കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലി ഇരട്ട ശതകവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഇന്ത്യക്ക്‌ മുൻതൂക്കം. മായങ്ക്‌ അഗർവാൾ, കോഹ്‌ലി, ജഡേജ എന്നിവരുടെ മികവിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ ഇതിനോടകം മൂന്ന് വിക്കറ്റ്‌ നഷ്ടമായിക്കഴിഞ്ഞു.
സ്കോർ : ഇന്ത്യ – 601/5 ഡിക്ലയേർഡ്‌
ദക്ഷിണാഫ്രിക്ക – 36/3
ഇന്ത്യയുടെ സ്കോർ പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ എൽഗർ, മർക്ക്രം, ബവുമ എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്‌. ഉമേഷ്‌ യാദവ്‌ രണ്ട്‌ വിക്കറ്റും മുഹമ്മദ്‌ ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ടെസ്റ്റിൽ തന്റെ ഏഴാം ഇരട്ട സെഞ്ച്വറി കണ്ടെത്തിയ വിരാട്‌ കോഹ്‌ലിയുടെ ഇന്നിംഗ്‌സായിരുന്നു രണ്ടാം ദിനത്തിന്റെ സവിശേഷത. ക്യാപ്റ്റനായി തന്റെ 50ആം ടെസ്റ്റ്‌ കളിക്കുന്ന കോഹ്‌ലി ബാറ്റിംഗ്‌ വിസ്‌മയം തീർത്തപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ അതിവേഗം ചലിച്ചു.
59 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ്‌ ഇന്ത്യക്ക്‌ ആദ്യം നഷ്ടമായത്‌. പിന്നീടെത്തിയ ജഡേജക്കൊപ്പം കോഹ്‌ലി സ്കോർ ബോർഡ്‌ ഉയർത്തി. കൂട്ടുകെട്ട്‌ വമ്പനടികൾക്ക്‌ മുതിർന്നതോടെ ഇന്ത്യൻ സ്കോർ വളരെ വേഗം 600 കടന്നു. 91 റൺസെടുത്ത്‌ ജഡേജ പുറത്തായതോടെ ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 254 റൺസെടുത്ത്‌ കോഹ്‌ലി പുറത്താകാതെ നിന്നു.
ടെസ്റ്റിൽ ഏഴ്‌ ഇരട്ട ശതകമെന്ന നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യൻ താരമാണ്‌ കോഹ്‌ലി. ഒപ്പം ടെസ്റ്റിൽ 7000 റൺസെന്ന നാഴികക്കല്ലും താരം പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!