ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ മുൻപന്തിയിലുള്ള ലിവർപൂളിന് തുടർച്ചയായ എട്ടാം വിജയം. ആവേശം അണപൊട്ടിയ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെയാണ് ആതിഥേയർ ലെസ്റ്റർ സിറ്റിയെ മറികടന്നത്. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റൻ തകർത്തു.
സാഡിയോ മാനെ ആദ്യപകുതിയിൽ നേടിയ ഗോളിന് മുന്നിൽക്കടന്ന ലിവർപൂളിനെ മാഡിസണിലൂടെ സന്ദർശകർ പിടിച്ചുകെട്ടിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ മാനെയെ ആൽബ്രൈറ്റൻ വീഴ്ത്തിയത് കളിയുടെ ഗതി മാറ്റിമറിച്ചു. കിക്കെടുത്ത മിൽനർ പിഴവൊന്നും കൂടാതെ പന്ത് വലയിലാക്കിയതോടെ ടീം എട്ടാം വിജയം കൈക്കുള്ളിലൊതുക്കി. നായകൻ ഹ്യൂഗോ ലോറിസ് പരിക്കേറ്റ് മടങ്ങിയ മത്സരത്തിൽ ടോട്ടനത്തിന് തൊട്ടതെല്ലാം പിഴച്ചു. കൊണോലിയുടെ ഇരട്ടഗോളുകളും മൗപേയുടെ ഗോളുമാണ് ബ്രൈറ്റന് വിജയമേകിയത്. ലീഗിലെ മറ്റുവമ്പന്മാർ എട്ടാം റൗണ്ടിന് നാളെയിറങ്ങും.