????????????????????????????????????

ജാർഖണ്ഡിനോട് തോൽവി, കേരളം പുറത്ത്

ആവേശം അവസാന ഓവർ വരെ നീണ്ട്‌ നിന്ന മൽസരത്തിനൊടുവിൽ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി ട്വന്റി ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ പരാജയം. ശക്തരായ ജാർഖണ്ഡ്‌ ആണ്‌ കേരളത്തെ അഞ്ച്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത കേരളം 20 ഓവറിൽ 176 റൺസ്‌ നേടിയപ്പോൾ അഞ്ച്‌ പന്ത്‌ ബാക്കി നിൽക്കെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജാർഖണ്ഡ്‌ ലക്ഷ്യം കണ്ടു. ജാർഖണ്ഡിനായി ആനന്ദ്‌ സിംഗ്‌, സൗരഭ്‌ തിവാരി എന്നിവർ അർധ സെഞ്ച്വറി നേടി. തോൽവിയോടെ കേരളം സൂപ്പർലീഗിലെത്താതെ പുറത്തായപ്പോൾ ഗ്രൂപ്പിൽ നിന്നും ഡൽഹിയും ജാർഖണ്ഡും മുന്നേറി.

സ്കോർ :

കേരളം 176/6 (20)
ജാർഖണ്ഡ്‌ : 180/5 (19.1)

നേരത്തെ ആദ്യം ബാറ്റ്‌ ചെയ്ത കേരളത്തിനായി ഓപ്പണിംഗ്‌ വിക്കറ്റിൽ വിഷ്‌ണു വിനോദും രോഹൻ കുന്നുമ്മലും മികച്ച തുടക്കം നൽകി. ഇരുവരും ആദ്യ വിക്കറ്റിൽ ആറ്‌ ഓവറിൽ 48 റൺസ്‌ കൂട്ടിച്ചേർത്തു. വിഷ്‌ണുവിന്‌ ശേഷമെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും റൺറേറ്റ്‌ കുറക്കാതെ കളിച്ചപ്പോൾ രോഹന്‌ ശേഷമെത്തിയ വിനൂപ്‌ മനോഹരൻ ക്യാപ്റ്റന്‌ മികച്ച പിന്തുണ നൽകി. വരുൺ ആരോണിനെ രണ്ട്‌ സിക്‌സറിന്‌ പറത്തി മികച്ച ഫോമിലാണെന്ന് തെളിയിച്ച രോഹനെ വ്യക്തിഗത സ്കോർ 34ൽ നിൽക്കെ നദീം പുറത്താക്കുകയായിരുന്നു. സച്ചിൻ ബേബി 36 റൺസും വിനൂപ്‌ 31 റൺസും നേടി. മധ്യ നിര തെല്ല് നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ എട്ട്‌ പന്തിൽ നിന്ന് 21 റൺസ്‌ നേടിയ നിസാറിന്റെ ബാറ്റിംഗ്‌ കൂടിയായതോടെ കേരളം ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 176 എന്ന മികച്ച സ്കോറിലെത്തി. ജാർഖണ്ഡിനായി വികാസ്‌ സിംഗും രാഹുൽ ശുക്ലയും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡിന്റെ ഓപ്പണർ ഇഷൻ കിഷനെ നിലയുറപ്പിക്കുന്നതിന്‌ മുമ്പ്‌ സന്ദീപ്‌ വാര്യർ പവലിയനിലെത്തിച്ചെങ്കിലും മറ്റൊരു ഓപ്പണറായ ആനന്ദ്‌ സിംഗ്‌ മികച്ച പ്രകടനം കാഴ്ച വെച്ചു. വിരാട്‌ സിംഗിനെ കൂട്ട്‌ പിടിച്ച്‌ ആനന്ദ്‌ സിംഗ്‌ നടത്തിയ പ്രകടനം ജാർഖണ്ഡ്‌ വിജയത്തിന്റെ ആണിക്കല്ലായി മാറി. 46 റൺസ്‌ നേടിയ വിരാട്‌ സിംഗിനെ പുറത്താക്കി സന്ദീപ്‌ വാര്യർ വീണ്ടും കേരളത്തിന്‌ പ്രതീക്ഷ തന്നെങ്കിലും സൗരഭ്‌ തിവാരിയുടെ ഇന്നിംഗ്‌സ്‌ കേരളത്തെ വിജയത്തിൽ നിന്നകറ്റി. ടീം സ്കോർ 133ൽ നിൽക്കെ 72 റൺസെടുത്ത ആനന്ദ്‌ സിംഗ്‌ പുറത്തായെങ്കിലും സൗരഭ്‌ തിവാരി മധ്യനിരയെ കൂട്ട്‌ പിടിച്ച്‌ അഞ്ച്‌ പന്ത്‌ ബാക്കി നിൽക്കെ ജാർഖണ്ഡിനെ വിജയത്തിലെത്തിച്ചു. വെടിക്കെട്ട്‌ പ്രകടനം നടത്തിയ തിവാരി 24 പന്തിൽ നിന്ന് അഞ്ച്‌ സിക്‌സിന്റെ അകമ്പടിയോടെ അർധ സെഞ്ച്വറി നേടി. കേരളത്തിനായി സന്ദീപ്‌ വാര്യർ രണ്ട്‌ വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!