പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത, പഞ്ചാബ് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരായ നിർണ്ണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 183 റൺസെടുത്തപ്പോൾ കൊൽക്കത്ത മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇതോടെ കൊൽക്കത്ത പ്ലേ ഓഫിലേക്ക് കൂടുതലടുത്തപ്പോൾ പഞ്ചാബ് ടൂർണമെന്റിൽ നിന്നും പുറത്തായി.

വലിയ ലക്ഷ്യം കീഴടക്കാൻ ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് ഉഗ്രൻ തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞമത്സരത്തിലെ ഫോമിന്നും തുടർന്ന ശുബ്മാൻ ഗില്ലും,ക്രിസ് ലിന്നും ആദ്യം തൊട്ടേ ആഞ്ഞടിച്ചു. കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ച, 46 റൺസെടുത്ത ലിന്നിനെ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് ടൈ മടക്കുമ്പോഴേക്കും ആറോവറിൽ സ്കോർ അറുപത് പിന്നിട്ടിരുന്നു. ക്രീസിൽ നങ്കൂരമിട്ട് കളിച്ച ഗില്ലിന് തുടർന്നെത്തിയ ഉത്തപ്പയും റസ്സലും പിന്തുണയേകിയതോടെ സന്ദർശകർ മെല്ലെ ലക്ഷ്യത്തിലേക്കടുത്തു. അർധസെഞ്ചുറി പിന്നിട്ട ഗിൽ കാർത്തിക്കിനെ കൂട്ടുപിടിച്ച് 12 പന്തുകൾ ബാക്കി നിൽക്കെ ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഗിൽ 65 റൺസുമായി പുറത്താവാതെ നിന്നു.

നേരത്തേ ആദ്യം ബാറ്റ്‌ ചെയ്ത പഞ്ചാബിനെ പ്രതിരോധത്തിലാക്കിയാണ്‌ കൊൽക്കത്ത തുടങ്ങിയത്‌. സ്കോർ 22 എത്തിയപ്പോഴേക്കും ഓപ്പണർമാരായ ഗെയ്‌ലിനേയും രാഹുലിനേയും പഞ്ചാബിന്‌ നഷ്ടമായി. മലയാളി താരം സന്ദീപ്‌ വാര്യരാണ്‌ ഇരുവരേയും പുറത്താക്കിയത്‌. എന്നാൽ പിന്നീട്‌ ഒത്തുചേർന്ന നിക്കൊളാസ്‌ പൂരനും മായങ്ക്‌ അഗർവാളും സ്കോർ ബോർഡ്‌ ഉയർത്തി. 27 പന്തിൽ നിന്ന് 48 റൺസ്‌ നേടിയ ശേഷമാണ്‌ പൂരൻ പുറത്തായത്‌. പിന്നീടെത്തിയ സാം കറന്റെ വെടിക്കെട്ട്‌ ബാറ്റിംഗ്‌ പഞ്ചാബ്‌ സ്കോർ 183ലെത്തിച്ചു. 24 പന്തിൽ നിന്ന് 55 റൺസാണ്‌ താരം നേടിയത്‌. മൻന്ദീപ്‌ സിംഗ്‌ 25 റൺസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!