ഇന്ത്യയുടെ വിശ്വ വിജയത്തിന്‌ ഇന്ന് എട്ട് വയസ്സ്

ജാസിർ കോട്ടക്കുത്ത്

ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ആഘോഷിച്ച, രാജ്യത്തിന്റെ കായികചരിത്രത്തിലെ ഏറ്റവും മികച്ച രാത്രികളൊന്ന് പിറന്നിട്ട്‌ ഇന്നേക്ക്‌ എട്ട്‌ വർഷം. 2011 ഏപ്രിൽ രണ്ടിന്‌ ഇതേ ദിവസമാണ്‌ ധോണിയുടെ ഹെലികോപ്‌റ്റർ ഷോട്ട്‌ ഇന്ത്യക്ക്‌ ലോക ചാമ്പ്യൻഷിപ്പ്‌ സമ്മാനിച്ചത്‌.

1983ൽ ലോക കിരീടം നേടിയ ഇന്ത്യയുടേത്‌ പിന്നീട്‌ നീണ്ട കാത്തിരിപ്പായിരുന്നു. 2003ൽ കിരീടത്തിനരികെയെത്തിയെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യൻ നിരയെ കീഴടക്കി. ക്രിക്കറ്റ്‌ ദൈവമെന്ന് വാഴ്ത്തിപ്പാടുന്ന സച്ചിൻ ടെണ്ടുൽക്കർ ഒരു ലോക കിരീടമില്ലാതെ കരിയർ അവസാനിപ്പിക്കുന്നതോർക്കാൻ പോലും ഇന്ത്യൻ ആരാധകർക്കാവില്ലായിരുന്നു. അങ്ങനെയാണ്‌ 2011 ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാൻ ശ്രീലങ്കക്കും ബംഗ്ലദേശിനുമൊപ്പം ഇന്ത്യക്ക്‌ അവസരമൊരുങ്ങുന്നത്‌.
ഇന്ത്യ ആധികാരികമായി തന്നെയാണ്‌ ടൂർണമെന്റിൽ തുടങ്ങിയത്‌. ബംഗ്ലദേശിനെ തോൽപിച്ച്‌ തുടങ്ങിയ ടീം ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയോട്‌ മാത്രമാണ്‌ പരാജയപ്പെട്ടത്‌. ക്രിക്കറ്റ്‌ ലോകകപ്പ്‌ ചരിത്രത്തിലെ മുടിചൂടാ മന്നനായി വാണ ഓസ്‌ട്രേലിയയുടെ അധീശത്വം തകർത്ത്‌ കൊണ്ട്‌ സെമിയിലെത്തിയ ഇന്ത്യക്ക്‌ എതിരാളികളായി ലഭിച്ചത്‌ പാകിസ്താനെയായിരുന്നു. ബദ്ധശത്രുക്കളേയും മികച്ചൊരു മൽസരത്തിലൂടെ മറികടന്ന ഇന്ത്യ ശ്രീലങ്കയുമായുള്ള ഫൈനൽ മൽസരത്തിന്‌ തയ്യാറെടുത്തു.
വാങ്കഡേയിൽ നടന്ന മൽസരത്തിൽ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക ജയവർധനയുടെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 274 റൺസെന്ന വിജയ ലക്ഷ്യം ഇന്ത്യക്ക്‌ മുന്നിൽ കുറിച്ചു. ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച്‌ കൊണ്ട്‌ നിലയുറപ്പിക്കും മുമ്പേ സേവാഗിനേയും സച്ചിനേയും മലിംഗ പുറത്താക്കി. ഒരറ്റത്ത്‌ ഉറച്ച്‌ നിന്ന ഗംഭീറിന്‌ പിന്തുണ നൽകി തുടങ്ങിയ വിരാട്‌ കോഹ്‌ലിയെന്ന അന്നത്തെ യുവതാരവും പുറത്തായതോടെ ശ്രീലങ്ക വിജയം മണത്തു. പക്ഷെ നടന്നത്‌ മറ്റൊന്നായിരുന്നു. യുവരാജ്‌ സിംഗിന്‌ പകരം ബാറ്റിംഗിൽ സ്ഥാനക്കയറ്റം നേടി ക്യാപ്റ്റൻ ധോണി കളത്തിലെത്തി. ഗംഭീറും ധോണിയും പതിയെ സ്കോർ ബോർഡ്‌ ചലിപ്പിച്ചു. ഒരു വെപ്രാളവും കാണിക്കാതെ ഇരുവരും ബാറ്റ്‌ വീശിയതോടെ ലങ്കൻ ബൗളർമാർ പന്തെറിഞ്ഞ്‌ മടുത്തു. വിക്കറ്റുകൾ പൊഴിഞ്ഞപ്പോഴും പതറാതെ പൊരുതിയ ഗംഭീർ അർഹിച്ച സെഞ്ച്വറിയുടെ മൂന്ന് റൺസകലെ വീണു. പക്ഷെ ഇന്ത്യ അപ്പോഴേക്കും അടുത്തെത്തിയിരുന്നു. നുവാൻ കുലശേഖരയുടെ 49ആം ഓവറിൽ അത്‌ പിറന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷർ ബാറ്റൊന്ന് ചുഴറ്റി ലോംഗ്‌ ഓണിലേക്ക്‌ പായിച്ച ഹെലികോപ്റ്റർ ഷോട്ട്‌ ലോക കിരീടത്തിലേക്കായിരുന്നു. നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന യുവരാജ്‌ സിംഗ്‌ അപ്പോഴേക്കും ആഘോഷമാരംഭിച്ചിരുന്നു.

