മേൽമുറിക്കാർക്കും പറയാനുണ്ട്

സമീർ പിലാക്കൽ

അഖിലേന്ത്യ സെവൻസ് താരങ്ങൾ ഇറങ്ങിയെന്ന കാരണം പറഞ്ഞു മേൽമുറി ലോക്കൽ സെവൻസ് ടൂർണമെന്റിനെ സെവൻസ് ഫുട്ബാൾ അസോസിയേഷൻ ബഹിഷ്കരിച്ചുവത്രെ…
പ്രിയപ്പെട്ട അഖിലേന്ത്യ സെവൻസ് അസോസിയേഷനോട്….
പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്..
എന്നാൽ മേൽമുറി എന്ന വികാരം അസ്ഥിക്ക് പിടിച്ചു പോയി. നിങ്ങളൊന്നോർക്കണമായിരുന്നു..
നിരോധിത സെവൻസ് എന്ന് പറഞ്ഞു നിങ്ങൾ ബഹിഷ്‌ക്കരിക്കാൻ ശ്രമിക്കുന്ന മേൽമുറി ചാരിറ്റബിൾ സൊസൈറ്റി ഫുട്ബാൾ ടൂർണമെന്റ് അരികുവത്കരിക്കപ്പെട്ടവരുടെ അഭയമാണെന്ന്..നിരാലംബരുടെ നിലവാണെന്ന്..

ഫുട്ബോൾ മേൽമുറിയുടെ ജീവതാളമായതിന് മേൽമുറിയുടെ ചരിത്രത്തോളം പഴക്കമുണ്ട്. മേൽമുറിക്കാർ ഫുട്ബോൾ കളിക്കുന്നത് സ്നേഹം കൊണ്ടാണ്, അതിനെ നിരോധനമെന്ന ഫാസിസ്റ്റ് ഐഡിയോളജിയിലൂടെ ഇല്ലാതാക്കാമെന്നത് കരുതുന്നത് രാത്രിയിൽ കാണുന്ന പൊയ്കിനാവ് പോലെയാണ്. അതിർത്തികളില്ലാത്ത കളിയാണ് ഫുട്ബോൾ എന്നാണ് പറയാറ്. അതിന് അതിർത്തികൾ കാണാൻ ശ്രമിക്കരുത്. അതങ്ങനെ ദേശങ്ങൾക്കപ്പുറം, മൈതാനങ്ങൾക്കപ്പുറം ഒരു വികാരമായി പടരട്ടെ. വർത്തമാന അഖിലേന്ത്യ സെവൻസിലെ ഒഴിഞ്ഞ ഗാലറിയും മേൽമുറി ലോക്കൽ സെവൻസിന്റെ കുമ്മായവരക്കപ്പുറത്തെ ഗാലറിയിലെ ജനബാഹുല്യവും തമ്മിലെ വൈരുധ്യം കേവലം രണ്ടോ മൂന്നോ അഖിലേന്ത്യ താരങ്ങളെ മേൽമുറിയിൽ ഇറക്കിയതിൽ ഒതുക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. ഒത്തുകളിയും സംഘാടനത്തിലെ കാര്യസ്ഥതകളും കാണികളുടെ കളിയാവേശം കളക്ഷൻ പ്രൊപ്പഗാണ്ടയിൽ മാത്രമൊതുക്കിയതുമൊക്കെ കാണികളെ അഖിലേന്ത്യ മൈതാനങ്ങളിൽ നിന്ന് കളിയാവേശത്തിന്റെ നാടൻ മൈതാനങ്ങളിലേക്കെത്തിച്ചിട്ടുണ്ടാവണം.
അതിനാൽ തന്നെ അനാവശ്യ ചർച്ചകളൊഴിവാക്കാം. ഈ കളിയെ കൂടുതൽ ജനകീയമാക്കുന്നതിന് കൂടുതൽ ജനകീയമായ ചർച്ചകൾ വരട്ടെ…

ഒന്നോർമിപ്പിക്കുന്നു… മേൽമുറിക്കാരുടെ കളിയാവേശത്തിന്റെ അതിർത്തി ഭേദിക്കരുത്, എന്തെന്നാൽ അതിന് അതിർത്തികളില്ല എന്നത് തന്നെ. അതിനാൽ ഒത്തുകളിച്ചും കാണികളെ പിഴിഞ്ഞും ബാക്കി സമയം കിട്ടുകയാണേൽ മേൽമുറിക്കാർ അവരുടെ ഹൃദയം കൊണ്ടുണ്ടാക്കിയ മൈതാനത്തോട്ട് വരണം. അതിരുകളില്ലാത്ത ഫുട്ബാൾ ആവേശവുമായി നിങ്ങളെ അവർ കാത്തിരിക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!