ഇതാ ഇസ്താംബുൾ വീണ്ടും, ലിവർപൂൾ ഫൈനലിൽ

റോമ പഠിപ്പിച്ച പാഠങ്ങൾ ബാഴ്‍സ മറന്നു, ഇസ്താംബുൾ പഠിപ്പിച്ച പാഠങ്ങൾ ലിവർപൂൾ മനസ്സിലോർത്തു, ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാംപാദത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് ബാഴ്‌സയെ വീഴ്ത്തിയ ലിവർപൂൾ കലാശക്കളിയിൽ ഇടമുറപ്പിച്ചു. ആൻഫീൽഡിൽ ആർത്തലച്ച കാണിക്കൂട്ടത്തിന് ക്ലോപ്പിന്റെ സംഘം അവരാഗ്രഹിച്ചത് നൽകിയതോടെ സീസണിലെ ഏറ്റം മികച്ച തിരിച്ചുവരവിലൊന്നാണ്അരങ്ങേറിയത്.

സലാഹും ഫെർമിനോയും കെയ്റ്റയും പരിക്കിനാൽ പുറത്തിരുന്ന മത്സരത്തിൽ ഡിവോക് ഒറിഗിയാണ് ലിവർപൂളിനായി മുന്നേറ്റത്തിലിറങ്ങിയത്. എട്ടാം മിനിറ്റിൽ തന്നെ താരം ഗോൾ നേടുകയും ചെയ്തു. ഹെൻഡേഴ്സൺ നൽകിയ പാസിൽ നിന്നായിരുന്നു ബെൽജിയൻ താരത്തിന്റെ ഗോൾനേട്ടം. ഒരുതവണ വലകുലുക്കാനായാൽ ലിവർപൂളിനെ കൂടുതൽ സമർദ്ദത്തിലാഴ്ത്താമെന്ന തിരിച്ചറിവിൽ ബാഴ്സ ആക്രമണനീക്കങ്ങൾ അഴിച്ചുവിട്ടെങ്കിലും അലിസൺ മികവ് പ്രകടിപ്പിച്ചതോടെ ആദ്യപകുതിയിൽ പിന്നെ ഗോൾപിറന്നില്ല. പരിക്കേറ്റ റോബർട്സന് പകരം വൈനാൽഡത്തിനെ ഇറക്കിയാണ് ലിവർപൂൾ രണ്ടാംപകുതിക്കെത്തിയത്. ആദ്യപാദത്തിൽ നിറംമങ്ങിയിട്ടും ടീം തന്നിലർപ്പിച്ച വിശ്വാസത്തിന് പകരമായി 55, 57 മിനിറ്റുകളിലായി ഡച്ച് താരം രണ്ടുവട്ടം ബാഴ്സയുടെ വലയനക്കി. മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടേക്കുമെന്ന തോന്നലുകൾക്കിടെ ആർനോൾഡിന്റെ കൗശലമാർന്നൊരു കോർണർ ഒറിഗി വലയിലെത്തിച്ചതോടെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഒരുഗോളെങ്കിലും നേടാനായാൽ ഫൈനൽ പ്രവേശനം സാധ്യമാക്കാമെന്ന തിരിച്ചറിവിൽ കറ്റാലൻപട കിണഞ്ഞുപരിശ്രമിച്ചെങ്കിലും വാൻഡൈക്കും കൂട്ടാളികളും പ്രതിരോധക്കോട്ട തകരാതെ കാത്തതോടെ ലിവർപൂൾ മറ്റൊരു ഐതിഹാസിക ചാമ്പ്യൻസ് ലീഗ് വിജയം കൂടി ചരിത്രത്തിലെഴുതിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!