ഓ കെപ ,വാട്ട് ഹാവ് യു ഡൺ ???

അജ്മൽ എൻ.കെ

കയ്യാങ്കളികളും കശപിശകളുമൊന്നും ഫുട്‌ബോൾ ലോകത്തിന് പുത്തരിയല്ല. കളത്തിനകത്തും പുറത്തുമായി വാക്കേറ്റങ്ങളും വേണ്ടുവോളം അരങ്ങേറാറുണ്ട്. എന്നാലിന്നലെ ചെൽസിയും സിറ്റിയുമായുള്ള കരബാവോ കപ്പിന്റെ കലാശക്കളിക്കിടെ അരങ്ങേറിയ രംഗങ്ങൾ അച്ചടക്കത്തിന്റെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. പരിശീലകനും താരവും തമ്മിലുള്ള തീരുമാനപ്പോര് കണ്ട് കാല്പന്തുലോകം മുഴുവനും തലയിൽ കൈവച്ചിരുന്ന നിമിഷം.

പോരാടുകയായിരുന്നു ചെൽസി. തങ്ങൾ പതിവ് ഫോമിന്റെ ഏഴയലത്തല്ലായിരുന്നിട്ടും, എതിരാളികൾ പതിന്മടങ്ങ് കരുത്തരായിരുന്നിട്ടും മത്സരം എക്സ്ട്രാടൈമിലേക്ക് നീട്ടാനും ചെൽസിക്ക് കഴിഞ്ഞു. അനുവദിച്ച അധികസമയവും അന്ത്യത്തോടടുക്കവേ ഫുട്‍ബോളന്നുവരെ കാണാത്ത നാടകീയ നീക്കങ്ങളുടെ ആരംഭമായി. തന്റെ ഗോൾകീപ്പർ കെപ അരിസബലാഗ പരിക്കിനാൽ വലയുന്നത് കണ്ട ചെൽസി മാനേജർ സാരിക്ക്‌ പെനാൽറ്റി സ്പെഷ്യലിസ്റ്റ് കൂടിയായ രണ്ടാംഗോൾകീപ്പർ കാബയെറോയോട് ഗ്ലൗ അണിയാൻ പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. തയ്യാറായെത്തിയ താരവും ബോർഡേന്തി നിന്ന അസിസ്റ്റന്റ് റഫറിയും പരിശീലകന്റെ തീരുമാനം നടപ്പാക്കാനൊരുങ്ങവേ കെപ മാറ്റത്തിന് താൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നു. ഡേവിഡ് ലൂയിസടക്കമുള്ള മുതിർന്ന താരങ്ങൾ അരികിലെത്തി താരത്തോട് കാര്യങ്ങളുടെ കിടപ്പ് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കെപ കുലുങ്ങാതെ നിന്നു. സൈഡ് ലൈനിൽ നിന്ന സാരിക്ക് പിന്നീടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കെപയെ പിൻവലിക്കേണ്ടതിന് പകരം തന്റെ തീരുമാനം പിൻവലിക്കേണ്ടിവന്ന പരിശീലകൻ അരികിലിരുന്ന കുപ്പിയോയോടാണ് അരിശം തീർത്തത്.

കെപ ചെയ്തതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല. തന്റെ ശാരീരികാവസ്ഥ എന്തുതന്നെയാണെങ്കിലും ബാറിന് കീഴിൽ നിൽക്കാൻ താനെത്ര തന്നെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പരിശീലകന്റെ വാക്കുകളെ അനുസരിക്കുകയായിരുന്നു കെപ ചെയ്യേണ്ടിയിരുന്നത്. പകരമിറങ്ങാൻ ഒരുങ്ങി നിന്ന കാബയേറോയേയും അപഹാസ്യനാക്കിയ താരം കാവ്യനീതിയെന്നപോലെ കളിയിൽ ടീമിനെ മുന്നിലെത്തിക്കാനുള്ള ഒരവസരം കൈവിടുകയും ചെയ്തു. ഷൂട്ടൗട്ടിൽ അഗ്യൂറോ തൊടുത്ത തീർത്തും ദുർബലമായ ഷോട്ട് കെപയ്ക്കരികിലൂടെ വലയിൽ മുത്തമിട്ടതിൽ താരമനുഭവിച്ച മാനസിക സംഘർഷവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മത്സരശേഷം തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ സാരി കുറ്റം തന്റേതാണെന്ന് പറഞ്ഞെങ്കിലും കണ്ട കാഴ്ച്ച ആർക്കും മറക്കാനാവില്ല. കെപയെ ഇനിയാ നീല ജേഴ്‌സിയിൽ കണ്ടില്ലെങ്കിൽ അത്ഭുതപ്പെടാനുമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!