ഇന്നും മറക്കാത്ത ഇരട്ടസെഞ്ചുറി

ശ്യാം അജിത്

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം, ഇംഗ്ലണ്ടിൽ എവിടെയോ ഒരു തിയേറ്ററിൽ ഒരു നിശബ്ദ നാടകം അരങ്ങേറുകയായിരുന്നു. സ്ഥിരം കണ്ടുമടുത്ത രംഗങ്ങളിലൂടെ കടന്നു പോയതിനാലാകാം കാണികൾ പതിയെ കസേരകൾ വിട്ടു പോകാൻ തുടങ്ങി. പെട്ടന്നായിരുന്നു വേദിയിലെ അഭിനേതാവിൽ നിന്നും ഒരു ശബ്ദം മുഴങ്ങിയത്. “അയ്യോ ആരും പോകല്ലേ”. പതിവില്ലാതെ ഉയർന്ന ആ ശബ്ദം കാണികളെ പതിയെ തങ്ങളുടെ കസേരകളിൽ തിരികെയെത്തിച്ചു. കൗതുകപൂർവ്വം അവരാ നാടകം പൂർത്തിയാക്കി. അങ്ങനെയാണത്രെ ശബ്ദചലച്ചിത്രമെന്ന ആശയത്തിന് ജീവൻ വച്ചത് !!!.

മേൽപറഞ്ഞ കഥയും ക്രിക്കറ്റുമായി എന്താണ് ബന്ധം ?. ആസ്വാദകരുടെ കൗതുകം മുതലെടുക്കുവാൻ എക്കാലവും ക്രിക്കറ്റ്‌ ശ്രമിച്ചിട്ടുണ്ട്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ നിറമില്ലാത്ത ലോകത്തു നിന്നും നമ്മെ ഏകദിന ക്രിക്കറ്റിന്റെ വർണങ്ങളിലേക്കു കൈപിടിച്ചു നടത്തിയ കെറി പാർകർ മുതൽ ക്യാപ്സ്യൂൾ പരുവത്തിൽ ടി20 ക്രിക്കറ്റിന്റെ അതിവേഗതയിലുള്ള ആവേശത്തിന്റെ മധുരം നമുക്കു സമ്മാനിച്ച വർണശബളമായ ലീഗുകൾ വരെ ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ. അവയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായി ടെസ്റ്റ്‌ ക്രിക്കറ്റ് ഒരുപാട് ബുദ്ധിമുട്ടുന്നുമുണ്ട്. നേരം കൊല്ലി കളിയിൽ നിന്നും ഒട്ടേറെ മുന്നേറിയ ക്രിക്കറ്റിന്റെ “മരിച്ചുകൊണ്ടിരിക്കുന്ന” പ്രാകൃതരൂപത്തിന്റെ ചാരത്തിൽ നിന്നും ചില തീപ്പൊരികൾ ജന്മമെടുക്കാറുണ്ട്. അത്തരമൊരു തീപ്പൊരിയായിരുന്നു ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ പുൽമൈതാനിയിൽ നഥാൻ ആസിൽ എന്ന ന്യൂസിലാൻഡ് ബാറ്സ്മാൻറെ ബാറ്റിൽ നിന്നും ചിതറിയ 222 റണ്ണുകൾ !!.

ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി എന്നതിനേക്കാൾ ആസിലിന്റെ പ്രകടനത്തെ വേറിട്ടു നിർത്തുന്നത് ആ റണ്ണുകൾ ഒഴുകിയ സാഹചര്യമാണ്. ടീം ഒരു വൻ തോൽവിയെ അഭിമുഖീകരിക്കുമ്പോൾ ഒരു പക്ഷേ ഒരു സമനിലയ്ക്കു വിദൂരമായ സാധ്യത നിലനിൽക്കുമ്പോൾ വിജയമെന്ന സ്വപ്നത്തിലേക്ക് നിർഭയം ബാറ്റു വീശുക !!. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അങ്ങനെയൊരു സാഹസത്തിനു ശ്രമിച്ചിരിക്കുക ന്യൂസിലാൻഡ് മാത്രമായിരിക്കും, അതിനു ചുക്കാൻ പിടിച്ചിരിക്കുക നഥാൻ ജോൺ ആസിലും.

