ആദ്യ ദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ

ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. വെളിച്ചക്കുറവ്‌ മൂലം നേരത്തെ കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ്‌ നഷ്ടത്തിൽ ഇന്ത്യ 224 റൺസ്‌ നേടിയിട്ടുണ്ട്‌. പരമ്പരയിലെ മൂന്നാം സെഞ്ച്വറി നേടിയ രോഹിത്‌ ശർമയും അർധ സെഞ്ച്വറി നേടിയ രഹാനെയുമാണ്‌ ക്രീസിൽ.
മൂന്നാം ടെസ്റ്റിലും ക്യാപ്റ്റൻ കോഹ്‌ലിയെ ടോസിന്റെ ഭാഗ്യം തുണച്ചപ്പോൾ ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്യാനിറങ്ങുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഇന്ത്യൻ തുടക്കം. 10 റൺസെടുത്ത മായങ്ക്‌ അഗർവാളിനെ വീഴ്ത്തിയ റബാദ റണ്ണൊന്നും എടുക്കാൻ അനുവദിക്കാതെ പൂജാരയേയും മടക്കിയയച്ചു. പിന്നാലെ കോഹ്‌ലിയും വീണതോടെ ഇന്ത്യ 39 റൺസിന്‌ മൂന്നെന്ന നിലയിലേക്ക്‌ കൂപ്പ്‌ കുത്തി. എന്നാൽ പിന്നീട്‌ ഒത്തുചേർന്ന രോഹിത്‌ ശർമയും രഹാനെയും ഇന്ത്യൻ ഇന്നിംഗ്‌സ്‌ കെട്ടിപ്പടുക്കുകയായിരുന്നു.
മികച്ച ഫോം തുടരുന്ന രോഹിത്‌ സിക്‌സറിലൂടെയാണ്‌ സെഞ്ച്വറിയിലെത്തിയത്‌. പരമ്പരയിൽ മൂന്നാം സെഞ്ച്വറി കണ്ടെത്തിയതോടെ രോഹിത്‌ ശർമക്ക്‌ പുതിയ റെക്കോർഡ്‌ കൂടി സ്വന്തമായി. ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറാണ്‌ രോഹിത്‌ ശർമ. സുനിൽ ഗവസ്‌കറാണ്‌ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്‌. 117 റൺസ്‌ നേടിയ രോഹിതിന്‌ മികച്ച പിന്തുണയുമായി 83 റൺസ്‌ നേടി രഹാനെയും ക്രീസിൽ ഉണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!