ഹൈദരാബാദിനെ വീഴ്ത്തി ബാംഗ്ലൂർ, രാജസ്ഥാൻ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂരിനും രാജസ്ഥാനെതിരെ ഡൽഹിക്കും വിജയം. തോൽവിയോടെ രാജസ്ഥാൻ ടൂർണമെന്റിൽനിന്നും പുറത്തായപ്പോൾ സൺറൈസേഴ്സിന്റെ സാധ്യതകൾക്കും മങ്ങലേറ്റു. നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോല്പിക്കാനായാൽ കൊൽക്കത്ത ഹൈദരാബാദിനെ മറികടന്ന് പ്ലേഓഫിലേക്ക് മുന്നേറും.

ടോസ് നേടിയ വിരാട് കോഹ്‌ലിയാൽ ബാറ്റിങിനയക്കപ്പെട്ട സൺറൈസേഴ്‌സ് നിശ്ചിത ഇരുപതോവറിൽ 175 റൺസ് അടിച്ചെടുത്തു. നായകൻ കെയിൻ വില്യംസൺ മുന്നിൽനിന്ന് നയിച്ചതോടെയാണ് ടീം മികച്ച സ്കോറിലേക്കെത്തിയത്. ഗപ്റ്റിലും സാഹയും ചേർന്ന് ടീമിന് തരക്കേടില്ലാത്ത തുടക്കമേകിയപ്പോൾ മനീഷ് പാണ്ഡെ ഇത്തവണ നിറംമങ്ങി. വിജയ് ശങ്കറിനൊപ്പം വില്യംസൺ സ്കോർ ചലിപ്പിച്ചതോടെ ബാംഗ്ലൂർ പിന്നാക്കംപോയെങ്കിലും പിന്നീട് വന്നവരെ വേഗം മടക്കാൻ ടീമിനായി. അവസാന ഓവറിൽ ഉമേഷ്‌ യാദവ് ഏറെ റൺ വിട്ടുകൊടുത്തതോടെയാണ് സ്കോർ 175ൽ എത്തിയത്. വില്യംസണും ഭുവനേശ്വറും ചേർന്ന് 28 റൺസാണ് അവസാനഓവറിൽ അടിച്ചെടുത്തത്. ബാംഗ്ലൂരിനായി വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പിന്തുടരാനിറങ്ങിയ ബാംഗ്ലൂരിന് മൂന്ന് മുൻനിര വിക്കറ്റുകൾ മൂന്നോവർ തികയുംമുൻപ് നഷ്ടമായെങ്കിലും സീസണിലാദ്യമായി തിളങ്ങിയ വിൻഡീസ് താരം ഹെയ്റ്റ്മെയർ ബാംഗ്ലൂരിന് വിജയമേകി. ഗുർകീരതിനൊപ്പം സെഞ്ചുറികൂട്ടുകെട്ടുണ്ടാക്കിയ താരം 75 റൺസുമായി മടങ്ങുമ്പോഴേക്കും ടീം വിജയമുറപ്പിച്ചിരുന്നു. ഗുർകീരത് 65 റൺസെടുത്തു. അവസാനഘട്ടത്തിൽ തെല്ലൊന്ന് പതറിയെങ്കിലും അവസാനഓവറിൽ ബാംഗ്ലൂർ വിജയതീരമണയുകയായിരുന്നു.

നേരത്തെ വൈകിട്ട്‌ നടന്ന മൽസരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ രാജസ്ഥാൻ റോയൽസിനെ അഞ്ച്‌ വിക്കറ്റിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‌ നിശ്ചിത ഓവറിൽ ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 115 റൺസെടുക്കാനെ സാധിച്ചുള്ളൂ. റിയാൻ പരാഗ്‌ രാജസ്ഥാനായി അർധ സെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ്‌ വീതം വീഴ്ത്തിയ അമിത്‌ മിശ്രയും ഇശാന്ത്‌ ശർമയും രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തിയ ട്രെന്റ്‌ ബോൾട്ടുമാണ്‌ രാജസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കിയത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 16.1 ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. ഋഷഭ്‌ പന്ത്‌ പുറത്താകാതെ നേടിയ 53 റൺസാണ്‌ ആതിഥേയർക്ക്‌ തുണയായത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!