2002 മാർച്ച്‌ 13നു ആരംഭിച്ച ന്യൂസിലൻഡ് – ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ദിനങ്ങൾ ബൗളർമാരുടേതായിരുന്നു. കെയിൻസിന്റെയും ഡ്രമ്മിന്റെയും മൂന്നു വിക്കറ്റ് പ്രകടനങ്ങളിൽ ആദ്യ ദിനം വെറും 228 റൺസിൽ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ഒരു വൻ ഒന്നാമിന്നിങ്‌സ് ലീഡ് പ്രതീക്ഷിച്ചു ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് പക്ഷേ പിഴച്ചു. മാത്യു ഹോഗ്ഗാർഡ് എന്ന ഫാസ്റ്റ് ബൗളറുടെ വേഗതയ്ക്കു മുന്നിൽ അടിപതറിയ കിവീസിന്റെ സ്കോർ 147ൽ നിൽക്കുമ്പോൾ അവസാന ബാറ്റ്സ്മാനും പവലിയനിൽ തിരിച്ചെത്തി. വെറും 63 റണ്ണുകൾ വഴങ്ങി ഏഴു കിവി ബാറ്റ്സ്മാന്മാരുടെ തലയരിഞ്ഞ ഹോഗ്ഗാർഡ് ഏതാണ്ട് ഒറ്റയ്ക്കുതന്നെ ആതിഥേയരുടെ ഒന്നാമിന്നിങ്സിന് തിരശീലയിട്ടു.

ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്‌സുകൾ അവസാനിച്ചപ്പോൾ 81 റണ്ണുകളുടെ വ്യക്തമായ മേധാവിത്വം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. ഇതു മുതലാക്കാനായി രണ്ടാമിന്നിങ്സിന്റെ തുടക്കം മുതൽ സ്കോറിങ് വേഗത്തിലാക്കാൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ ശ്രമിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കിവീസ് ബൗളർമാർ പ്രതികരിച്ചതോടെ 106 റൺസിന്‌ 5 വിക്കറ്റുകൾ എന്ന നിലയിലായി ഇംഗ്ലണ്ട് സ്കോർബോർഡ്.

പക്ഷേ ക്രൈസ്റ്ചർച്ചിലെ പിച്ചിന്റെ സ്വഭാവം മാറുവാൻ തുടങ്ങിയിരുന്നു. ബാറ്സ്മാനെ ഭയപ്പെടുത്തി കീപ്പറുടെ കൈകളിൽ വിശ്രമിച്ചിരുന്ന പന്തുകൾ പതിയെ ശാന്തത കൈവരിക്കാൻ തുടങ്ങി. ഗ്രഹാം തോർപ്പ് എന്ന മികച്ച ടെസ്റ്റ്‌ ബാറ്സ്മാനും ആൻഡ്രൂ ഫ്ലിന്റോഫ് എന്ന സമീപകാലത്തെ ഏറ്റവും മികച്ച ഓൾറൗണ്ടറും ചേർന്ന് പന്തുകളെ അതിർത്തിവര കടത്താൻ തുടങ്ങിയതോടെ ഏതാണ്ടെല്ലാ ന്യൂസിലൻഡ് ബൗളർമാരും ഇരുവരുടെയും ബാറ്റിന്റെ ചൂടറിഞ്ഞു. അക്കാലത്തു ഏകദിന മത്സരങ്ങളിൽ പോലും അസാധാരണമായിരുന്ന അഞ്ചു റൺ ശരാശരിയിൽ ഇംഗ്ലണ്ട് സ്കോർ ബോർഡ് കുതിച്ചു പാഞ്ഞു. ഇരട്ട സെഞ്ചുറി നേടിയ തോർപ്പിന്റെയും സെഞ്ചുറി നേടിയ ഫ്ലിന്റോഫിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 468 രണ്ടാമിന്നിംഗ്സ്‌ ഡിക്ലയർ ചെയ്തു.

രണ്ടു ദിവസത്തോളം കളി ബാക്കി നിൽക്കേ 555 റണ്ണുകൾ എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നായകൻ നാസ്സർ ഹുസൈൻ സ്റ്റീഫൻ ഫ്ലെമിങ്ങിനും സംഘത്തിനും മുന്നിൽ വച്ചു നീട്ടിയത്. സ്വന്തം കാണികൾക്കു മുന്നിൽ ഒരു പരാജയം ഏതാണ്ടുറപ്പായിരുന്നുവെങ്കിലും എങ്ങനെ അതേറ്റുവാങ്ങണം എന്നായിരിക്കാം ഫ്ലെമിംഗ് ഇടവേള സമയത്തു ചിന്തിച്ചിരിക്കുക. പക്ഷേ നഥാൻ ആസിൽ എന്ന പോരാളിക്ക് രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു. തന്റെ ജന്മനാട്ടിൽ ഒരു ഭീരുവിനെപ്പോലെ കീഴടങ്ങാൻ അയാൾക്കാകുമായിരുന്നില്ല. തിളയ്ക്കുന്ന മനസ്സുമായി അയാൾ പവലിയനിൽ തന്റെ ഊഴം കാത്തിരുന്നു.

