ഇന്നിംഗ്‌സ് ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക്‌ തകർപ്പൻ ജയം. സന്ദർശകരെ ഇന്നിംഗ്‌സിനും 137 റൺസിനുമാണ്‌ ഇന്ത്യ കീഴടക്കിയത്‌. ഒരു മൽസരം ബാക്കി നിൽക്കെ പരമ്പര സ്വന്തമാക്കാനും ഈ വിജയത്തോടെ ഇന്ത്യക്കായി.
സ്കോർ : ഇന്ത്യ-601/5
ദക്ഷിണാഫ്രിക്ക – 275/10 & 189/10
ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റ്‌ ചെയ്യാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ തുടക്കം തന്നെ പിഴച്ചു. രണ്ട്‌ പന്തിനുള്ളിൽ ഓപ്പണർ മർക്ക്രത്തിനെ മടക്കി ഇഷാന്ത്‌ ശർമ ഇന്ത്യൻ വിക്കറ്റ്‌ വേട്ട തുടങ്ങി. പിന്നീട്‌ എൽഗർ ഒരറ്റത്ത്‌ പിടിച്ച്‌ നിൽക്കാൻ ശ്രമിച്ചെങ്കിലും ഡി ബ്രുയ്നും ഡു പ്ലെസിസും വേഗം മടങ്ങി. 48 റൺസെടുത്ത്‌ എൽഗറും മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയും മങ്ങി. 38 റൺസെടുത്ത ബവുമയും 37 റൺസ്‌ നേടിയ ഫിലാൻഡറും മാത്രമാണ്‌ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്‌.
ഇന്ത്യക്കായി ഉമേഷ്‌ യാദവ്‌, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ്‌ വീതവും അശ്വിൻ രണ്ട്‌ വിക്കറ്റും വീഴ്ത്തി.
ദക്ഷിണാഫ്രിക്കക്ക്‌ മേൽ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ജയമാണിത്‌. 2010ന്‌ ശേഷം ആദ്യമായാണ്‌ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ്‌ തോൽവി വഴങ്ങുന്നത്‌. വിജയത്തോടെ സ്വന്തം മണ്ണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ്‌ പരമ്പര നേട്ടങ്ങൾ എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ 11ആം ജയമാണ്‌ ഇത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!