കുംബ്ലൈ 10 ഉം പിഴുതെറിഞ്ഞിട്ട്‌ ഇന്നേക്ക്‌ 20

സച്ചിൻ. എസ്‌. എൽ

ഫെബ്രുവരി 7, 1999 ക്രിക്കറ്റ്‌ പ്രേമികളാരും മറക്കാനിടയില്ലാത്ത മഹത്തായ ഒരു ദിനം.
അന്നാണ് ക്രിക്കറ്റ്‌ ലോകം അനിൽ കുംബ്ലൈ എന്ന ഇന്ത്യൻ സ്പിൻ നിഗൂഢതയുടെ മാന്ത്രിക സ്പർശം
കണ്ടനുഭവിച്ചറിഞ്ഞത്‌.

പാക്കിസ്ഥാനെതിരായുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ മുഴുവൻ പേരെയും പുറത്താക്കി അനിൽ കുംബ്ലൈ ആ വിഖ്യാത റെക്കോർഡ്‌ നേടുന്ന രണ്ടാമത്തെ മാത്രം താരമായി. 1956 ൽ ഇംഗ്ലണ്ട്‌ താരമായ ജെയിംസ്‌ ചാൾസ്‌ ലേക്കർ എന്ന ജിം ലേക്കർ ആസ്ട്രേലിയക്കെതിരെ നേടിയ നേട്ടത്തിന് ശേഷം ആദ്യവും പിന്നീടിന്ന് വരെ അവസാനത്തേതുമായ നേട്ടമായിരുന്നു കുംബ്ലൈയുടേത്‌.