നാല്പത്തിമൂന്നാം ഓവറിൽ റിച്ചാർഡ്സൺ കിവീസിന്റെ മൂന്നാം വിക്കറ്റിന്റെ രൂപത്തിൽ പുറത്താകുമ്പോൾ വെറും 119 റണ്ണുകൾ മാത്രമായിരുന്നു സ്കോർബോർഡിൽ ഉണ്ടായിരുന്നത്. പകരമെത്തിയ ആസിൽ പതിയെ താളം കണ്ടെത്താൻ തുടങ്ങി. ഹൊഗ്ഗർഡിന്റെ നാല്പത്തഞ്ചാം ഓവറിൽ തുടർച്ചയായ രണ്ടു ബൗണ്ടറികൾ നേടി ആസിൽ തന്റെ റൺവേട്ടയ്ക്കു തുടക്കമിട്ടു. ആദ്യ ഇന്നിങ്സിൽ തന്റെ ടീമിനെ തകർത്തെറിഞ്ഞ ഹോഗ്ഗാർഡും കാഡിക്കുമായിരുന്നു ആസിലിന്റെ പ്രധാന ഇരകൾ. ഇരുവരെയും തുടർച്ചയായി അതിർത്തിവര കടത്തുന്നതിൽ അയാൾ ഒരു പ്രത്യേക ആനന്ദം കണ്ടെത്തി. ഇതിനിടെ ഫ്ലെമിംഗ് പുറത്തായെങ്കിലും ആസിൽ ചെറുത്തുനിൽപ്‌ തുടർന്നു. പകരമെത്തിയ മാക്‌മില്ലനെയും പരോരെയും രണ്ടോവറുകൾക്കുള്ളിൽ നഷ്ടപ്പെട്ടതോടെ 252 റൺസിന് ആറു വിക്കറ്റ് എന്ന നിലയിലായി കിവീസ്. വെറ്റോറിയെ കൂട്ടുപിടിച്ചു വ്യക്തിഗത സ്കോർ നൂറു കടത്തിയെങ്കിലും 300 റൺസിൽ നിൽക്കെ വെറ്റോറിയെയും ഒരു റൺ മാത്രം കൂട്ടിച്ചേർത്തതോടെ എട്ടാമനായി ഡ്രമ്മിനെയും കിവികൾക്കു നഷ്ടമായി.

എങ്കിലും പൊരുതാൻ തന്നെയായിരുന്നു ആസിലിന്റെ തീരുമാനം, തനിക്കേറ്റവും പ്രിയപ്പെട്ട പോയന്റിലൂടെയും കവറിലൂടെയും അദ്ദേഹം യഥേഷ്ടം ബൗണ്ടറികൾ കണ്ടെത്തി. മാത്യു ഹൊഗ്ഗർഡിന്റെ ഒരോവറിൽ നാലു തവണയാണ് പന്ത് അതിർത്തി കടന്നത്. തൊട്ടടുത്ത ഫ്ലിന്റോഫിന്റെ ഓവറിൽ മൂന്നു തവണയും !!!. ഹൊഗ്ഗർഡിനു പകരമെത്തിയ കാഡിക്കിന്റെ പന്തിൽ ഒൻപതാമനായി ബട്ലർ പുറത്തായതോടെ ന്യൂസിലാൻഡ് കാണികളും ഫ്ലെമിങും ഒന്നുകൂടി ആശയക്കുഴപ്പത്തിലായി. കാരണം ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്സിൽ പരിക്കേറ്റു പുറത്തുപോയ ക്രിസ് കൈൻസ് മാത്രമായിരുന്നു കിവി ബാറ്റിംഗ് നിരയിൽ അവശേഷിച്ചിരുന്നത്. ഇരുനൂറിലേറെ റണ്ണുകൾ അകലെയുള്ള ഒരു ലക്ഷ്യത്തിനു വേണ്ടി കൈൻസിന്റെ പരിക്ക് വഷളാക്കുവാൻ ഒരിക്കലും ഫ്ലെമിങ് ആഗ്രഹിച്ചിരുന്നില്ല.

