തുല്യത പാലിച്ച്‌ നോർത്ത്‌ ഈസ്റ്റ്‌-ബംഗളൂരു മൽസരം

ആവേശകരമായ പോരാട്ടത്തിൽ തുല്യത പാലിച്ച്‌ ലീഗിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ. ഗുവാഹത്തിയിൽ നടന്ന മൽസരത്തിൽ ആതിഥേയരായ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡും ബംഗളൂരു എഫ്‌.സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നോർത്ത്‌ ഈസ്റ്റിനായി ഗല്ലെഗോയും ബംഗളൂരുവിനായി മൽസരത്തിന്റെ അധികസമയത്ത്‌ ചെഞ്ചോയും ഗോളുകൾ നേടി.

ജംഷഡ്‌പൂരുമായി സമനില നേടിയ അതേ ടീമിനെ തന്നെയാണ്‌ ആതിഥേയർ കളത്തിലിറക്കിയത്‌. ബംഗളൂരു ആൽബർട്ട്‌ സെറാനെ തിരികെ ആദ്യ ഇലവനിൽ കൊണ്ട്‌ വന്നു. ബംഗളൂരു മുന്നേറ്റവും നോർത്ത്‌ ഈസ്റ്റ്‌ പ്രതിരോധവും തമ്മിലായിരുന്നു പ്രധാനമായും ആദ്യ മിനുട്ടുകളിൽ മൽസരം. 32ആം മിനുട്ടിൽ ഒഗ്ബെച്ചെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിധിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബംഗളൂരു 4-4-1-1 എന്ന ശൈലിയിലേക്ക്‌ മാറി. പക്ഷെ 64ആം മിനുട്ടിൽ ആതിഥേയർ ലീഡെടുത്തു. ഒഗ്ബെച്ചെ നൽകിയ പാസിൽ നിന്ന് ഗല്ലെഗോ ഗുർപ്രീതിനെ കീഴടക്കി ഗോൾ നേടുകയായിരുന്നു. പരാജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ചെഞ്ചോ അധിക സമയത്ത്‌ ബംഗളൂരുവിന്റെ രക്ഷകനായി. 92ആം മിനുട്ടിൽ ക്യാപ്റ്റൻ ഛേത്രി ഹെഡ്‌ ചെയ്ത്‌ നൽകിയ പന്ത്‌ മികച്ചൊരു ഫിനിഷിലൂടെ ചെഞ്ചോ വലയിലെത്തിക്കുകയായിരുന്നു. ചെഞ്ചോയുടെ ആദ്യ ഐ.എസ്‌.എൽ ഗോളാണിത്‌. സമനിലയോടെ ലീഗിൽ ഒന്നാമതുള്ള ബംഗളൂരുവിന്‌ 23 പോയിന്റും രണ്ടാമതുള്ള നോർത്ത്‌ ഈസ്റ്റിന്‌ 19 പോയിന്റുമായി. ബംഗളൂരു ഒരു മൽസരം കുറവാണ്‌ കളിച്ചിട്ടുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!