വിജയിച്ച് ലിവർപൂൾ, കാലിടറി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയതീരമണഞ്ഞപ്പോൾ കരുത്തരായ ചെൽസി തോൽവി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ ബേൺലിയെ മറികടന്നപ്പോൾ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ചെൽസി വോൾവ്‌സിനോട് പരാജയപ്പെട്ടത്.

തുടർച്ചയായ മത്സരക്രമം കാരണം ആദ്യഇലവനിൽ ഒട്ടേറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ബേൺലിയെ നേരിടാനിറങ്ങിയത്. മുന്നേറ്റത്തിലെ മൂവർസഖ്യത്തിന് വിശ്രമം അനുവദിച്ച ക്ലോപ്പ് റോബർട്സൺ, വൈനാൾഡം എന്നിവരെയും ബെഞ്ചിലിരുത്തി. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം കോർക്കിലൂടെ 54ആം മിനിറ്റിൽ ബേൺലി മുന്നിലെത്തിയെങ്കിലും അവസാന അരമണിക്കൂറിൽ ലിവർപൂൾ മൂന്ന് ഗോളടിച്ച് കരുത്തുകാട്ടുകയായിരുന്നു. മിൽനർ, ഫെർമിനോ,ഷാക്വിരി എന്നിവരാണ് ടീമിന്റെ സ്‌കോറർമാർ.

വോൾഫ്‌സിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ റൂബൻ ലോഫ്റ്റസ്ചീക്കിന്റെ ഗോളിലൂടെ ആദ്യപകുതിയിൽ ചെൽസി മുന്നിട്ടുനിന്നെങ്കിലും നാല് മിനിറ്റിന്റെ ഇടവേളയിൽ ആതിഥേയർ രണ്ടുതവണ വലയനക്കുകയായിരുന്നു. 60ആം മിനിറ്റിൽ ഗിമനസിലൂടെ ഒപ്പമെത്തിയ വോൾവ്‌സിനായി 64ആം മിനിറ്റിൽ ജോട്ടയാണ് വിജയഗോൾ നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടിലും തോൽവി രുചിച്ച ചെൽസി ഇതോടെ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!