ആ ഗോൾ പിറന്നിട്ട്‌ ഇന്നേക്ക്‌ 12 വർഷം

ജാസിർ കോട്ടക്കുത്ത്

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ പന്ത്രണ്ടാം വാർഷികമാണിന്ന്. 2007 ഏപ്രിൽ പതിനെട്ടിനായിരുന്നു ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസി ഗെറ്റാഫെക്കെതിരെ ഏവരേയും സ്തബ്‌ധനാക്കിയ ഗോൾ നേടിയത്‌. സാക്ഷാൽ മറഡോണ ഇംഗ്ലണ്ടിനെതിരെ 1986 ലോകകപ്പിൽ നേടിയ ഗോളിനെ അനുസ്മരിപ്പിച്ച മെസിയുടെ ഗോളും ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടി.

2006/07 സീസണിലെ കോപ്പ ഡെൽ റേ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലായിരുന്നു വേദി. ഗെറ്റാഫെയെ ബാഴ്‌സ തങ്ങളുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്‌ നൂവിൽ നേരിടുകയായിരുന്നു. മൽസരത്തിൽ ആധിപത്യം സ്ഥാപിച്ച ബാഴ്‌സ നിരയിൽ അന്ന് കൗമാരക്കാരനായിരുന്ന മെസിയുമുണ്ടായിരുന്നു. നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന ഒരു പാസിൽ നിന്നാണ്‌ ആ നീക്കമുണ്ടാകുന്നത്‌. മൈതാനമധ്യത്ത്‌ നിന്ന് വലത്‌ വശത്ത്‌ നിൽക്കുന്ന മെസിക്ക്‌ ചാവി ഹെർണാണ്ടസ്‌ പന്ത്‌ പതിയെ നൽകി. ഹാവിയർ പരെഡെസിനെ ഒറ്റ നീക്കത്തിൽ മറികടന്ന മെസി ഇഗ്‌നാഷ്യോ നാച്ചോയെ നട്‌മെഗ്‌ ചെയ്ത്‌ കബളിപ്പിച്ചു. പിന്നീടൊരു തവണ കൂടി നാച്ചോയെ ഡ്രിബിൾ ചെയ്ത്‌ ഓടിയ മെസി അലക്‌സിസിനെയും ഡ്രിബിൾ ചെയ്തു മുന്നിൽ കടന്നു. ഒറ്റ നീക്കത്തിൽ ബെലെന്‌ഗ്വെറെയും കീഴ്‌പ്പെടുത്തി. പിന്നീട്‌ മെസിയുടെ മുന്നിൽ ഗെറ്റാഫെ ഗോൾ കീപ്പർ ലൂയി ഗാർഷ്യ മാത്രം. തോളൊന്ന് ചെരിച്ച്‌ ഇടത്തോട്ടൊന്ന് ചെരിഞ്ഞ മെസി ഗാർഷ്യയേയും സമർത്ഥമായി മറികടന്നു പന്ത്‌ വലയിലേക്ക്‌ തട്ടിയിട്ടു. ഓടിയെത്തി ഡൈവ്‌ ചെയ്ത പാബ്ലോ റെഡൊൻഡോക്കും പിടി കൊടുക്കാതെ പന്ത്‌ ഗെറ്റാഫെ വല കുലുക്കി. ന്യൂകാമ്പ്‌ തരിച്ചിരിക്കുകയായിരുന്നു. പലരും അതിശയത്താൽ തലയിൽ കൈ വെച്ചു പോയി. ഇങ്ങനെയൊന്ന് ഇനിയൊരിക്കലും കാണില്ലെന്ന് അന്ന് തടിച്ച്‌ കൂടിയവർക്കെല്ലാം ഉറപ്പായിരുന്നു. മെസിയെ തടയാനുള്ള ശ്രമത്തിൽ വീണ്‌ പോയ ബെലെൻഗ്വെറും ഗാർഷ്യയും ആ നിമിഷത്തെ പഴിക്കുന്നതിന്‌ പകരം ഗോളിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടാവണം.
കമന്റേറ്റർമാരും സ്‌പോർട്‌സ്‌ പണ്ഡിറ്റുകളുമെല്ലാം ഒരേ സ്വരത്തിൽ മെസിയുടെ ഗോളിനെ വാഴ്ത്തി. അന്നയാൾ തന്റെ പ്രതിഭയെ ലോകത്തിന്‌ മുന്നിൽ അടയാളപ്പെടുത്തുകയായിരുന്നു. മറഡോണയുടെ പിൻഗാമി എന്ന വിളി അന്വർത്ഥമാക്കിയ ഗോൾ മെസിയുടെ തിളങ്ങുന്ന കരിയറിനുള്ള തുടക്കമായിരുന്നു. തന്റെ മാന്ത്രികച്ചുവടുകളാലും കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളാലും മെസി ഇപ്പോഴും നമ്മെ അതിശയിപ്പിക്കുന്നു.
ബാഴ്‌സ ചരിത്രത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളായാണ്‌ ബാഴ്‌സലോണ ആരാധകർ ഈ ഗോളിനെ തിരഞ്ഞെടുത്തത്‌. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയത്‌ മെസിയുടെ തന്നെ ഗോളുകളായിരുന്നു. മെസിയുടെ കാലുകൾ ഇനിയും ഫുട്ബോളിന്റെ സൗന്ദര്യം ലോകത്തിന്‌ കാണിച്ച്‌ കൊണ്ടേയിരിക്കും. ഫുട്ബോൾ ആരാധകരെന്ന നിലയിൽ നമുക്കാ നിമിഷങ്ങളെ ആസ്വദിക്കാം.

ഗോൾ കാണാം 👇

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!