ഒരു സ്പോട്ട്, നാലുടീമുകൾ : സാദ്ധ്യതകൾ ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് അന്ത്യത്തോടടുക്കവേ മൂന്ന് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറ്റമുറപ്പിച്ചുകഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻ എന്നിവർ പ്ലേ ഓഫുറപ്പിച്ചപ്പോൾ തുടക്കത്തിലേ കിതച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് മടക്കടിക്കറ്റും ലഭിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന ഏക പ്ലേ ഓഫ് സ്ഥാനത്തിനായി പോരാടുന്നത് നാലുടീമുകൾ. ഇന്നും നാളെയുമായി അരങ്ങേറുന്ന അവസാനറൗണ്ടിലെ മത്സരങ്ങൾ കൂടെ കഴിഞ്ഞാലേ പ്ലേ ഓഫ് ചിത്രം വ്യക്തമാവൂ എന്നിരിക്കെ ടീമുകളുടെ സാദ്ധ്യതകൾ ഇങ്ങനെയാണ്

സൺറൈസേഴ്‌സ് ഹൈദരാബാദ്

അവസാനമത്സരത്തിൽ ബാംഗ്ലൂർ റോയൽചലഞ്ചേഴ്സിനെ മറികടക്കാനായാൽ ഹൈദരാബാദിന് പ്ലേ ഓഫ് ഏതാണ്ടുറപ്പിക്കാം. മികച്ച നെറ്റ് റൺറേറ്റുള്ളതിനാൽ കൊൽക്കത്തയും 14 പോയിന്റിൽ എത്തിയാലും സൺറൈസേഴ്സിന് തന്നെയാണ് പ്ലേ ഓഫ് സാധ്യത. ഇരുടീമുകളും തോൽക്കുകയാണെങ്കിൽ രാജസ്ഥാന്റെ മത്സരഫലം കൂടി ആശ്രയിച്ചിരിക്കും ടീമിന്റെ ഭാവി. ബാംഗ്ലൂരിനെ ഉയർന്ന മാർജിനിൽ പരാജയപ്പെടുത്താനായാൽ ടീമിന് മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ തന്നെ പ്ലേ ഓഫിൽ കയറാം.

കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്

മുംബൈയെ കീഴടക്കുകയും ഒപ്പം സൺറൈസേഴ്‌സ് തോൽവി ഏറ്റുവാങ്ങുകയും ചെയ്താൽ കൊൽക്കത്തയ്ക്ക് മുന്നേറാം. ഇരുവരും ജയിക്കുകയാണെങ്കിൽ നെറ്റ് റൺറേറ്റാവും പ്ലേ ഓഫ് സ്പോട്ട് തീരുമാനിക്കുക. മുംബൈയോട് തോൽവി പിണഞ്ഞാൽ ഹൈദരാബാദ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ ടീമുകളും ഉയർന്ന മാർജിനിൽ തോൽക്കുക എന്നതാണ് ടീമിന് മുന്നിലുള്ള പോംവഴി. നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലുള്ള പഞ്ചാബ് ഭീഷണിയുയർത്തില്ലെങ്കിലും രാജസ്ഥാൻ വിജയിച്ചാൽ അവർ 13 പോയിന്റിലെത്തുമെന്നതിനാൽ കൊൽക്കത്തയ്ക്കും അവസാനത്തേത് ജീവൻ മരണ പോരാട്ടമാണ്.

രാജസ്ഥാൻ റോയൽസ്

സൺറൈസേഴ്‌സ്, കൊൽക്കത്ത എന്നിവരിൽ ആരെങ്കിലും വിജയിച്ചാൽ രാജസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്താകും. ഇരുവരും തോൽക്കുകയും അവസാനമത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തുകയും ചെയ്താൽ രാജസ്ഥാന് പ്ലേഓഫിലെത്താം. ഒരുമത്സരം മഴ കൊണ്ടുപോയതിനാൽ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം നെറ്റ് റൺറേറ്റിന് പ്രസക്തിയില്ല.

കിങ്സ് ഇലവൻ പഞ്ചാബ്

നേരിയ പ്രതീക്ഷ മാത്രം ബാക്കിയുള്ള പഞ്ചാബ് മുന്നേറണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. സാദ്ധ്യതയുള്ള മൂന്ന് ടീമുകളും വൻമാർജിനിൽ തോൽക്കുകയും ചെന്നൈയെ വലിയ മാർജിനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ അശ്വിനും സംഘത്തിനും മുന്നോട്ടുള്ള പ്രയാണം സാധ്യമാവൂ. നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലായതിനാൽ വിജയിച്ചാലും ടീമിന് വലിയ പ്രതീക്ഷയില്ലെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!