ചാനലിനെതിരെ ചെയ്യാൻ കഴിയുന്നതെന്ത്?

അജ്മൽ എൻ.കെ

കോപ്പ അമേരിക്കയുടെ ആദ്യസെമിയിൽ സൂപ്പർ ക്ലാസിക്കോ അരങ്ങേറിക്കഴിഞ്ഞു. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സകലസൗന്ദര്യവുമാവാഹിച്ച രണ്ട് വമ്പന്മാർ ഏറ്റുമുട്ടിയ കളിക്കൊടുവിൽ കാനറികൾ കലാശക്കളിക്ക് യോഗ്യത നേടി. കളി കാണാൻ ലോകം ടെലിവിഷനിലേക്ക് കൺപാർത്തിരുന്നപ്പോൾ ഇന്ത്യയിലെ ആരാധകരുടെ നോട്ടം ഫോണിലേക്കായിരുന്നു. ഡാറ്റ ബാലൻസും റേഞ്ചും കളിയെ ബാധിക്കുമോ എന്ന അങ്കലാപ്പവരിൽ നിറഞ്ഞിരുന്നു. എപിക് സ്പോർട്സും ജിഎച്ച്‌ടി സ്പോർട്സും രക്ഷകരായവതരിച്ചത് കൊണ്ട് മാത്രം കളി കാണാൻ ഭാഗ്യം ലഭിച്ചവർ. മാസത്തിൽ 40 ഓളം രൂപ സ്പോർസ് ചാനലുകളോരോന്നും നമ്മളിൽ നിന്നും പിടിച്ചുവാങ്ങുന്നതും പോരാഞ്ഞാണീ ദുരവസ്ഥ !. കോപ്പ കാലങ്ങളായി സ്വന്തമാക്കിയിരുന്ന സോണി നെറ്റ് വർക്ക് ഇത്തവണ കയ്യൊഴിഞ്ഞപ്പോൾ, സ്റ്റാർ താല്പര്യം പ്രകടിപ്പിച്ചതുപോലുമില്ല!

ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമാരംഭിച്ച നാളുകൾ മുതലേ മുൻപന്തിയിൽ നിലയുറപ്പിച്ച നെറ്റ് വർക്കുകളിലൊന്നാണ് സ്റ്റാർ. ഇഎസ്പിഎൻ എന്ന, അന്യംനിന്നുപോയ ചാനലിലൂടെ ഫുട്ബോൾ മത്സരങ്ങൾ ആവേശത്തോടെ കണ്ട കാലം കാൽപന്ത് പ്രേമികളുടെ മനസ്സിലിന്നും തെളിഞ്ഞുനിൽപ്പുണ്ട്. “സ്റ്റാർ ക്രിക്കറ്റ്” എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് മാത്രമായൊരു ചാനൽ തുടങ്ങിയപ്പോഴും ഇഎസ്പിഎന്നിലൂടെ ഫുട്ബോൾ ആരാധകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റാർ നെറ്റ് വർക്കിന്‌ സാധിച്ചിരുന്നു. പതിയെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞുതുടങ്ങി. സ്റ്റാർ തങ്ങളുടെ സിസ്റ്റത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി. ചാനലുകളെ സ്റ്റാർ സ്പോർട്സ് 1, 2, 3 എന്നിങ്ങനെ നാമകരണം ചെയ്തു. ക്രിക്കറ്റിനെ മാത്രം പുണരുന്ന, കാല്പന്തിനെ പാടെ അവഗണിക്കുന്ന അവസ്ഥയിലേക്ക് നെറ്റ് വർക്ക് തരംതാഴ്ന്നത് ഞൊടിയിട കൊണ്ടാണ്. പ്രസക്തമായ, പ്രശസ്തമായ, പ്രീമിയർ ലീഗ് മത്സരങ്ങളെ കണ്ടില്ലെന്ന് നടിച്ച സ്റ്റാർ ‘ഔട്ട്‌സ്റ്റാൻഡിങ് ഓജ’യെന്നും ‘സ്വിങ്ങിങ് ഷമി’യെന്നും മറ്റും ഓമനപ്പേരിട്ട് പഴയ ക്രിക്കറ്റ് മത്സരങ്ങൾ ആവർത്തിച്ച് കാണിച്ചത് മലയാളികളിന്നും മറന്നുകാണില്ല. ഒരേ ക്രിക്കറ്റ് മത്സരം വ്യത്യസ്ത കമന്ററിയിൽ വ്യത്യസ്ത ചാനലുകളിൽ സ്റ്റാർ സംപ്രേഷണം ചെയ്തപ്പോൾ ഇഷ്ടടീമിന്റെ ഫുട്ബോൾ മത്സരങ്ങൾക്ക് പലപ്പോഴും ഫോണാണ് തുണയായത്.

