ആധികാരികം ടീം ഇന്ത്യ

വെസ്റ്റ്‌ ഇൻഡീസ്‌ ടൂറിലെ ട്വന്റി ട്വന്റി , ഏകദിന പരമ്പരകളിലെ വിജയങ്ങൾക്ക്‌ പിന്നാലെ ടെസ്റ്റ്‌ പരമ്പരയും സ്വന്തം പേരിലാക്കി ഇന്ത്യൻ ടീം സമ്പൂർണ്ണ വിജയം കരസ്ഥമാക്കി. രണ്ടാം ടെസ്റ്റിൽ 257 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സിൽ അർധ ശതകം നേടുകയും ചെയ്ത ഹനുമ വിഹാരിയാണ്‌ കളിയിലെ താരം.
സ്കോർ : ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ – 416, രണ്ടാം ഇന്നിംഗ്‌സ്‌ – 168/4 ഡിക്ല. വെസ്റ്റ്‌ ഇൻഡീസ്‌-117, 210.
മുന്നിൽ നിന്ന് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലി വിജയത്തോടെ ഒരപൂർവ്വ നേട്ടവും സ്വന്തം പേരിലാക്കി. ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ്‌ ഇനി കോഹ്‌ലിയുടെ പേരിലായിരിക്കും. 28 വിജയങ്ങൾ നേടിയ കോഹ്‌ലി ധോണിയെയാണ്‌ ഈ നേട്ടത്തിൽ മറികടന്നത്‌. 60 മൽസരങ്ങളിൽ നിന്നായിരുന്നു ധോണിയുടെ 27 വിജയങ്ങൾ. എന്നാൽ കോഹ്‌ലി കേവലം 48 ടെസ്റ്റ്‌ മൽസരങ്ങളിൽ നിന്ന് ഈ റെക്കോർഡ്‌ മറികടന്നു. ആദ്യ മൽസരത്തിലെ വിജയത്തോടെ ഏറ്റവും കൂടുതൽ എവേ ടെസ്റ്റുകൾ വിജയിച്ച ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. സൗരവ്‌ ഗാംഗുലിയെയാണ്‌ ഈ നേട്ടത്തിൽ കോഹ്‌ലി മറികടന്നത്‌.
രണ്ട്‌ മൽസരങ്ങളും വിജയിച്ചതോടെ ഐ.സി.സി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ 120 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. വെസ്റ്റ്‌ ഇൻഡീസിനെതിരെ കൂറ്റൻ വിജയങ്ങളായിരുന്നു ഇന്ത്യ ഇരുടെസ്റ്റുകളിലും സ്വന്തമാക്കിയത്‌. വിജയത്തോടൊപ്പം ബുംറയുടെ ഹാട്രിക്‌ നേട്ടവും ഇന്ത്യൻ ആരാധകർക്ക്‌ സന്തോഷം പകരുന്നുണ്ട്‌. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരിന്ത്യൻ താരത്തിന്റെ മൂന്നാം ഹാട്രിക്കായിരുന്നു ഇത്‌. ഹർഭജൻ സിംഗ്‌, ഇർഫാൻ പത്താൻ എന്നിവരാണ്‌ ഈ നേട്ടം മുമ്പ്‌ കൈവരിച്ചവർ. ഇതിന്‌ പുറമെ വൈസ്‌ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, പേസർമാരായ ഇഷാന്ത്‌ ശർമ, മുഹമ്മദ്‌ ഷാമി, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ ടൂർണമെന്റിലെ മികച്ച പ്രകടനങ്ങളും പ്രശംസയർഹിക്കുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!