തലകുനിച്ച് ഇന്ത്യ, താജികിസ്ഥാന് വിജയം

ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഉദ്‌ഘാടനമത്സരത്തിൽ ഇന്ത്യക്ക് നിരാശാജനകമായ തോൽവി. താജികിസ്ഥാനെതിരെ ആദ്യപകുതിയിൽ രണ്ടുഗോളിന് മുന്നിട്ടുനിന്ന ടീം രണ്ടാംപകുതിയിൽ നാല് ഗോളുകളാണ് ഏറ്റുവാങ്ങിയത്. മലയാളി താരം ജോബി ജസ്റ്റിൻ മത്സരത്തിൽ പകരക്കാരനായിറങ്ങി അരങ്ങേറ്റം നടത്തി.

റാങ്കിങ്ങിൽ തങ്ങളേക്കാൾ പിന്നിലുള്ള താജിക്കിസ്ഥാനെതിരെ ആത്മവിശ്വാസത്തോടെയാണ് നിലവിലെ ചാമ്പ്യന്മാർ പന്തുതട്ടിത്തുടങ്ങിയത്. മലയാളി താരം സഹൽ ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ അനസും, പ്രതിരോധത്തിലെ പങ്കാളി ജിങ്കനും സൈഡ് ബെഞ്ചിലിരുന്നു. ഗ്യാലറിയിലെ ആർപ്പുവിളികൾക്ക് ആവേശമേകിക്കൊണ്ട് നാലാം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ചാങ്‌തെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പനേങ്ക കിക്കിലൂടെ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. 41ആം മിനിറ്റിൽ തന്റെ 70ആം അന്താരാഷ്ട്ര ഗോൾ നേടിയ സുനിൽ ഛേത്രി തന്റെ സംഘത്തെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 56ആം മിനിറ്റിലാണ് ഇന്ത്യൻ ഗോൾവല ആദ്യമനങ്ങിയത്. കൊംറോൺ തൊടുത്ത ആദ്യഷോട്ട് ഗുർപ്രീത് തടുത്തെങ്കിലും റീബൗണ്ടിലൂടെ താരം ലക്ഷ്യംകണ്ടു. ഗോളേകിയ ഞെട്ടലിൽ നിന്നും മുക്തരാവും മുൻപ് താജിക്കിസ്ഥാൻ ഇന്ത്യക്കൊപ്പമെത്തി. ബൊബോയേവ് ആണ് ഇത്തവണ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി ലക്ഷ്യംകണ്ടത്. തന്റെ പിറന്നാൾ ദിനത്തിൽ കളിക്കാനിറങ്ങിയ, ആദ്യപകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ആദിൽ ഖാന്റെയും, പോസ്റ്റിലെ വിശ്വസ്തൻ ഗുർപ്രീതിന്റെയും പിഴവുകൾ 71, 75 മിനിറ്റുകളിലായി സന്ദർശകർ മുതലെടുത്തതോടെ ഉദ്‌ഘാടനമത്സരം ഇന്ത്യ മറക്കാനാഗ്രഹിക്കുന്നതായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!