സൂപ്പർ ഓവറിൽ വിജയം: പ്ലേഓഫുറപ്പിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്ന മൂന്നാം ടീമായി മുംബൈ ഇന്ത്യൻസ്. സൂപ്പറോവർ വരെ നീണ്ട ആവേശപ്പോരിൽ ഹൈദരാബാദിനെ തോൽപിച്ചാണ് മുംബൈ പ്ലേഓഫിൽ ഇടമുറപ്പിച്ചത്. കൈവിട്ടെന്ന് കരുതിയ കളിയിൽ മനീഷ് പാണ്ഡെയിലൂടെ അവിശ്വസനീയതിരിച്ചുവരവ് നടത്തിയാണ് ഹൈദരാബാദ് മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടിയത്. താരം 71 റണ്ണുമായി പുറത്താവാതെ നിന്നു. തോറ്റെങ്കിലും ഹൈദരാബാദിന് അവസാനറൗണ്ടിലെ ഫലമനുകൂലമായാൽ മുന്നേറാം.

163 റൺസെന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ടീം പിന്നീട് കിതച്ചു. വാർണറുടെ അഭാവത്തിൽ ഓപ്പണറായെത്തിയ ഗപ്റ്റിലും, കീപ്പർ വൃദ്ധിമാൻ സാഹയും ചേർന്ന് നാലോവറിൽ 40 റൺസ് ചേർത്തെങ്കിലും സാഹ പുറത്തായതോടെ റണ്ണൊഴുക്ക് കുറഞ്ഞു. ഗപ്റ്റിലും നായകൻ വില്യംസണും നിലയുറപ്പിക്കും മുൻപ് മടങ്ങിയതോടെ ടീമിന്റെ പ്രതീക്ഷാഭാരം മനീഷ് പാണ്ഡെയിലായി. തുടക്കത്തിൽ ആക്രമിച്ച് കളിച്ച താരത്തിന് പക്ഷേ ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയാനാരംഭിച്ചതോടെ പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. അർധസെഞ്ചുറി കടന്ന മനീഷും അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയും ക്രീസിൽ നിൽക്കെ അവസാന മൂന്നോവറിൽ 41 റൺസായിരുന്നു ടീമിനാവശ്യം. ഇരുതാരങ്ങളും കഴിവിന്റെ പരമാവധി പുറത്തെടുത്തതോടെ ഹർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ വേണ്ടിയിരുന്നത് 17 റൺസ്. മൂന്നാം പന്തിൽ സിക്സറടിച്ച നബിയെ നാലാം പന്തിൽ പാണ്ഡ്യ മടക്കിയതോടെ അവസാനരണ്ടുപന്തിൽ വേണ്ടത് 9 റൺസ്. രണ്ടുറണ്ണോടിയെടുത്ത മനീഷ് അവസാനപന്ത് ലോങ്ങ്‌ ഓണിലൂടെ അതിർത്തികടത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്.

ടീമിനെ വിജയത്തിനടുത്തുവരെയെത്തിച്ച മനീഷ് – നബി സഖ്യത്തെ തന്നെയാണ് ഹൈദരാബാദ് സൂപ്പറോവർ നേരിടാനയച്ചത്. ആദ്യപന്തിൽ തന്നെ ഇല്ലാത്ത രണ്ടാംറണ്ണിനോടിയ പാണ്ഡെയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. ഒരുസിക്സർ പറത്തിയ നബി സ്കോർ എട്ടാക്കിയെങ്കിലും അടുത്ത പന്തിൽ ബുമ്ര താരത്തിന്റെ കുറ്റി പിഴുതു. ഒൻപത് റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കായി ഹർദിക് പാണ്ഡ്യ ആദ്യപന്ത് തന്നെ അതിർത്തികടത്തിയതോടെ മൂന്നാം പന്തിൽ ടീമിനെ തേടി വിജയമെത്തി.

നേരത്തേ ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ചുറിയാണ് ആതിഥേയർക്ക് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. പുറത്താവാതെ നിന്ന താരം 69 റൺസെടുത്തു. ഡികോക്കിനെ കൂടാതെ രോഹിത്ത് ശർമ, സൂര്യകുമാർ യാദവ് എന്നിവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇരുവർക്കുമത് മുതലാക്കാനായില്ല. ബാറ്റിംഗ് ഓർഡറിലെ അനാവശ്യ അഴിച്ചുപണികൾ വിനയായതോടെയാണ് ഒരുഘട്ടത്തിൽ 180 ലക്ഷ്യംവെച്ച മുംബൈ 162 റൺസിൽ ഒതുങ്ങിയത്. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!