ഹൈദരാബാദ് വീണു : ഫൈനലിനരികെ ഡൽഹി

ഇന്ത്യൻ പ്രീമിയർ ലീഗ് ക്വാളിഫയറിൽ ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. വിശാഖപട്ടണത്ത് അരങ്ങേറിയ മത്സരത്തിൽ ഹൈദരാബാദ് കുറിച്ച 163 റൺസിന്റെ വിജയലക്ഷ്യം ഒരുപന്ത് ബാക്കിനിൽക്കെ എട്ടുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിടുന്നു. പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെയും മാസ്മരിക പ്രകടനമാണ് ടീമിന് വിജയം നേടിക്കൊടുത്തത്. തോൽവിയോടെ ഹൈദരാബാദ് പുറത്തായപ്പോൾ അടുത്ത മത്സരത്തിൽ ചെന്നൈയെ മറികടക്കാനായാൽ ഡൽഹിക്ക് ഫൈനലിൽ ഇടംനേടാം.

ആദ്യം ബാറ്റ്‌ ചെയ്ത ഹൈദരാബാദിന്‌ മികച്ച തുടക്കമാണ്‌ ലഭിച്ചത്‌. വാർണർക്ക്‌ പകരമെത്തിയ മാർട്ടിൻ ഗപ്റ്റിൽ പവർ പ്ലേയിൽ അടിച്ച്‌ തകർത്തു. വൃദ്ധിമാൻ സാഹ എട്ട്‌ റൺസുമായി മടങ്ങിയെങ്കിലും ഗപ്റ്റിലിന്റെ മികവ്‌ ആദ്യ ഓവറുകളിൽ ടീമിന്‌ തുണയായി. 19 പന്തിൽ നാല്‌ സിക്‌സറടക്കം 36 റൺസാണ്‌ താരം നേടിയത്‌. പിന്നീടെത്തിയ മനീഷ്‌ പാണ്ഡേയും കെയ്ൻ വില്യംസണും വിക്കറ്റ്‌ പോകാതെ ബാറ്റ്‌ വീശിയെങ്കിലും റൺ റേറ്റ്‌ നിലനിർത്താൻ ഇരുവർക്കുമായില്ല. മനീഷ്‌ 30 റൺസും വില്യംസൺ 27 റൺസുമാണ്‌ നേടിയത്‌. പിന്നീട്‌ വിജയ്‌ ശങ്കറിന്റേയും നബിയുടേയും കാമിയോ ഇന്നിംഗ്‌സുകൾ ടീം സ്കോർ 160 കടത്തി. അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ വീണതോടെ ഹൈദരാബാദ്‌ സ്കോർ 162ൽ അവസാനിച്ചു. വിജയ്‌ ശങ്കർ 11 പന്തിൽ നിന്ന് 25 റൺസ്‌ നേടി. ഡൽഹിക്കായി കീമോ പോൾ മൂന്ന് വിക്കറ്റും ഇശാന്ത്‌ ശർമ രണ്ട്‌ വിക്കറ്റും വീഴ്ത്തി.

മികച്ച ബൗളിംഗ് നിരയുള്ള ഹൈദരാബാദിനെ തെല്ലും ഭയക്കാതെയാണ് ധവാനും പൃഥ്വി ഷായും ബാറ്റുവീശിത്തുടങ്ങിയത്. പവർപ്ലേയിൽ ഷാ അടിച്ചുതകർത്തപ്പോൾ ധവാൻ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ ചെലുത്തി. മലയാളി താരം ബേസിൽ തമ്പിയുടെ കൈകളിലൂടെ ജീവൻ നീട്ടിക്കിട്ടിയ ഷാ സ്പിന്നിനെയും പേസിനെയും ഒരേ മികവോടെ നേരിട്ടു. 17 റൺസെടുത്ത ധവാനെ പാർട്ട്‌ ടൈം സ്പിന്നർ ഹൂഡയുടെ പന്തിൽ സാഹ സ്റ്റമ്പ് ചെയ്ത് പുറത്താക്കുമ്പോഴേക്കും ഡൽഹി 7.3 ഓവറിൽ 66 റൺസ് പിന്നിട്ടിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ഷാ വീണ്ടും ടീമിനെ മുന്നോട്ടുനയിച്ചെങ്കിലും ഖലീൽ അഹമ്മദ് തന്റെ രണ്ടാം ഓവറിൽ ഇരുവരേയും മടക്കി. 56 റൺസെടുത്ത, ഇന്നിങ്സിന്റെ നട്ടെല്ലായ ഷാ വീണതോടെ ഡൽഹി പതറിത്തുടങ്ങി. പതിനഞ്ചാം ഓവറിൽ ഒരുറൺ പോലും വിട്ടുകൊടുക്കാതെ മൺറോയേയും അക്സറിനേയും റാഷിദ്‌ ഖാൻ പുറത്താക്കിയതോടെ ഡൽഹി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഋഷഭ് പന്തും റുഥർഫോർഡും ക്രീസിൽനിൽക്കെ അവസാന നാലോവറിൽ 42 റൺസായിരുന്നു ടീമിനാവശ്യം. റണ്ണെടുക്കാൻ റുഥർഫോർഡേറെ പണിപ്പെട്ടെങ്കിലും മറുവശത്ത് പന്ത് തകർപ്പൻ കളി കെട്ടഴിച്ചു. ബേസിൽ തമ്പിയെറിഞ്ഞ 17ആം ഓവറിലെ ആദ്യനാലുപന്തുകളും പന്ത് അടിച്ചകറ്റിയതോടെ വിജയസാദ്ധ്യത കീഴ്മേൽ മറിഞ്ഞു. 21 പന്തിൽ നിന്നും അഞ്ചുപടുകൂറ്റൻ സിക്സറുകളടക്കം 49 റൺസെടുത്ത താരം ബൗണ്ടറിയിലൂടെ വിജയം കയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായെങ്കിലും നാടകീയത നിറഞ്ഞ അവസാന ഓവറിനൊടുവിൽ ഡൽഹി പടിക്കൽ കലമുടയ്ക്കാതെ വിജയതീരമണഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!