ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽ

ക്രിക്കറ്റിലെ വിശ്വകിരീടം ഇതുവരെയെത്താത്ത കൈകളിലെത്തുമെന്നുറപ്പായി. അഞ്ചുവട്ടം കപ്പെടുത്ത പകിട്ടുമായെത്തിയ കങ്കാരുപ്പടയെ എട്ടുവിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ന്യൂസിലന്റിനെതിരായ കലാശക്കളിക്ക് യോഗ്യത നേടി. ഓസീസ് ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം ഏറെ ഓവറുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്.

സംഭവബഹുലമായിരുന്നു ഓസ്‌ട്രേലിയൻ ഇന്നിങ്സിലെ ആദ്യപത്തോവറുകൾ. ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയിലൊന്നായ വാർണർ – ഫിഞ്ച് സഖ്യത്തെ തുടക്കത്തിലേ മടക്കിയ ഇംഗ്ലണ്ട് പീറ്റർ ഹാൻഡ്‌സ്കോമ്പിനേയും വേഗം വീഴ്ത്തി. വിക്കറ്റ് കീപ്പർ കാരിയെ കൂട്ടുപിടിച്ച് സ്റ്റീവൻ സ്മിത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും റൺറേറ്റുയർത്താൻ ഇരുവർക്കുമായില്ല. മുഖത്ത് പരിക്കേറ്റിട്ടും പിന്മാറാതെ ബാറ്റേന്തിയ കാരി 46 റൺസെടുത്ത് മടങ്ങിയതോടെ ഓസ്‌ട്രേലിയ വീണ്ടും വിക്കറ്റുകൾ വലിച്ചെറിയാനാരംഭിച്ചു. സ്റ്റോയിൻസ് വന്നതിനേക്കാൾ വേഗത്തിൽ മടങ്ങിയപ്പോൾ മാക്സ് വെൽ വീണ്ടും നിരാശപ്പെടുത്തി. ഒരറ്റത്തുറച്ചുനിന്ന സ്മിത്ത് ഒടുവിൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ചാണ് സ്കോർ 200 കടത്തിയത്. 85 റൺസുമായി സ്മിത്ത് ടോപ്സ്കോററായപ്പോൾ സ്റ്റാർക്ക് 29 റൺസെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ്‌ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയർക്ക് അത്യുഗ്രൻ തുടക്കമാണ് ജേസൺ റോയും ബെയർസ്റ്റോയും ചേർന്ന് നൽകിയത്. സ്റ്റാർക്കിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സഖ്യം മറ്റ് ബൗളർമാരെയും താളംകണ്ടെത്താൻ അനുവദിച്ചതേയില്ല. അർദ്ധസെഞ്ചുറി പിന്നിട്ടതോടെ കൂടുതൽ പ്രഹരശേഷി പുറത്തെടുത്ത റോയ് സ്മിത്തിനെ മൂന്ന് തവണയാണ് നിലംതൊടാതെ, തുടർച്ചയായി അതിർത്തി കടത്തിയത്. 34 റൺസെടുത്ത ബെയർസ്‌റ്റോയെ സ്റ്റാർക്കൊടുവിൽ മടക്കുമ്പോഴേക്കും കളി ഇംഗ്ലണ്ട് കീശയിലാക്കിക്കഴിഞ്ഞിരുന്നു. അർഹിച്ച സെഞ്ചുറിക്ക് പതിനഞ്ച് റൺസ് അകലെ റോയിയും പുറത്തായെങ്കിലും റൂട്ടും മോർഗനും ചേർന്ന് ടീമിനെ അനായാസം വിജയത്തിലേക്കെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!