സെയ്നി മിന്നി : ഇന്ത്യക്ക് വിജയം

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ജയം. റണ്ണധികം പിറക്കാതിരുന്ന മത്സരത്തിൽ ബൗളിങ് യൂണിറ്റിന്റെ മികവാണ് ഇന്ത്യക്ക് വിജയമേകിയത്. ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത ഇരുപതോവറിൽ ഒൻപത് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 95 റൺസ് മാത്രമെടുത്തപ്പോൾ ഇന്ത്യ 16 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു.

അമേരിക്കയിലെ ഫ്ലോറിഡയിലരങ്ങേറിയ മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ച കോഹ്‌ലി മടിയേതും കൂടാതെ ബൗളിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശരിയെന്നുറപ്പിച്ച പ്രകടനം പുറത്തെടുത്ത ബൗളർമാർ കരീബിയൻ നിരയെ മൂന്നക്കം കടക്കാൻ പോലുമനുവദിച്ചില്ല. ഇന്ത്യൻ നിരയിൽ പന്തെടുത്തവർക്കൊക്കെയും വിക്കറ്റ് ലഭിച്ചപ്പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവദീപ്‌ സെയ്നി മികച്ചുനിന്നു. ഭുവനേശ്വർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തുടക്കം മുതൽ പതറിയ വെസ്റ്റ് ഇൻഡീസിനെ പൊള്ളാർഡിന്റെ പ്രകടനമാണ് (49) നൂറിനടുത്തേക്കെത്തിച്ചത്. 20 റൺസെടുത്ത പൂരനും പിടിച്ചുനിന്നപ്പോൾ മറ്റാർക്കും രണ്ടക്കത്തിലേക്കെത്താനായില്ല. കേളികേട്ട ഇന്ത്യൻ ബാറ്റിങ് നിര കണ്ണടച്ചുതുറക്കും മുൻപ് കളി കൈവശപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ കാണികളെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. ധവാനെ തുടക്കത്തിലേ പിഴുത വിൻഡീസ് നിലയുറപ്പിച്ച രോഹിത്തിനെയും, ആദ്യപന്തിൽ തന്നെ പന്തിനെയും മടക്കി. വീഴാതെ നിന്ന വിരാട് മനീഷ് പാണ്ഡയെ കൂട്ടുപിടിച്ച് കൂടുതൽ പരിക്കില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പരിശ്രമിച്ചെങ്കിലും മനീഷിനെ വീഴ്ത്തിയ കീമോ പോൾ ഇന്ത്യയെ ഒരിക്കൽ കൂടി വിറപ്പിച്ചു. കോട്രലിന്റെ കൗശലത്തിന് മുന്നിൽ അടിപതറിയ കോഹ്‌ലിയും മടങ്ങിയതോടെ ടീമിനെ കരകയറ്റാനുള്ള ചുമതല ഓൾറൗണ്ടർമാരിലായി. ജഡേജയും കൃണാലും ചേർന്നാ ദൗത്യം ഭംഗിയായി നിറവേറ്റിയതോടെ ഇന്ത്യ കൂടുതൽ പരിക്കില്ലാതെ വിജയത്തിനടുത്തേക്കെത്തി. എട്ടുറൺസ് അകലെ കൃണാൽ പാണ്ഡ്യയും പുറത്തായെങ്കിലും ജഡേജയും വാഷിംഗ്‌ടൺ സുന്ദറും ചേർന്ന് ലക്ഷ്യത്തിലേക്ക് ടീമിനെയെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!