ഇവർ ഐ.പി.എല്ലിന്റെ താരങ്ങൾ

ഒടുവിൽ ഐപിഎല്ലിന്റെ തിരിതാഴ്ന്നു. ആവേശകരമായ ഫൈനലിനൊടുവിൽ ഒരു റൺസിന്‌ ചെന്നൈയെ കീഴടക്കി മുംബൈ ഇന്ത്യൻസ്‌ ഇത്തവണ കിരീടം കൈപ്പിടിയിലൊതുക്കി. ലീഗിൽ ഇത്തവണ ഏറ്റുമുട്ടിയ മൽസരങ്ങളിലെല്ലാം മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. നാലോവറിൽ 14 റൺസ്‌ മാത്രം വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തിയ ബുംറയാണ്‌ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌.

ഏറ്റവും കൂടുതൽ വിക്കറ്റ്‌ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്‌ ചെന്നൈയുടെ സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനാണ്‌. 26 വിക്കറ്റുകളാണ്‌ താരം ടൂർണമെന്റിൽ വീഴ്ത്തിയത്‌. ചെന്നൈയുടെ കുതിപ്പിൽ ഈ വെറ്ററൻ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു.
ഏറ്റവും കൂടുതൽ റൺസ്‌ നേടിയ താരം സൺ റൈസേഴ്‌സിന്റെ ഡേവിഡ്‌ വാർണറാണ്‌. വെറും 12 മൽസരങ്ങളിൽ നിന്നായി 692 റൺസാണ്‌ വാർണർ അടിച്ച്‌ കൂട്ടിയത്‌. വേറെ ആരും ഇത്തവണ 600 റൺസെന്ന കടമ്പ കടന്നിട്ടില്ല.
ഏറ്റവും വിലയേറിയ താരമായി കൊൽക്കത്തയുടെ ആന്ദ്രെ റസൽ തിരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയെ പല മൽസരങ്ങളിലും ഒറ്റക്കായിരുന്നു റസൽ തോളിലേറ്റിയത്‌. സൂപ്പർ സ്‌ട്രൈക്കർ അവാർഡും താരത്തിന്‌ തന്നെയാണ്‌. റസലിന്റെ ബാറ്റിൽ നിന്ന് പറന്ന സിക്‌സറുകൾ കായിക പ്രേമികൾക്ക്‌ മികച്ച വിരുന്നാണ്‌ സമ്മാനിച്ചത്‌. ഈ സീസണിലെ എമർജിംഗ്‌ താരമായി കൊൽക്കത്തയുടെ തന്നെ ശുഭ്‌മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. 124. 30 എന്ന സ്‌ട്രൈക്ക്‌ റേറ്റിൽ ബാറ്റ്‌ വീശിയ പത്തൊമ്പതുകാരൻ ടോപ്‌ ഓർഡറിൽ മൂന്ന് അർധ സെഞ്ച്വറിയും നേടി.
മുംബൈ ഇന്ത്യൻസിന്റെ കീറോൺ പൊള്ളാർഡിനാണ്‌ പെർഫക്‌ട്‌ ക്യാച്ചിനുള്ള അവാർഡ്‌. ലീഗ്‌ ഘട്ടത്തിൽ ചെന്നൈയുടെ സുരേഷ്‌ റൈനയെ ഡീപ്‌ പോയിന്റിൽ ക്യാച്ചെടുത്ത്‌ പുറത്താക്കിയതിനാണ്‌ ഈ അവാർഡ്‌. ഫെയർ പ്ലേ അവാർഡ്‌ ഇത്തവണ സ്വന്തമാക്കിയത്‌ സൺ റൈസേഴ്‌സ്‌ ഹൈദരാബാദാണ്‌. മികച്ച പിച്ചിനും ഗ്രൗണ്ടിനുമുള്ള അവാർഡ്‌ പഞ്ചാബ്‌, ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷനുകൾ പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!