ഡബിളടിച്ച് ഹിറ്റ്മാൻ, ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യക്ക്‌ കൃത്യമായ മേൽക്കൈ. ഇന്ത്യ ഉയർത്തിയ 497 റൺസെന്ന ഒന്നാമിന്നിംഗ്‌സ്‌ സ്കോർ പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക്‌ ഒമ്പത്‌ റൺസ്‌ എടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായിക്കഴിഞ്ഞു.
ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഡീൻ എൽഗറെ പുറത്താക്കി മുഹമ്മദ്‌ ഷമിയാണ്‌ വിക്കറ്റ്‌ വേട്ടക്ക്‌ തുടക്കമിട്ടത്‌. തുടർന്ന് നാല്‌ റൺസെടുത്ത ക്വിന്റൺ ഡി കോക്കിനെ ഉമേഷ്‌ യാദവും പുറത്താക്കി. ഡു പ്ലെസിസും സുബൈർ ഹംസയുമാണ്‌ നിലവിൽ ക്രീസിലുള്ളത്‌.
നേരത്തെ ഡബിൾ സെഞ്ച്വറി നേടിയ രോഹിത്‌ ശർമയും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുമാണ്‌ ഇന്ത്യക്ക്‌ മികച്ച സ്കോർ സമ്മാനിച്ചത്‌. ഒന്നാം ദിനം 224 റൺസ്‌ നേടിയ ഇന്ത്യ രണ്ടാം ദിനം 273 റൺസ്‌ കൂടി കൂട്ടിച്ചേർത്തു. 212 റൺസ്‌ നേടിയ രോഹിതിന്റെ വെടിക്കെട്ട്‌ പ്രകടനം ഇന്ത്യൻ ബാറ്റിംഗിൽ വേറിട്ട്‌ നിന്നു. ആറ്‌ സിക്സറുകൾ താരം പറത്തി.
രോഹിതിന്റെ ആദ്യ ടെസ്റ്റ്‌ ഡബിളാണിത്‌. പതിനൊന്നാം ടെസ്റ്റ്‌ സെഞ്ച്വറിയാണ്‌ രഹാനെ കുറിച്ചത്‌. രവീന്ദ്ര ജഡേജ 51 റൺസും ഉമേഷ്‌ യാദവ്‌ 31 റൺസും നേടിയതോടെ ഇന്ത്യ 497 റൺസിൽ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പത്ത്‌ പന്തിൽ നിന്നാണ്‌ ഉമേഷ്‌ 31 റൺസ്‌ കണ്ടെത്തിയത്‌. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന 30 റൺസാണിത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!