കണ്മുന്നിൽ ഈ അനീതി നടമാടുമ്പോഴും നോക്കി നിൽക്കാനേ നമുക്ക് കഴിയൂ എന്നാണ് പലരുടെയും ധാരണ. നമ്മൾ കുറച്ചുപേർ വിചാരിച്ചിട്ട് എന്താവാനാണെന്ന ചോദ്യം ഓരോരുത്തരും നൂറാവർത്തി സ്വയം ചോദിച്ചുകാണും. ഒരു സുപ്രഭാതത്തിൽ കാര്യങ്ങൾ കീഴ്മേൽ മറിക്കാൻ കഴിയില്ലെങ്കിലും ചെയ്യാനാവുന്ന പലതുമുണ്ട്.

“ഈ ചാനലുകളെ ബഹിഷ്ക്കരിക്കാൻ നമുക്ക് സാധിക്കും! “

നിങ്ങളുടെ നെറ്റിചുളിയുന്നതും, മുഖത്തൊരു പരിഹാസച്ചിരി വിരിയുന്നതും എനിക്കൂഹിക്കാൻ കഴിയും. എന്നാൽ ചരിത്രത്തിലെ പലകണക്കുകളും ആശയേകുന്നവയാണ്. ഒരുപിടി അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതിയ മുല്ലപ്പൂ വിപ്ലവം നടന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നോർക്കുക. ഓരോ ചാനലും നമ്മളുടെ ഇഷ്ടപ്രകാരം വേണമെന്നും വേണ്ടെന്നും തീരുമാനിക്കാവുന്ന ഈ കേബിൾ യുഗത്തിൽ ഒരു മാസമെങ്കിലും ഈ ചാനലെനിക്ക് വേണ്ടെന്ന് തീരുമാനിക്കാൻ എളുപ്പം കഴിയുമെന്നതോർക്കുക. ഓഫ്സീസണായതിനാൽ ഇപ്പോൾ ചാനൽ റീചാർജ് ചെയ്തില്ലെങ്കിലും ഇഷ്ടപ്പെട്ട കളികൾ നഷ്ട്ടപ്പെടില്ല എന്നതുമോർക്കുക. 3 കോടി ജനങ്ങളുള്ള കേരളത്തിൽ ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരുണ്ട്. അവരിലൊരു നല്ല ശതമാനം പേർ ഇത്തരമൊരു തീരുമാനമെടുത്താൽ ചാനലുടമകളുടെ ശ്രദ്ധയിലത് പെടുമെന്നതുറപ്പ്. ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകളിൽ മലയാളികൾ ഈ ആവശ്യവുമായി നിരന്തരം കയറിയിറങ്ങാറുള്ളതിനാൽ റേറ്റിങിലെ ഇടിവിന്റെ കാരണം മനസ്സിലാക്കാനാവർക്ക് എളുപ്പം സാധിക്കും. അതവരെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നുറപ്പില്ലയെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനായതിന്റെ നിർവൃതിയിൽ നമുക്ക് വരും സീസൺ ആരംഭിക്കുന്നതും കാത്തിരിക്കാം. പ്രതികരിക്കാനായതിന്റെ ആശ്വാസത്തോടെ കൗണ്ട് ഡൗൺ തുടങ്ങാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!