റൺമഴക്കൊടുവിൽ ബാംഗ്ലൂരിന് രണ്ടാം ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടാം വിജയം. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ട ടീം 10 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തിൽ 213 റൺസ് നേടിയപ്പോൾ കൊൽക്കത്തയുടെ മറുപടി 203 റൺസിലൊതുങ്ങി.

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെയിൽ സ്റ്റെയ്ൻ ബാംഗ്ലൂർ ജേഴ്സിയണിഞ്ഞ മത്സരത്തിൽ പുത്തനൂർജ്ജത്തോടെയാണ് സന്ദർശകർ പന്തെറിഞ്ഞുതുടങ്ങിയത്. അപകടകാരിയായ ക്രിസ് ലിന്നിനെ ആദ്യ ഓവറിൽ തന്നെ സ്റ്റെയ്ൻ പുറത്താക്കിയപ്പോൾ നരെയ്നെ നവദീപ് സെയ്നിയും വൈകാതെ മടക്കി. മൂന്നാമനായിറങ്ങിയ ഗിൽ സ്റ്റെയ്നിന്റെ രണ്ടാം ഇരയായി മാറിയതോടെ ബാംഗ്ലൂർ കളിയിൽ പിടിമുറുക്കി. അടുത്ത വിക്കറ്റിൽ റോബിൻ ഉത്തപ്പയും നിതീഷ് റാണയും ക്രീസിൽ ഉറച്ചുനിന്നെങ്കിലും ഉത്തപ്പയുടെ മെല്ലെപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിച്ചു. ഒരറ്റത്ത് വേണ്ട റൺറേറ്റിനോട് നിതീഷ് നീതിപുലർത്തിയെങ്കിലും ഉത്തപ്പ തീർത്തും നിറംമങ്ങി. 9 റണ്ണുമായി ഒടുവിൽ മടങ്ങുമ്പോഴേക്കും ഉത്തപ്പ 20 വിലപ്പെട്ട പന്തുകൾ നേരിട്ടുകഴിഞ്ഞിരുന്നു. കൂറ്റനടിക്കാരൻ റസ്സൽ റാണയ്ക്ക് കൂട്ടായെത്തിയതോടെ കൊൽക്കത്തൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. അപ്രാപ്യമെന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ഇരുവരും ചേർന്ന് ടീമിനെ അടുപ്പിച്ചുതുടങ്ങി. അർധസെഞ്ചുറി പിന്നിട്ട റാണയും പതിവുപോലെ സിക്സറുകളനായാസമുതിർത്ത റസ്സലും ചേർന്ന് വിജയിക്കാൻ 18 പന്തിൽ 61 എന്ന നിലയിലേക്ക് ടീമിനെയെത്തിച്ചു. സ്‌റ്റെയ്‌നെറിഞ്ഞ 18ആം ഓവറിൽ പിറന്നത് 18 റൺ. റസ്സൽ അർധസെഞ്ചുറി തികച്ച 19ആം ഓവറിൽ പിറന്നത് 19 റൺസ്. മൊയീൻ അലിയെറിഞ്ഞ അവസാന ഓവറിൽ വിജയലക്ഷ്യം 24. സിക്സറൊരെണ്ണം വഴങ്ങിയെങ്കിലും അലി മൂന്നാം പന്തിൽ റൺ വഴങ്ങാതിരുന്നതോടെ, 65 റൺസെടുത്ത റസ്സൽ പുറത്തായതോടെ, വിജയം ബാംഗ്ലൂരിന്റെ കീശയിൽ. നിതീഷ് റാണ 85 റൺസുമായി പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂരിന്‌ പതിഞ്ഞ തുടക്കമാണ്‌ ലഭിച്ചത്‌. ഓപ്പണർ പാർത്ഥിവിനെ തുടക്കത്തിൽ തന്നെ നഷ്‌ടമായ സന്ദർശകർ ആദ്യ ഓവറുകളിൽ റൺസ്‌ കണ്ടെത്താൻ വിഷമിച്ചു. ടീം സ്കോർ 59ൽ നിൽക്കെ രണ്ടാം വിക്കറ്റായി അക്ഷദീപ്‌ നാഥ്‌ പുറത്തായ ശേഷമെത്തിയ മൊയീൻ അലി മൽസരത്തിന്റെ ഗതി മാറ്റി. മൊയീൻ അലിയുടെ വെടിക്കെട്ടിനൊപ്പം ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലി കൂടെ ഗിയർ മാറ്റിയതോടെ ബാംഗ്ലൂർ സ്കോർ കുതിച്ച്‌ പാഞ്ഞു. സ്‌പിൻ ബൗളിംഗിനെ ഇരുവരും ഫലപ്രദമായി നേരിട്ടു. 16ആം ഓവറിൽ കുൽദീപ്‌ യാദവിനെ തുടർച്ചയായി സിക്‌സറിന്‌ പറത്തി മൊയീൻ അലി പുറത്താകുമ്പോൾ ടീം സ്കോർ 149ൽ എത്തിയിരുന്നു. 28 പന്തിൽ ആറ്‌ സിക്‌സറടക്കം 66 റൺസ്‌ നേടിയാണ്‌ മൊയീൻ അലി പുറത്തായത്‌. ശേഷം സ്റ്റോയിണിസിനെ കൂട്ട്‌ പിടിച്ച്‌ വെടിക്കെട്ട്‌ തുടർന്ന കോഹ്‌ലി അവസാന ഓവറിൽ തന്റെ സെഞ്ച്വറി നേടി. 58 പന്തിൽ നാല്‌ സിക്സറും 9 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ 100 റൺസ്‌. കൊൽക്കത്ത ബൗളർമാരിൽ റസലും നരെയ്നും മാത്രമാണ്‌ എതിർ ബാറ്റിംഗ്‌ നിരയുടെ ചൂടറിയാതെ രക്ഷപ്പെട്ടത്‌. കൊൽക്കത്തയുടെ ഫീൽഡിങ്ങിലെ പിഴവുകളും റൺമല തീർക്കാൻ എതിരാളികളെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!