ധോണി മിന്നി,റായുഡുവും : ചെന്നൈക്ക് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. കുറ്റമറ്റ ഫീൽഡിങ് പ്രകടനത്തിന്റെ പിൻബലത്തിൽ രാജസ്ഥാൻ പൊരുതിനോക്കിയെങ്കിലും ധോണിയുടെയും റായുഡുവിന്റെയും മികവിൽ ചെന്നൈ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 151 റൺസെടുത്തപ്പോൾ ചെന്നൈ അവസാന പന്തിൽ വിജയതീരമണഞ്ഞു. ചെന്നൈക്കായി നായകൻ ധോണി 58ഉം റായുഡു 57ഉം റണ്ണെടുത്തു.

സ്കോർ

രാജസ്ഥാൻ 151/7

ചെന്നൈ 155/6

അധികം വലുതല്ലാത്ത ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് ആദ്യഓവറിൽ തന്നെ വാട്ട്സണെ നഷ്ടമായി. ധവൽ കുൽക്കർണിയുടെ പന്തിൽ താരം ക്ലീൻബൗൾഡാവുകയായിരുന്നു. ആദ്യറണ്ണെടുക്കാൻ ഒൻപതാം പന്തുവരെ കാത്തിരിക്കേണ്ടിവന്ന ടീമിന് വൈകാതെ റെയ്‌നയേയും നഷ്ടമായി. നേരിട്ടുള്ള ഏറിലൂടെ ജോഫ്ര ആർച്ചറാണ് റെയ്‌നയെ മടക്കിയത്. ഫീൽഡിങ്ങിൽ അസാധാരണ മികവ് പ്രകടിപ്പിച്ച രാജസ്ഥാൻ അടുത്ത രണ്ടുവിക്കറ്റുകളും ഞൊടിയിട കൊണ്ട് വീഴ്ത്തി. ഡുപ്ലെസിസിനെ ബൗണ്ടറി ലൈനിലരികിൽ വെച്ച് രാഹുൽ ത്രിപാഠി മനോഹരമായൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ കേദാർ ജാദവിനെ സീസണിലെ തന്നെ മികച്ച ക്യാച്ചിലൂടെ ബെൻ സ്റ്റോക്ക്‌സാണ് തിരിച്ചയച്ചത്. പോയിന്റിലൂടെ പാഞ്ഞ പന്തിനെ മുഴുനീള ഡൈവിലൂടെ സ്റ്റോക്ക്സ് കയ്യിലൊതുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ പരിചയസമ്പന്നരായ ധോണിയും റായുഡുവും ക്രീസിൽ ഒന്നിച്ചതോടെ സന്ദർശകർ കരകയറിത്തുടങ്ങി. ഇരുവരും ആത്മവിശ്വാസത്തോടെ മുന്നേറിയതോടെ ചെന്നൈ പതിയെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടേയിരുന്നു. ബൗണ്ടറികളും സിംഗിളുകളും ഡബിളുകളും യഥേഷ്ടം നേടിയ കൂട്ടുകെട്ട് പിരിക്കാൻ രാജസ്ഥാൻ പാടുപെട്ടതോടെ ചെന്നൈയ്ക്ക് കളിയിൽ നേരിയ മുൻ‌തൂക്കം സ്ഥാപിച്ചെടുക്കാനായി. എന്നാൽ മധ്യഓവറുകളിൽ റൺനിരക്കിനെ വരുതിയിലാക്കിയ രാജസ്ഥാൻ ശക്തമായി തിരിച്ചടിച്ചു. അവസാനനാലോവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 46 റൺസ്. 17, 18 ഓവറുകൾ മികച്ച രീതിയിലെറിഞ്ഞ രാജസ്ഥാൻ 57 റൺസെടുത്ത റായുഡുവിനെ പുറത്താക്കുകയും ചെയ്തു. ധോണി ഫിഫ്റ്റി തികച്ച 19ആം ഓവർ അവസാനിച്ചപ്പോൾ വിജയത്തിലേക്ക് 18 റൺസകലം. സ്റ്റോക്സ് എറിഞ്ഞ ഓവറിന്റെ ആദ്യപന്ത് തന്നെ ജഡേജ അതിർത്തി കടത്തിയെങ്കിലും ധോണിയുടെ കുറ്റി പിഴുത സ്റ്റോക്ക്സ് കളി ആവേശഭരിതമാക്കി. അവസാനപന്തിൽ മൂന്ന് റൺ വേണ്ടിയിരിക്കെ ലോങ്ങോണിലൂടെ പന്ത് ഗ്യാലറിയിലെത്തിച്ച സാന്റ്നർ ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‌ ഓപ്പണർമാരായ രഹാനെയും ബട്‌ലറും മികച്ച തുടക്കം നൽകി. പക്ഷെ ഇരുവരും വേഗം കൂടാരം കയറിയതോടെ റൺ റേറ്റ്‌ കുറക്കാൻ ചെന്നൈ ബൗളർമാർക്കായി. 10 പന്തിൽ 23 റൺസ്‌ നേടിയാണ്‌ ബട്‌ലർ പുറത്തായത്‌. പിന്നാലെയെത്തിയ സഞ്ജുവിനും സ്‌മിത്തിനുമൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. 28 റൺസുമായി നങ്കൂരമിട്ട്‌ കളിച്ച സ്റ്റോക്‌സും 16 റൺസെടുത്ത അരങ്ങേറ്റക്കാരൻ പരാഗും ടീം സ്കോർ 100 കടത്തി. അവസാന ഓവറുകളിൽ ശ്രേയസ്‌ ഗോപാൽ ആഞ്ഞടിച്ചതോടെ സ്കോർ 150 കടത്താൻ രാജസ്ഥാനായി. ബാറ്റെടുത്തവർക്കൊക്കെയും മികച്ച തുടക്കം ലഭിച്ചെങ്കിലും രാജസ്ഥാൻ നിരയിൽ ഒരാൾക്ക് പോലും 30 റൺസ് പോലും കണ്ടെത്താൻ സാധിച്ചില്ല.ചെന്നൈക്കായി ചഹർ, താക്കൂർ, ജഡേജ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!