ചെന്നൈക്കെതിരെ നാലാം ജയം, മുംബൈക്ക് നാലാം കിരീടം

ഐപിഎല്ലിൽ തങ്ങളുടെ നാലാം കിരീടം കയ്യിലേന്തി മുംബൈ ഇന്ത്യൻസ്. ആവേശമലതല്ലിയ കലാശപ്പോരിൽ ചെന്നൈ സൂപ്പർകിങ്സിനെ ഒറ്റൺസിന് തോൽപിച്ചാണ് നീലപ്പട നാലാംകിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മുൻപ് മൂന്ന് തവണ മുംബൈയോട് തോൽവിയേറ്റുവാങ്ങിയ ചെന്നൈ വാട്സന്റെ 80 റൺസ് കരുത്തിൽ പൊരുതിനോക്കിയെങ്കിലും 150 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് എത്തിപ്പെടാനാവാതെ പോവുകയായിരുന്നു. ബാറ്റേന്തിയവരത്ര ശോഭിച്ചില്ലെങ്കിലും ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെയാണ് മുംബൈ വിജയം സ്വന്തമാക്കിയത്.

ഡൽഹിക്കെതിരായ രണ്ടാം ക്വാളിഫയറിലേതുപോലെ, കരുതലോടെയാണ് ചെന്നൈ ബാറ്റിംഗ് ആരംഭിച്ചത്. അതിസാഹസത്തിന് മുതിരാതെ ക്ഷമയോടെ മൂന്നോവർ പിന്നിട്ട ടീം നാലാം ഓവർ മുതൽ ഗിയർ മാറ്റാനുള്ള ശ്രമമാരംഭിച്ചു. ബൗണ്ടറിക്കുള്ള ശ്രമത്തിനിടെ ഡുപ്ലെസിസിന്റെ വിക്കറ്റ് നാലാമോവറിൽ വീണെങ്കിലും കൂടുതൽ നഷ്ട്ടങ്ങളില്ലാതെ ഒൻപതോവറിൽ എഴുപത് റൺസെന്ന നിലയിലേക്കെത്താൻ ടീമിനായി. പതിയെ ചെന്നൈക്കനുകൂലമായിത്തുടങ്ങിയ മത്സരത്തിന്റെ ഗതി പത്താമോവർ മുതൽ മാറാൻ തുടങ്ങി. രാഹുൽ ചാഹറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ റെയ്‌ന എട്ടുറൺസുമായി പുറത്ത്. ടീമിന് കളിയിലേക്ക് തിരിച്ചുവരാനിത്‌ സുവർണ്ണാവസരമെന്ന് മനസിലാക്കിയ രോഹിത്ത് അടുത്ത ഓവർ ബുംറയെ ഏൽപ്പിച്ചു. നായകന്റെ വിശ്വാസംകാത്ത ബുംറ റായുഡുവിനെ മടക്കി. ചാഹർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടിയതോടെ കളി മെല്ലെ മുംബൈയുടെ കൈകളിലേക്ക്. ഓവർത്രോയിൽ നിന്നും റൺസ് കണ്ടെത്താനുള്ള പരിശ്രമത്തിനിടെ എട്ടുപന്തിൽ രണ്ടുറൺസ് മാത്രമെടുത്ത ധോണിയും വീണതോടെ ചെന്നൈ അപകടംമണത്തുതുടങ്ങി. അവസാനഅഞ്ചോവറിൽ ടീമിന് വേണ്ടിയിരുന്നത് 62 റൺസ്. മലിംഗയെറിഞ്ഞ അടുത്ത ഓവറിൽ ആഞ്ഞടിച്ച വാട്സൺ അടിച്ചെടുത്തത് 20 റൺസ്. ബുംറയുടെ അടുത്ത ഓവറിൽ വാട്സണെ മടക്കാൻ മുംബൈക്ക് അവസരം ലഭിച്ചെങ്കിലും ചാഹറിനത് മുതലാക്കാനായില്ല. അടുത്ത ഓവറിൽ കൃണാൽ പാണ്ഡ്യയെ തുടരെ മൂന്ന് സിക്സർ പറത്തിയാണ് വാട്സൺ വീണുകിട്ടിയ ആയുസാഘോഷിച്ചത്. അടുത്തഓവറിയാനെത്തിയ ബുംറ ബ്രാവോയെ മടക്കിയെങ്കിലും അവസാനപന്ത് ക്വിന്റൺ ഡികോക്കിന്റെ പിഴവിലൂടെ ബൗണ്ടറിയിലെത്തി. അവസാന ഓവറിൽ കപ്പ് കയ്യിലൊതുക്കാൻ ചെന്നൈക്ക് വേണ്ടത് 9 റൺസ്. ഇല്ലാത്ത രണ്ടാംറണ്ണിനോടി നാലാം പന്തിൽ വാട്സൺ പുറത്തായതോടെ അവസാനരണ്ട് പന്തിൽ വിജയത്തിന് വേണ്ടത് നാല് റൺസ്. ലെഗ്ഗിലേക്ക് പന്തുതട്ടിയിട്ട് ശാർദൂൽ താക്കൂർ രണ്ടുറൺസ് ഓടിയെടുത്തതോടെ അവസാനപന്തിൽ വേണ്ടത് രണ്ട് റൺസ്. വിക്കറ്റ് ലക്ഷ്യമാക്കി മലിംഗ തൊടുത്തുവിട്ട പന്ത് പതിച്ചത് താക്കൂറിന്റെ കാലുകളിൽ. അമ്പയറുടെ വിരലാകാശത്തിലേക്ക്..കിരീടം മുംബൈയുടെ അക്കൗണ്ടിലേക്ക്.

