വജ്രത്തേക്കാൾ തിളക്കമുള്ള സ്വർണ്ണം

അജ്മൽ എൻ.കെ

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിന്റെ ഫൈനലിന്റെ ഫൈനൽ വിസിൽ വീണതും കൊറിയൻ ടീമൊന്നടങ്കം ആഘോഷത്തിമിർപ്പിന് തുടക്കമിട്ടിരുന്നു. ഗോൾരഹിതമായ നിശ്ചിതസമയത്തിന് ശേഷം എക്സ്ട്രാ ടൈമിൽ ജപ്പാൻ വലയിൽ രണ്ടുഗോൾ നിക്ഷേപിച്ചാണ് കൊറിയ സ്വർണ്ണത്തിനവകാശിയായത്. രാജ്യത്തിന്റെ കനകനേട്ടത്തിൽ ആ സംഘം മതിമറന്ന് സന്തോഷിക്കവേ നായകൻ മൈതാനമധ്യത്ത് ആനന്ദാശ്രു പൊഴിക്കുകയായിരുന്നു. വിജയത്തിലൂടെ കൊറിയ നേടിയത് സ്വർണ്ണമെങ്കിൽ ഹ്യുങ് മിൻ സൺ എന്ന കൊറിയൻ നായകൻ നേടിയത് തന്റെ കരിയർ തന്നെയായിരുന്നു. അകാലത്തിലവസാനിക്കുമായിരുന്ന തന്റെ ഫുട്ബോൾ ജീവിതം തിരിച്ചുപിടിച്ചതിലുള്ള സണ്ണിന്റെ സന്തോഷം വാക്കുകളുടെ വർണ്ണനയ്ക്കതീതം.

ഉത്തര – ദക്ഷിണ പോര് ഒരുകാലത്തും അവസാനിക്കാത്തതുകൊണ്ടുതന്നെ കൊറിയയിൽ വേറിട്ട നിയമങ്ങൾ ഒരുപാടുണ്ട്. കൊറിയയിലെ ഏതൊരു പൗരനും 27 വയസ് പൂർത്തിയാവും മുൻപ് 21 മാസക്കാലം രാജ്യത്തിനായി സൈനികസേവനം ചെയ്യണം. ആരോഗ്യമുള്ള എല്ലാ യുവാക്കൾക്കും ബാധകമായ ഈ നിയമത്തിൽ നിന്നും രക്ഷപ്പെടാൻ കായികതാരങ്ങൾക്ക് വഴിയൊന്നുമാത്രം. രാജ്യത്തിനായി വിലപ്പെട്ടൊരു നേട്ടം കൈവരിക്കുക. ഒളിമ്പിക്സിലോ, ഏഷ്യൻ ഗെയിംസ് പോലുള്ള കായികമാമാങ്കങ്ങളിലോ പതക്കമണിയുന്ന താരത്തിന് ഈ നിർബന്ധിതജോലി ചെയ്യേണ്ടതില്ല. ഒളിമ്പിക്സിലെ വെങ്കലമെഡൽ പോലും ഇളവിന് കാരണമാവുമെങ്കിലും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ മാത്രമേ താരങ്ങൾക്ക് ഇളവ് ലഭിക്കുകയുള്ളൂ. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാമിനായി മിന്നുംപ്രകടനം പുറത്തെടുക്കുന്ന സണ്ണിന് അവസാനകച്ചിത്തുരുമ്പായിരുന്നു ഏഷ്യൻ ഗെയിംസ്. രണ്ട് വർഷത്തോളം കളിയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നാൽ കരിയറസ്തമിക്കുമെന്ന തിരിച്ചറിവിൽ സൺ എല്ലാംമറന്ന് പൊരുതി. ഫൈനലിലെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയ സൺ ഒടുവിലത് നേടുക തന്നെ ചെയ്തു… വജ്രത്തേക്കാൾ തിളക്കമുള്ള സ്വർണ്ണം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!