മുംബൈയെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് രാജസ്ഥാൻ റോയൽസ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് രാജസ്ഥാൻ മുംബൈയെ മറികടന്നത്. ആദ്യം ബാറ്റുചെയ്ത മുംബൈ കുറിച്ച 162 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു.

ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ കെട്ടിപ്പടുത്തത്. നായകൻ രോഹിത്ത് ശർമയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഡികോക്കും സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ ട്രാക്കിലാക്കി. ശ്രേയസ് ഗോപാലിന്റെ പന്തിൽ താരത്തിന് തന്നെ ക്യാച്ച് നൽകിയാണ് അഞ്ചുറൺസെടുത്ത രോഹിത്ത് മടങ്ങിയത്. രണ്ടാംവിക്കറ്റിൽ 97 റൺസെടുത്ത യാദവ്-ഡികോക്ക് സഖ്യത്തെയും പിരിച്ചത് ഗോപാൽ തന്നെയായിരുന്നു. ഇരുവരും പുറത്തായ ശേഷമെത്തിയ പൊള്ളാർഡിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഹാർദ്ദിക്‌ പാണ്ഡ്യയും ബെൻ കട്ടിങ്ങും ചേർന്ന് ടീമിനെ മാന്യമായ സ്കോറിലേക്കെത്തിച്ചു. പാണ്ഡ്യ 23 റൺസുമായി പുറത്താവാതെ നിന്നപ്പോൾ 65 റൺസെടുത്ത ഡികോക്കാണ് ടീമിന്റെ ടോപ്സ്കോററായത്.

രഹാനെയിൽ നിന്നും ക്യാപ്റ്റൻ പദവി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തും യുവതാരം പരാഗും ചേർന്നാണ് ആതിഥേയരെ വിജയത്തിലേക്കെത്തിച്ചത്. രഹാനെയും സഞ്ജു സാംസണും ചേർന്ന് ഒന്നാംവിക്കറ്റിൽ പാകിയ അടിത്തറയിലാണ് സ്മിത്തും പരാഗും ഇന്നിംഗ്സ് പടുത്തുയർത്തിയത്. അക്കൗണ്ട് തുറക്കാതെ മടങ്ങിയ ബെൻ സ്റ്റോക്സ് മാത്രമാണ് ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയത്. വെടിക്കെട്ട് താരം ജോസ് ബട്ലറുടെ അസാന്നിധ്യത്തിന്റെ അഭാവം നികത്താൻ ഓപ്പണറായെത്തിയ സഞ്ജു 19 പന്തിൽ 35 റൺസെടുത്താണ് മടങ്ങിയത്. സാംസണെ പുറത്താക്കിയ രാഹുൽ ചഹാർ അതേ ഓവറിൽ സ്റ്റോക്സിനെയും മടക്കിയെങ്കിലും പരാഗ് സ്മിത്തിനൊത്ത പങ്കാളിയായി. അവസാനഘട്ടത്തിൽ പരാഗും, തുടർന്നെത്തിയ ടർണറും വേഗം വീണെങ്കിലും ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് മികച്ചൊരർധസെഞ്ചുറിയിലൂടെ മത്സരം തങ്ങളുടേതാക്കി മാറ്റി. മുംബൈക്കായി രാഹുൽ ചാഹർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!