’99 ലെ ഒരു സ്ഥിരം ഇന്ത്യാ – പാക്‌ എൻകൗണ്ടർ സീരീസിന് തന്നെയാണ് അന്ന് കോട്ല സാക്ഷ്യം വഹിച്ചത്‌. ചിരവൈരികളുടെ ഈ ഏറ്റുമുട്ടലിന് എന്നത്തെയും പോലെ ലോകത്തിലെ നാനഭാഗത്തുമുള്ള ക്രിക്കറ്റ്‌ പ്രേമികളുടെ ശ്രദ്ധ ലഭിച്ചിരുന്നു. പാക്കിസ്ഥാന്റെ ഈ ഇന്ത്യൻ ടൂറിലാണ് കുംബ്ലൈ തന്റെ അനശ്വരനേട്ടം കരസ്ഥമാക്കിയത്‌. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോൽവിയുടെ
ക്ഷീണവും പേറിയാണ് ഡൽഹി ഫിറോഷ്‌ ഷാ കോട്ലയിൽ ഇന്ത്യ രണ്ടാമത്തെ ടെസ്റ്റിനിറങ്ങിയത്‌.
അവിടെ പക്ഷേ കഥ മാറി. തന്റെ ഭാഗ്യ പിച്ചുകളിലൊന്നായ ഫിറോഷ്‌ ഷായിൽ കുംബ്ലൈ പുതു ചരിത്രം കുറിച്ചു. ഏതാനും വർഷം മുൻപ്‌ ഇറാനി ട്രോഫിക്കിടെ തനിക്ക്‌ ‘ജംബോ’ എന്ന ‘നിക്ക്‌ നെയിം’ മുൻ ഇന്ത്യൻ പ്ലെയർ നവ്ജ്യോത്‌ സിംഗ്‌ സിന്ദു നൽകിയതും ഇതേ ഫിറോസ്‌ ഷാ യിൽ വെച്ച്‌ തന്നെയായിരുന്നു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ടോസ്‌ നേടി ബാറ്റ്‌ ചെയ്ത ഇന്ത്യ രണ്ടാം ഇന്നിംഗ്സിലെ മികച്ച സ്കോറിന്റെ പിൻബലത്തിൽ പാക്കിസ്ഥാന് 419 എന്ന കൂറ്റൻ ലക്ഷ്യം സ്ഥാപിച്ചു. ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുന്നത്‌ വരെയ്ക്കും മികച്ച രീതിയിൽ ബാറ്റ്‌ ചെയ്ത പാക്കിസ്ഥാൻ പിറ്റേന്നും ആ മികവ്‌ തുടർന്ന് വിക്കറ്റ്‌ നഷ്ടപ്പെടാതെ 101 റൺസിലെത്തിയ അവർക്ക്‌ പൊടുന്നനെ ഷാഹിദ്‌ അഫ്രീദിയെ നഷ്ടപ്പെട്ടു. കുംബ്ലൈക്ക്‌ ആയിരുന്നു വിക്കറ്റ്‌ തുടർന്ന് 128 ൽ എത്തുമ്പോഴേക്ക്‌ തങ്ങളുടെ ആറാമാത്തെ വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. ഇജാസ്‌ അഹ്മദ്‌, ഇൻസമാം ഉൾ ഹഖ്‌, മൊഹമ്മദ്‌ യൂസഫ്‌, മൊയീൻ ഖാൻ, സ ഈദ്‌ അൻവർ എന്നീ പ്രമുഖർ പൊരുതാൻ കൂട്ടാക്കാതെ കൂടാരം കയറി. ആറ് പേരെയും പറഞ്ഞയച്ചതാകട്ടെ അനിൽ കുംബ്ലൈ എന്ന ഒറ്റയാനും. പിന്നീട്‌ സലീം മാലിക്‌ – മുഷ്‌താഖ്‌ അഹമ്മദ്‌ എന്നിവർ ചേർന്ന് അൽപനേരം പാക്കിസ്ഥനെ കൈ പിടിച്ചുയർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും തന്റെ അടുത്ത സ്പെല്ലിലെ ആദ്യ ബൗളിൽത്തന്നെ സലീം മാലിക്കിനെ കുംബ്ലൈ ബൗൾഡ്‌ ചെയ്തു. അധികം വൈകും മുൻപേ
മുഷ്‌താഖ്‌ അഹമ്മദിനെയും. അപ്പോൾ കുംബ്ലൈക്ക്‌ 8 വിക്കറ്റ്‌. ആ വിക്കറ്റ്‌ കൂടി വീണതോടെ മറ്റ്‌ ടീമംഗങ്ങളും കാണികളും റെക്കോർഡ്‌ എന്ന നേട്ടത്തിലേക്ക്‌ ചിന്തിച്ച്‌ തുടങ്ങി. തൊട്ടടുത്ത പന്തിൽ സഖ്‌ലെയിൻ മുഷ്‌താഖിനെ എൽ. ബി. ഡബ്ല്യൂവിൽ കുരുക്കി പൂജ്യനായി മടക്കിയപ്പോൾ ഗ്യാലറി ഒന്നടങ്കം നിശബ്ദമായി. ഇനി ഒരു വിക്കറ്റ്‌ അകലെ. ആ ഓവർ പൂർത്തിയാവുകയും ചെയ്തു. അടുത്ത ഓവർ എറിയാൻ എത്തുന്നത്‌ അന്നത്തെ ഇന്ത്യൻ ടീമിലെ മികച്ച പേസർ ജവഗൽ ശ്രീനാഥും. കുംബ്ലൈക്ക്‌ റെക്കോർഡ്‌ നേടണമെങ്കിൽ ശ്രീനാഥ്‌ വിക്കറ്റ്‌ എടുക്കാതെ ഈ ഓവർ തീർക്കണം. ദുർബലരായ വസീം അക്രവും വഖാർ യൂനിസുമാണ് ശ്രീനാഥിനെ നേരിടാനൊരുങ്ങുന്നത്‌. ഗാലറിയും സഹകളിക്കാരും എല്ലാം അക്ഷമയോടെ കാത്ത്‌ നിന്നു. ഇനിയൊരുപക്ഷേ ഇത്തരത്തിലൊരു റെക്കോർഡിനടുത്തെത്താൻ കഴിഞ്ഞെന്ന് വരില്ല, ഒരേയൊരു വിക്കറ്റ്‌ മാത്രം മതി ആ മഹാനേട്ടം കൈപ്പിടിയിലൊതുക്കാൻ!