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്ത മുംബൈക്ക്‌ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും രോഹിത്‌ ശർമയും മികച്ച തുടക്കമാണ്‌ നൽകിയത്‌. എന്നാൽ ടീം സ്കോർ 45ൽ നിൽക്കെ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഡി കോക്ക്‌ പുറത്തായത്‌ മുംബൈക്ക്‌ തിരിച്ചടിയായി. തൊട്ട്‌ പിന്നാലെ സ്കോർ ബോർഡ്‌ ചലിക്കുന്നതിന്‌ മുമ്പ്‌ 15 റൺസെടുത്ത ക്യാപ്റ്റൻ രോഹിത്‌ ശർമയും കൂടാരം കയറി. പിന്നാലെയെത്തിയ ഇഷൻ കിഷനും സൂര്യകുമാർ യാദവും നങ്കൂരമിട്ട്‌ കളിക്കാനാണ്‌ ശ്രമിച്ചത്‌. സൂര്യകുമാർ യാദവിന്‌ ശേഷമെത്തിയ കൃണാൽ പാണ്ഡ്യക്ക്‌ ഒന്നും ചെയ്യാനായില്ല. പിന്നീട്‌ ക്രീസിലെത്തിയ പൊള്ളാർഡിന്റെ വെടിക്കെട്ടാണ്‌ മുംബൈ ഇന്നിംഗ്‌സിന്റെ ഗതി വീണ്ടും മാറ്റിയത്‌. ഹർദിക്‌ പാണ്ഡ്യയെ കൂട്ട്‌ പിടിച്ച്‌ പൊള്ളാർഡ്‌ ടീം സ്കോർ 140 കടത്തി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ്‌ വീണത്‌ മികച്ച്‌ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് മുംബൈയെ തടഞ്ഞു. 25 പന്തിൽ നിന്ന് മൂന്ന് സിക്‌സറടക്കം 41 റൺസ്‌ നേടിയ പൊള്ളാർഡ്‌ പുറത്താകാതെ നിന്നു. ചെന്നൈക്കായി ദീപക്‌ ചഹർ മൂന്ന് വിക്കറ്റും ഇമ്രാൻ താഹിർ, ഷർദുൽ താക്കൂർ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!