ഡൽഹിയെ തകർത്ത് മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് മിന്നുംജയം. ആദ്യം ബാറ്റുചെയ്ത മുംബൈ 168 റൺസെടുത്തപ്പോൾ ഡൽഹിയുടെ ഇന്നിംഗ്സ് 128 റൺസിൽ അവസാനിക്കുകയായിരുന്നു. പാണ്ഡ്യ സഹോദരന്മാരുടെ തകർപ്പൻ പ്രകടനമാണ് മുംബൈക്ക് 40 റൺസിന്റെ വിജയം നേടിക്കൊടുത്തത്.

തീർത്തും പ്രവചനാതീതമായി പെരുമാറിയ പിച്ചിൽ നല്ലതുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. പൃഥ്വി ഷാ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ലെങ്കിലും ശിഖർ ധവാന്റെ കടന്നാക്രമണത്തിലൂടെ പവർ പ്ലേ പരമാവധി മുതലെടുക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. എന്നാൽ രാഹുൽ ചാഹർ പന്തെറിയാനെത്തിയതോടെ കളിയുടെ ഗതി പാടെ തകിടംമറിഞ്ഞു. തന്റെ ആദ്യഓവറിൽ ശിഖർ ധവാനെ ക്ലീൻബൗൾഡാക്കിയ താരം അടുത്ത ഓവറിൽ ഷായെ ഹാർദ്ദിക്‌ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. അടുത്ത രണ്ടോവറുകളിലായി കോളിൻ മൺറോയെയും നായകൻ ശ്രേയസ് അയ്യരേയും നഷ്ട്ടമായതോടെ ഡൽഹി മത്സരം കൈവിട്ടു. ഏഴാം വിക്കറ്റിൽ മോറിസും അക്‌സർ പട്ടേലും അൽപനേരം പിടിച്ചുനിന്നെങ്കിലും റൺറേറ്റിന്റെ സമ്മർദ്ദത്താൽ ബൗണ്ടറിക്ക് ശ്രമിച്ച മോറിസും വീണതോടെ കളിയുടെ ഫലംനിർണ്ണയിക്കപ്പെട്ടു. മുംബൈക്കായി രാഹുൽ ചാഹർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 35 റൺസെടുത്ത ധവാനാണ് ഡൽഹിയുടെ ടോപ്സ്കോററായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈക്ക്‌ വേണ്ടി ക്യാപ്റ്റൻ രോഹിത്‌ ശർമയും ക്വിന്റൺ ഡി കോക്കും മികച്ച തുടക്കമാണ്‌ നൽകിയത്‌. ആറോവറിൽ 57 റൺസ്‌ ഇരുവരും കൂട്ടിച്ചേർത്തു. 30 റൺസെടുത്ത രോഹിതും 35 റൺസെടുത്ത ഡി കോക്കും വീണതോടെ മുംബൈയുടെ റൺ റേറ്റ്‌ താഴ്‌ന്നു. ഡി കോക്കിനെ ഋഷഭ്‌ പന്ത്‌ റൺ ഔടാക്കുകയായിരുന്നു. രോഹിതിന്‌ ശേഷമെത്തിയ ബെൻ കട്ടിംഗ്‌ വളരെ വേഗം മടങ്ങി. അവസാന ഓവറുകളിൽ പാണ്ഡ്യ സഹോദരന്മാർ നടത്തിയ പ്രകടനമാണ്‌ മുംബൈയെ 168 എന്ന സ്കോറിലെത്തിച്ചത്‌. 15 പന്തിൽ മൂന്ന് സിക്‌സറടക്കം 32 റൺസ്‌ ഹാർദിക്‌ പാണ്ഡ്യ നേടി. ക്രുണാൽ 37 റൺസെടുത്ത്‌ പുറത്താകാതെ നിന്നു. ഐ.പി.എല്ലിൽ വിക്കറ്റ്‌ വേട്ടയിൽ മുന്നിലുള്ള റബാഡ രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!