തന്റെ കൂട്ടുകാരന് ആ റെക്കാർഡ്‌ കിട്ടാൻ ഒരുപക്ഷേ ഏറ്റവും അധികം ആഗ്രഹിച്ചത്‌ ശ്രീനാഥാണെന്ന് തോന്നിപ്പോയി ഒരു നിമിഷം! മുൻ കൂട്ടി നിശ്ചയിച്ച പോലെ ആ ഓവറിലെ ആറു പന്തുകളും ഓഫ്‌ സ്റ്റാമ്പിനു വെളിയിലെറിഞ്ഞ്‌ കുംബ്ലൈക്ക്‌ അവസരത്തിന്റെ വാതിൽ തുറന്ന് കൊടുത്തൂ ശ്രീനാഥ്‌.

അടുത്ത ഓവർ കുംബ്ലൈക്ക്‌ അനിവാര്യമായിരുന്നു. ടീമംഗങ്ങൾ മുഴുവനും ഒറ്റക്കെട്ടായി തന്റെ നേട്ടത്തിന് വേണ്ടി കാത്തിരിക്കുന്നുവെന്ന സമ്മർദ്ദം വേറെയും. ഈ ഓവറിൽ വിക്കറ്റ്‌ വീഴ്ത്താനായില്ലെങ്കിൽ തുടർന്നും ശ്രീനാഥിനോ മറ്റ്‌ കളിക്കാർക്കോ ബോളുകൾ അലക്ഷ്യമായെറിഞ്ഞ്‌ ഓവറുകൾ തീർത്ത്‌ കൊടുക്കാൻ ആയെന്ന് വരില്ല. അതുകൊണ്ട്‌ അവസാന ചാൻസ്‌ ഇത്‌ തന്നെ!
സ്ട്രൈക്കർ എൻഡിൽ വസീം അക്രം നിലയുറപ്പിച്ചിരിക്കുന്നു. ക്രീസിൽ ഏറെ നേരമായി ബാറ്റ്‌ ചെയ്തോണ്ടിരിക്കുന്ന വസീം നല്ല പ്രതിരോധമാണ് കാഴ്ച വെക്കുന്നത്‌. ആ ഓവറിലെ ആദ്യ രണ്ട്‌ പന്തുകളും മനോഹരമായി വസീം പ്രതിരോധിച്ചും കഴിഞ്ഞു. ഇനി മൂന്നാമത്തെ പന്ത്‌. പൂർണ ആത്മവിശ്വാസത്തോടെ കുംബ്ലൈ റണ്ണപ്പ്‌ തുടങ്ങി. സ്വതസിദ്ധമായ ലെഗ്‌ സ്പിൻ ബോൾ അൽപം അധികം പിച്ചിൽ ബൗൺസ്‌ ചെയ്തുയർന്നു. സ്ഥിരം പ്രതിരോധമെന്നപോലെ ഫ്രണ്ട്‌ ഫൂട്ടിലൂന്നി ബാറ്റ്‌ കൊണ്ട്‌ പ്രതിരോധിക്കാമെന്ന വസീമിന്റെ ഉദ്ദേശം ഫലിച്ചില്ല. ഗ്ലൗവിൽത്തട്ടി ദിശതെറ്റിയ പന്തിനെ സൈഡ്‌ സ്ലിപ്പിൽ ലക്ഷ്മൺ കയ്യിലൊതുക്കി..!

ശ്വാസമടക്കിപ്പിടിച്ച്‌ കാണികൾ കണ്ട നിമിഷം. അമ്പയർ സ്റ്റീവ്‌ ബക്നറിന്റെ ചൂണ്ടു വിരൽ ആകാശത്തേക്കുയർന്നപ്പോൾ ഗാലറികൾ പ്രകമ്പനം കൊണ്ടു. ക്രിക്കറ്റ്‌ ലോകം ഇന്ത്യൻ ടീം സ്പിരിറ്റിന് മുന്നിൽ അതിശയിച്ചു. കുംബ്ലൈ എന്ന സ്പിൻ മഹാ മാന്ത്രികന് തൊഴുകൈ സമ്മാനിച്ചു.

ലോക ക്രിക്കറ്റിലെ ആ സുപ്രധാന നേട്ടത്തിനിന്നേക്ക്‌ 20 വർഷം!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!