ചെന്നൈയെ തകർത്ത് ഹൈദരാബാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർകിങ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയം. നായകൻ മഹേന്ദ്രസിങ് ധോണിയില്ലാതെ ഇറങ്ങിയ ദക്ഷിണേന്ത്യൻ കരുത്തരെ 6 വിക്കറ്റിനാണ് ഹൈദരാബാദ് കീഴടക്കിയത്. ധോണിയുടെ അഭാവത്തിൽ സുരേഷ് റെയ്നയാണ് ടീമിനെ നയിച്ചത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ അഞ്ചുവിക്കറ്റിന് 132 റൺസെടുത്തപ്പോൾ ഹൈദരാബാദ് 19 പന്തുകൾ ബാക്കി നിൽക്കെ സ്കോർ മറികടന്നു.

വലുതല്ലാത്ത ലക്ഷ്യം പിന്തുടരാൻ ബാറ്റെടുത്ത ഹൈദരാബാദിന് മികച്ച തുടക്കമാണ് ഇത്തവണയും ലഭിച്ചത്. ഒരറ്റത്ത് ഡേവിഡ് വാർണർ തുടരെ ബൗണ്ടറികളടിച്ച് മുന്നേറിയപ്പോൾ ബെയർസ്‌റ്റോ കാഴ്ചക്കാരന്റെ റോൾ ഭംഗിയായി നിർവഹിച്ചു. വജ്രായുധമായ താഹിറിന് നാലാംഓവറിൽ തന്നെ റെയ്ന പന്തേൽപ്പിച്ചെങ്കിലും മൂന്ന് ഫോറുകൾ തുടർച്ചയായടിച്ചാണ് വാർണർ താഹിറിനെ എതിരേറ്റത്. 24 പന്തുകളിൽ നിന്നും അർധസെഞ്ചുറി തികച്ച വാർണർ തൊട്ടടുത്ത പന്തിൽ പുറത്തായി. ദീപക് ചാഹറാണ് ഓസ്‌ട്രേലിയൻ താരത്തെ ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ടിനെ പിരിച്ചത്. പിന്നാലെയെത്തിയ വില്യംസണെയും വിജയ് ശങ്കറിനെയും ഇമ്രാൻ താഹിർ പുറത്താക്കിയെങ്കിലും സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റിയ ബെയർസ്‌റ്റോ ഹൂഡയെ കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലേക്കെത്തിച്ചു. 61 റൺസുമായി പുറത്താവാതെ നിന്ന ബെയർസ്‌റ്റോ ആണ് ടീമിന്റെ ടോപ് സ്‌കോറർ.

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈക്ക് ഓപ്പണർമാരായ വാട്‌സണും ഡു പ്ലെസിസും ഭേദപ്പെട്ട തുടക്കമാണ്‌ നൽകിയത്‌. റൺറേറ്റ്‌ ഉയർത്താൻ കഴിഞ്ഞില്ലെങ്കിലും ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 79 റൺസ്‌ കൂട്ടിച്ചേർത്തു. 31 റൺസെടുത്ത വാട്‌സണെ നദീം ബൗൾഡാക്കിയതിന്‌ പിന്നാലെ 45 റൺസെടുത്ത ഡു പ്ലെസിസിനെ വിജയ്‌ ശങ്കർ ബെയർസ്റ്റോവിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ ചെന്നൈ ബാറ്റിംഗ്‌ നിരക്ക്‌ കാര്യമായൊന്നും ചെയ്യാനായില്ല. 25 റൺസെടുത്ത്‌ അമ്പാട്ടി റായിഡു പൊരുതിയെങ്കിലും മറ്റുള്ളവർക്ക്‌ ശോഭിക്കാനായില്ല. അഞ്ച്‌ വിക്കറ്റ്‌ കൈവശമുണ്ടായിരുന്നെങ്കിലും അവസാന ഓവറുകളിൽ റൺ റേറ്റ്‌ ഉയർത്താൻ സമ്മതിക്കാതെ ഹൈദരബാദ്‌ ബൗളർമാർ ചെന്നൈ ബാറ്റ്‌സ്‌മാന്മാരെ വരിഞ്ഞ്‌ മുറുക്കി. ഇതോടെ ചെന്നൈ സ്കോർ 132 റൺസിൽ അവസാനിച്ചു. ആതിഥേയർക്കായി റാഷിദ് ഖാൻ രണ്ടുവിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!