾ മാത്രമകലെ ഗംഭീർ വീണെങ്കിലും ഇന്ത്യ കിരീടമുറപ്പിച്ചിരുന്നു അപ്പോൾ.
ലോകകപ്പിനു ശേഷം ഏകദിനത്തിൽ മികച്ച ഫോമിൽ തുടർന്ന ഗംഭീറിന് ടെസ്റ്റിൽ ഫോം നിലനിർത്താനായില്ല. ടീമിന്റെ ഉപനായകൻ എന്ന പദവി 2012 ടി – 20 ലോകകപ്പിൽ ഗംഭീറിനെ തേടിയെത്തി എങ്കിലും 2015 ഏകദിന ലോകകപ്പിന് മുന്നേ തന്നെ ഗംഭീർ ഭാഗമല്ലാത്ത ഒരു യുവനിരയെ വാർത്തെടുത്തൂ സെലക്ടർമാർ. തന്റെ ടീമിൽ നിന്നുള്ള പുറത്താകലിനെ പറ്റി ഗംഭീർ പിന്നീട് സംസാരിച്ചിട്ടുണ്ട്. സാങ്കേതികമായ പോരായ്മകൾക്ക് പരിഹാരം തേടി ഓസ്ട്രേലിയയിൽ പരിശീലനത്തിനു പോകുകയും ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും തന്റെ തുറന്ന അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്ത ഈ കാലത്ത് ഗംഭീർ എന്ന പോരാളിയേയും മനുഷ്യസ്നേഹിയേയും നമ്മൾ കണ്ടു. രണ്ടു തവണ ഇന്ത്യൻ ടീമിലേക്കുളള വിളി ഗൗതിയെ തേടിയെത്തി, എങ്കിലും സ്ഥിരമായ ഒരു സ്ഥാനം നേടിയെടുക്കാൻ പിന്നീട് കഴിഞ്ഞില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടു തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടിക്കാനായി ഗംഭീറിന് (2012, 2014). ആദ്യ സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിനുവേണ്ടി പാഡുകെട്ടിയ ഗംഭീർ വിവിധ സീസണുകളിൽ ഡൽഹി യേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേയും നയിച്ചു. കരിയറിന്റെ അവസാന സീസൺ ഡൽഹി ഡയർഡെവിൾസ് നായകനായി മടങ്ങിയെത്തിയെങ്കിലും 2018 ഐ.പി.എൽ.സീസൺ നിരാശയുടേതായിരുന്നു താരത്തിന്. മത്സരങ്ങൾ പൂർത്തിയാക്കും മുന്നേ ഗംഭീർ നായകസ്ഥാനം ഒഴിയുകയും ചെയ്തു.
2018 ഡിസംബർ 3ന് ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുവാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിനെതിരേ ഡെൽഹി കളിക്കുന്ന രഞ്ജി ട്രോഫി മത്സരമായിരിക്കും തന്റെ അവസാന പോരാട്ടമെന്ന് ഗംഭീർ അറിയിച്ചു. പാദചലനങ്ങളുടെ പോരായ്മയും കളിക്കളത്തിനകത്തും പുറത്തുമുള്ള ചൂടൻ പെരുമാറ്റങ്ങളും ഒക്കെ കൊണ്ട് വിമർശകരുടെ പ്രധാന ഇരയായി മാറിയ ആ പോരാളി ആന്ധ്രയ്ക്ക് എതിരേ തന്റെ അവസാന ഇന്നിങ്സിലും ശതകം തികച്ചപ്പോൾ അത് ഒരുപാട് പേർക്കുള്ള മറുപടിയായിരുന്നു.
ദേശീയ ടീമിലേയ്ക്കുള്ള സെലക്ഷൻ കാത്തു നിൽക്കുമ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയുന്ന, ആരുടേയും അപ്രീതിയെ ഭയക്കാതെ സംസാരിക്കുന്ന, ഗ്യാലറിക്കുവേണ്ടി കളിക്കാത്ത തുറന്ന മനുഷ്യനായിരുന്നു ഗംഭീർ. ഇനി ഗംഭീറിന്റെ കൂടുതൽ സ്വതന്ത്രമായ വാക്കുകൾക്കും ജീവിതത്തിലെ പുതിയ ഒരു ഇന്നിങ്സിനും വേണ്ടി കാത്തിരിക്കാം.

കടപ്പാട് : വിക്കിപ്പീഡിയ, ക്രിക്ബസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!