ബാഴ്‌സക്ക്‌ ജയം, റയലിന്‌ തോൽവി

ലാലിഗയിൽ ബാഴ്‌സലോണക്ക്‌ വിജയം. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കാണ്‌ ബാഴ്‌സ കീഴടക്കിയത്‌. അതേ സമയം റയൽ മാഡ്രിഡിനെ റയൽ സോസിഡാഡ്‌ കീഴടക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്‌ റയൽ മാഡ്രിഡ്‌ തോൽവി വഴങ്ങിയത്‌.

ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ ലിവർപൂളിനോടേറ്റ പരാജയത്തിന്‌ ശേഷമിറങ്ങിയ ബാഴ്‌സ 39ആം മിനുട്ടിലാണ്‌ ആദ്യ ഗോൾ നേടിയത്‌. ക്യാപ്റ്റൻ മെസി എടുത്ത ഫ്രീകിക്കിൽ നിന്ന് ലഭിച്ച അവസരം വിദാൽ ഗോളാക്കി മാറ്റുകയായിരുന്നു. 89ആം മിനുട്ടിൽ ജെനെയുടെ സെൽഫ്‌ ഗോൾ ലീഡ്‌ രണ്ടാക്കി ഉയർത്തി. 27ആം മിനുട്ടിൽ ഗെറ്റാഫെ വല കുലുക്കിയിരുന്നെങ്കിലും ഓഫ്‌ സൈഡ്‌ കെണി വിനയായി.

ആദ്യം ലീഡ്‌ നേടിയ ശേഷമാണ്‌ റയൽ മാഡ്രിഡ്‌ സോസിഡാഡിനോട്‌ തോൽവി വഴങ്ങിയത്‌. ആറാം മിനുട്ടിൽ ബ്രാഹിം ഡയസ്‌ റയലിനെ മുന്നിലെത്തിച്ചെങ്കിലും 26ആം മിനുട്ടിൽ മെറിനൊ ആതിഥേയർക്കായി സമനില ഗോൾ കണ്ടെത്തി. പിന്നാലെ 57′, 67′ മിനുട്ടുകളിലായി സൽഡുവ, ബരെനെറ്റ്‌ക്സെ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ റയൽ പരാജയം രുചിച്ചു. 39ആം മിനുട്ടിൽ ബോക്‌സിൽ വെച്ച്‌ പന്ത്‌ കൈ കൊണ്ട്‌ തടഞ്ഞതിന്‌ വല്ലെഹോ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതാണ്‌ റയലിന്‌ തിരിച്ചടിയായത്‌.
ലീഗിലെ മറ്റൊരു മൽസരത്തിൽ അത്‌ലറ്റികോ മാഡ്രിഡും സെവിയ്യയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!