പഞ്ചാബിനെ മറികടന്ന് ഡൽഹി : വിജയം അഞ്ചുവിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 163 റൺസെടുത്തപ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ ആതിഥേയർ ലക്ഷ്യം മറികടക്കുകയായിരുന്നു. 58 റൺസുമായി പുറത്താവാതെ നിന്ന നായകൻ ശ്രേയസ് അയ്യരുടെ പ്രകടനം വിജയത്തിൽ നിർണ്ണായകപങ്ക് വഹിച്ചു.

ബൗളിംഗ് പിച്ചിൽ പിന്തുടരാനിറങ്ങിയ ഡൽഹിക്ക് മോശമല്ലാത്ത തുടക്കമാണ് പൃഥ്വി ഷായും ധവാനും ചേർന്ന് നൽകിയത്. ആദ്യ ഓവറിൽ റണ്ണധികം പിറന്നില്ലെങ്കിലും ഇരുവരും പതിയെ താളംകണ്ടെത്തിത്തുടങ്ങി. ഇല്ലാത്ത റണ്ണിനോടിയ ഷായെ മൻദീപ് സിങ് റണ്ണൗട്ടാക്കിയതോടെ ഡൽഹിക്ക് ആദ്യവിക്കറ്റ് നഷ്ടമായി. വൺഡൗണായി ക്രീസിലെത്തിയ നായകൻ ശ്രേയസ് അയ്യർ മികച്ച രീതിയിൽ തുടങ്ങിയതോടെ ഡൽഹി ആത്മവിശ്വാസം വീണ്ടെടുത്തു. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിട്ട സഖ്യം ബൗണ്ടറികൾ കണ്ടെത്തി സമ്മർദ്ദം കുറക്കാനും മറന്നില്ല. 92 റൺസ് ചേർത്ത, ഇന്നിങ്സിന്റെ നട്ടെല്ലായിമാറിയ കൂട്ടുകെട്ടിനെ വില്ലെയോണാണ് ഒടുവിൽ പിരിച്ചത്. 56 റൺസെടുത്ത ധവാനെ മിഡ്‌വിക്കറ്റിൽ അശ്വിൻ പിടികൂടുകയായിരുന്നു. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ഋഷഭ് പന്തും പുറത്തായെങ്കിലും ഇൻഗ്രാമും ശ്രേയസ് അയ്യരും ചേർന്ന് ടീമിനെ കരയ്ക്കടുപ്പിച്ചു. അവസാനഘട്ടത്തിൽ ഇൻഗ്രാം പുറത്തായെങ്കിലും അവസാന ഓവറിൽ നായകൻ അയ്യർ ടീമിനെ വിജയവര കടത്തി.

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബിന്‌ വേണ്ടി ഗെയ്‌ലും മൻദീപ്‌ സിംഗും മാത്രമാണ്‌ തിളങ്ങിയത്‌. ടീം സ്കോർ 13ൽ നിൽക്കെ ഓപ്പണർ രാഹുലിനെ നഷ്‌ടമായ ആതിഥേയർക്ക്‌ 42 റൺസിൽ രണ്ടാം വിക്കറ്റായി രണ്ട്‌ റൺസ്‌ മാത്രമെടുത്ത മായങ്ക്‌ അഗർവാളിനേയും നഷ്‌ടമായി. മില്ലറും വളരെ വേഗം പുറത്തായെങ്കിലും ഒരറ്റത്ത്‌ ഗെയ്‌ൽ വെടിക്കെട്ട്‌ തുടർന്നു. 37 പന്തിൽ അഞ്ച്‌ സിക്‌സറടക്കം 67 റൺസ്‌ നേടിയാണ്‌ ഗെയ്‌ൽ പുറത്തായത്‌. അവസാന ഓവറുകളിൽ ബ്രാറും ക്യാപ്റ്റൻ അശ്വിനും ചേർന്ന് ടീം സ്കോർ 163ലെത്തിച്ചു. ഡൽഹിക്കായി സന്ദീപ്‌ ലാമിച്ചാനെ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, റബാദ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതവും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!