ചെൽസിയെ വീഴ്ത്തി ടോട്ടൻഹാം

വാശിയേറിയ ലണ്ടൻ ഡർബി പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ടോട്ടൻഹാം ഹോട്സ്പർ. തങ്ങളുടെ താൽക്കാലിക മൈതാനമായ വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പർസ്‌ ചെൽസിയെ മലർത്തിയടിച്ചത്. സീസണിലെ തങ്ങളുടെ ആദ്യതോൽവി ഏറ്റുവാങ്ങിയ ചെൽസി പോയിന്റ്സ് ടേബിളിൽ നാലാംസ്ഥാനത്തേക്ക് വീണപ്പോൾ ടോട്ടൻഹാം മൂന്നാമതെത്തി.

ആദ്യവിസിൽ മുതൽ ഒന്നാന്തരം ആക്രമണനീക്കങ്ങൾ നടത്തിയ ആതിഥേയർ ചെൽസി ബോക്സിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടേയിരുന്നു. ആദ്യപകുതിയിൽ മാത്രം 7 തവണയാണ് ടീം എതിർപോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. എറിക്‌സണെടുത്ത ഫ്രീകിക്കിന് തലവെച്ച ഡെലെ അലിയാണ് ആതിഥേയരെ ആദ്യം മുന്നിലെത്തിച്ചത്. എട്ടാം മിനിറ്റിൽ വീണ ആദ്യഗോളിന് പിന്നാലെ നായകൻ ഹാരി കെയ്‌നും സ്പർസിനായി ലക്ഷ്യം കണ്ടു. ബോക്സിന് പുറത്തുനിന്നും താരം തൊടുത്ത ലോങ്ങ്‌റേഞ്ചർ ചെൽസി ഗോൾകീപ്പർ കെപയെ കാഴ്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. രണ്ടാംപകുതിയിലും ആക്രമണവീര്യം കെടാതെ സൂക്ഷിച്ച ടോട്ടൻഹാം ഹ്യുങ് മിൻ സണിന്റെ സോളോ ഗോളിലൂടെയാണ് വിജയമുറപ്പിച്ചത്. ഒപ്പമോടിയ ജോർജിഞ്ഞോയേയും, തടയാനെത്തിയ ലൂയിസിനെയും വേഗത കൊണ്ട് മറികടന്ന താരം കെപയേയും കീഴടക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജിറൗഡാണ് 85 ആം മിനിറ്റിൽ സന്ദർശകരുടെ ആശ്വാസഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!