പക്ഷേ ക്രൈസ്റ്റ്ചർച്ചിലെ കാണികളെപ്പോലെ തന്നെ കൈൻസും ആ ഇന്നിംഗ്‌സിനെ ആരാധിച്ചിരിക്കാം. കാണികളുടെ കരഘോഷങ്ങൾക്കിടയിലൂടെ അവസാന ബാറ്സ്മാനായി കൈൻസ് പിച്ചിലേക്കു വരുമ്പോൾ കാണികൾക്കൊപ്പം ഇംഗ്ലീഷ് കളിക്കാരും സന്തോഷിച്ചിരിക്കാം കാരണം അത്രയേറെ ആനന്ദം പകരുന്നതായിരുന്നു ആ ബാറ്റിംഗ് വിരുന്ന് !!.

ഹൊഗ്ഗർഡിന്റെ അടുത്ത ഓവറിൽ രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം പതിനെട്ടു റൺസ്, തൊട്ടടുത്ത കാഡിക്കിന്റെ ഓവറിൽ രണ്ടുവീതം സിക്സറുകളും ഫോറുകളുമായി ഇരുപതു റൺസുകൾ !!.
ഈ കാലഘട്ടത്തിൽ ഒരു ടി20 മത്സരത്തിൽ പോലും കാണാൻ സാധിക്കാത്ത വേഗത്തിൽ സ്കോർബോർഡ് കുതിച്ചു പാഞ്ഞു. ഒടുവിൽ ആഷ്‌ലി ഗൈൽസിനെതിരെ സിംഗിൾ നേടി ആസിൽ തന്റെ ഇരട്ടശതകം പൂർത്തിയാക്കി. വെറും 153 പന്തുകളിൽ നിന്നുമാണ് അദ്ദേഹം ആ മാന്ത്രികസംഖ്യയിലെത്തിയത്. 114 പന്തുകളിൽ നിന്നും ആദ്യ ശതകം പൂർത്തിയാക്കിയ ആസിലിനു തന്റെ രണ്ടാം സെഞ്ചുറിക്കായി നേരിടേണ്ടി വന്നത് വെറും മുപ്പത്തിയൊൻപത് പന്തുകൾ മാത്രമായിരുന്നു.

ആക്രമണം എന്ന ഇരുതല മൂർച്ചയുള്ള വാളിലൂടെയായിരുന്നു ഇന്നിംഗ്സിലുടനീളം നഥാൻ ആസിൽ സഞ്ചരിച്ചത്. ഒടുവിൽ അതു തന്നെ ആ ഇന്നിങ്സിനു വിരാമമിടുകയും ചെയ്തു. ഹൊഗ്ഗർഡിന്റെ ഓവറിൽ ഒരു പടുകൂറ്റൻ സിക്സറിനു ശേഷം ഒരു വൈഡ് ബോളിനു പിറകെ പോയ ആസിൽ വിക്കറ്റ് കീപ്പറിനു ക്യാച്ച് നൽകി അവസാന ബാറ്റ്സ്മാനായി പുറത്താകുമ്പോൾ ന്യൂസിലണ്ടിനു ജയം വെറും 99 റണ്ണുകൾ മാത്രം അകലെയായിരുന്നു.

അവസാന വിക്കറ്റിന്റെ ആശ്വാസവും ജയത്തിന്റെ ആഹ്ലാദവും പങ്കിടാനായി സഹതാരങ്ങൾക്കരികിലേക്കു പോകുന്നതിനു മുന്നേ ഇംഗ്ലീഷ് നായകൻ നാസർ ഹുസൈൻ ഓടിയെത്തിയത് ആസിലിനെ അഭിനന്ദിക്കാനായിരുന്നു. മഹാമേരുവായി നിന്ന ഒരു ലക്ഷ്യത്തിനു മുന്നിൽ ഒട്ടുംതന്നെ ഭയപ്പാടില്ലാതെ സധൈര്യം പോരാടിയ ആ മനുഷ്യനു മുന്നിൽ ഇംഗ്ലണ്ടിന്റെ വിജയം വളരെ ചെറുതായി തോന്നി. കാണികളുടെ കരഘോഷത്തിന്റെ അകമ്പടിയോടെ പവലിയനിലേക്ക് നടക്കുമ്പോൾ ഉയർന്നു നിന്നിരുന്ന അദ്ദേഹത്തിന്റെ ബാറ്റ് നമ്മെ ഒന്നോർമിപ്പിച്ചിരുന്നു…

“പോരാടുവാനുള്ള മനസ്സുണ്ടെങ്കിൽ ഏതു ലക്ഷ്യവും അകലെയല്ല, നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയെ തടയാൻ കഴിയുക നമ്മിലെ പരാജയഭീതിക്കു മാത്രമാണ് “.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!