ഒന്നാമതെത്തി മുംബൈ, പ്ലേ ഓഫ് ചിത്രം വ്യക്തം

ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാനറൗണ്ടിൽ ഉജ്ജ്വലവിജയവുമായി മുംബൈ ടേബിൾ തലപ്പത്ത്. കൊൽക്കത്തയുയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം ഒൻപത് വിക്കറ്റുകൾ ശേഷിക്കെ മറികടന്ന മുംബൈ നെറ്റ് റൺറേറ്റിലാണ് ചെന്നൈയെ രണ്ടാമതാക്കിയത്. ചെന്നൈ നേരത്തേ പഞ്ചാബിനോട് തോറ്റിരുന്നു. കൊൽക്കത്തയുടെ തോൽവിയോടെ അവസാന പ്ലേ ഓഫ് ബർത്ത് സൺറൈസേഴ്‌സ് സ്വന്തമാക്കി.

വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ മത്സരത്തിൽ തീർത്തും നിരുത്തരവാദപരമായാണ് കൊൽക്കത്തൻ താരങ്ങൾ ബാറ്റുവീശിയത്. 40 റൺസെടുക്കാൻ റോബിനുത്തപ്പ നേരിട്ടത് 47 പന്തുകൾ ! ഒച്ചിഴയും വേഗത്തിൽ മുന്നോട്ട് നീങ്ങിയ സ്കോറിനെ ഒടുവിൽ നിതീഷ് റാണയാണ് അല്പമെങ്കിലും മെച്ചപ്പെട്ട നിലയിലേക്കെത്തിച്ചത്. ഉയർന്ന നെറ്റ് റൺറേറ്റോടെ വിജയിച്ചാൽ ടേബിൾ തലപ്പത്തെത്താമെന്ന കണക്കുകൂട്ടലുമായി പിന്തുടരാനിറങ്ങിയ മുംബൈ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 30 റൺസെടുത്ത ഡികോക്കിന്റെ വിക്കറ്റ് മാത്രമാണ് ടീമിന് നഷ്ടമായത്. രോഹിത് 55 റൺസുമായും സൂര്യകുമാർ യാദവ് 46 റൺസുമായും പുറത്താവാതെ നിന്നു.

നേരത്തെ വൈകിട്ട്‌ നടന്ന മൽസരത്തിൽ കിംഗ്‌സ്‌ ഇലവൻ പഞ്ചാബ്‌ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ്‌ വിക്കറ്റിന്‌ കീഴടക്കി. ചെന്നൈ 20 ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ ഉയർത്തിയ 170 എന്ന സ്കോർ പഞ്ചാബ്‌ രണ്ടോവർ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
55 പന്തിൽ 96 റൺസ്‌ നേടിയ ഫാഫ്‌ ഡു പ്ലെസിസും 53 റൺസ്‌ നേടിയ സുരേഷ്‌ റൈനയും ചെന്നൈ ബാറ്റിംഗ്‌ നിരയിൽ തിളങ്ങി. പഞ്ചാബിനായി സാം കറൻ മൂന്ന് വിക്കറ്റ്‌ വീഴ്ത്തി.
36 പന്തിൽ നിന്ന് 71 റൺസ്‌ നേടിയ കെ.എൽ രാഹുലാണ്‌ പഞ്ചാബിന്റെ വിജയ ശിൽപി. 36 റൺസെടുത്ത നിക്കൊളാസ്‌ പൂരനും വിജയത്തിൽ നിർണായക പങ്ക്‌ വഹിച്ചു. ചെന്നൈക്കായി ഹർഭജൻ സിംഗ്‌ മൂന്ന് വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!