വാങ്കഡേക്കൊപ്പം ഇന്ത്യയുടെ നഗരങ്ങളും ഗ്രാമങ്ങളും ആ വിജയം ആഘോഷിച്ചു. സച്ചിനേയും തോളിലേറ്റി ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിനെ പ്രദക്ഷിണം വെക്കുന്ന കാഴ്ച ഇന്നും ഏവരുടേയും കണ്ണിൽ മിന്നി മറയുന്നുണ്ട്‌. ഈ ലോക കിരീടത്തിന്‌ പിന്നിൽ ഒട്ടേറെ പേരുടെ അധ്വാനമുണ്ട്‌. മുന്നിൽ നിന്ന് നയിച്ച ധോണി, വലിയ വേദികളിലെ തന്റെ ക്ലാസ്‌ ഒരിക്കൽ കൂടി ലോകത്തിന്‌ കാണിച്ച്‌ നൽകിയ ഫൈനലിലെ ഹീറോയിലൊരാളായ ഗംഭീർ, 21 വിക്കറ്റുകളുമായി ബൗളിംഗിൽ ശോഭിച്ച സഹീർ ഖാൻ, പിന്നെ ടൂർണമെന്റിലുടനീളമായി 482 റൺസ്‌ നേടിയ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. ഇതിനൊപ്പം ഒരിക്കലും മറന്ന് പോവാൻ പാടില്ലാത്ത മറ്റൊരു പേര്‌, യുവരാജ്‌ സിംഗ്‌. ലോകകപ്പിലെ ഏറ്റവും മികച്ച താരം. ബാറ്റ്‌ കൊണ്ടും പന്ത്‌ കൊണ്ടും മാന്ത്രിക പ്രകടനങ്ങൾ നടത്തിയ യുവരാജ്‌ പല മൽസരങ്ങളും ഇന്ത്യക്കനുകൂലമാക്കി മാറ്റി. അയർലന്റിനെതിരെയുള്ള 50 റൺസും അഞ്ച്‌ വിക്കറ്റും, ഇംഗ്ലണ്ട്‌, അയർലന്റ്‌ എന്നിവർക്കെതിരെയുള്ള അർധ സെഞ്ച്വറി, വെസ്റ്റ്‌ ഇൻഡീസിനെതിരെ നടത്തിയ സെഞ്ച്വറി പ്രകടനം, പിന്നെ ക്വാർട്ടറിൽ ഓസീസിനെതിരെ നടത്തിയ ബാറ്റിംഗ്‌ മികവും. 362 റൺസും 15 വിക്കറ്റുകളുമായി അയാൾ അന്ന് ആ ടൂർണമെന്റിൽ സ്വന്തം പേര്‌ തുന്നിച്ചേർത്തു. ഒരു ലോകകപ്പ്‌ കൂടെ അടുത്ത്‌ വരികയാണ്‌. എട്ട്‌ വർഷത്തിനപ്പുറം ഇന്ത്യ നടത്തിയ ആ മഹാ പ്രകടനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്‌ മറ്റൊരു ലോക കിരീടം കൂടെ ടീം ഇന്ത്യ നേടുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം. അത്‌ വരെ വാങ്കഡേയിലെ ആ രാത്രിയെ പറ്റിയുള്ള നല്ല ഓർമ്മകൾ നമുക്ക്‌ അയവിറക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!