ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിന് വിജയം. ചെന്നൈ സൂപ്പർകിങ്സിനെ ആറുവിക്കറ്റിന് തകർത്ത നീലപ്പട ഇതോടെ ഫൈനലിൽ ഇടമുറപ്പിച്ചു. തോറ്റെങ്കിലും ഹൈദരാബാദ് – ഡൽഹി മത്സരത്തിലെ വിജയിയെ പരാജയപ്പെടുത്താനായാൽ ചെന്നൈക്ക് ഫൈനലിലെത്താം

132 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈക്ക് ആദ്യഓവറിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി. ആദ്യപന്തിൽ തന്നെ ബൗണ്ടറി കണ്ടെത്തിയ രോഹിതിനെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. വൈകാതെ വിക്കറ്റ് കീപ്പർ ഡികോക്കിനെ ഹർഭജൻ സിങ്ങും മടക്കി. പവർ പ്ലേയിൽ കരുതലോടെ കളിച്ച മുംബൈ പതിയെ താളം വീണ്ടെടുത്തു. വൺഡൗണായി ഇറങ്ങിയ സൂര്യകുമാർ യാദവും ഇഷൻ കിഷനും ചേർന്നാണ് ടീമിന്റെ നില മെച്ചപ്പെടുത്തിയത്. 80 റൺസ് ചേർത്ത കൂട്ടുകെട്ടിനെ ഇഷൻ കിഷന്റെ വിക്കറ്റിലൂടെ താഹിർ പിരിച്ചെങ്കിലും സൂര്യകുമാർ 71 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഡു പ്ലെസിസും വാട്‌സണും റൺ കണ്ടെത്താൻ വിഷമിച്ചു. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഡുപ്ലെസിസിനെ രാഹുൽ ചഹർ മടക്കി. പിന്നീടെത്തിയ റൈനയും വാട്‌സണും പിന്നാലെ മടങ്ങിയതോടെ ചെന്നൈ ആറ്‌ ഓവറിൽ 32 റൺസിന്‌ മൂന്ന് എന്ന നിലയിലേക്ക്‌ വീണു. മുരളി വിജയും അമ്പാട്ടി റായിഡുവും സ്കോർ ബോർഡ്‌ പതിയെ ചലിപ്പിച്ചു. 26 റൺസെടുത്ത്‌ വിജയ്‌ പുറത്തായെങ്കിലും ധോണിയും റായിഡുവും ചേർന്ന് സ്കോർ 131ലെത്തിക്കുകയായിരുന്നു. റായിഡു 37 പന്തിൽ 42 റൺസ്‌ നേടിയപ്പോൾ ധോണി 29 പന്തിൽ നിന്ന് മൂന്ന് സിക്‌സറിന്റെ അകമ്പടിയോടെ 37 റൺസ്‌ നേടി. മുംബൈക്കായി രാഹുൽ ചഹർ 4 ഓവറിൽ 14 റൺസ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!