ദൈവം ഗോളടിച്ച ദിവസം

ബ്രസീലിൽ ഇപ്പോൾ കോപ്പ അമേരിക്ക അരങ്ങേറുകയാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ അർജന്റീന തപ്പിത്തടഞ്ഞ്‌ കൊണ്ടിരിക്കുന്നു. കിരീടങ്ങൾ അകന്ന് നിൽക്കുന്ന അർജന്റീനയുടെ വിശ്വ വിഖ്യാതമായ ഒരു ലോക കിരീടത്തിലേക്ക്‌ ചവിട്ടുപടിയായ മൽസരത്തിന്റെ വാർഷികമാണിന്ന്. മൽസര ഫലത്തിലുപരി ആ ദിനം ഓർമ്മിക്കപ്പെടുന്നത്‌ രണ്ട്‌ ഗോളുകളുടെ പേരിലാണ്‌. ഒന്ന് കുപ്രസിദ്ധിയാർജിച്ചെങ്കിൽ മറ്റൊന്ന് അറിയപ്പെടുന്നത്‌ നൂറ്റാണ്ടിന്റെ ഗോളെന്ന പേരിലാണ്‌. മൽസരം 1986 ലോകകപ്പ്‌ ക്വാർട്ടർ ഫൈനലായിരുന്നു. ഗോളുകൾ നേടിയത്‌ സാക്ഷാൽ ഡീഗോ അർമാൻഡോ മറഡോണയും.

1986 ജൂൺ 22. ലോകകപ്പ്‌ മെക്‌സിക്കോയിൽ അരങ്ങേറുന്നു.
ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഫോക്‌ലാൻഡ്‌സ്‌ യുദ്ധം കളത്തിലിറങ്ങും മുമ്പേ തന്നെ മൽസരത്തെ ശ്രദ്ധേയമാക്കിയിരുന്നു. മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല. രണ്ടാം പകുതി ആരംഭിച്ച്‌ കൃത്യം 51 മിനുട്ട്‌ പിന്നിട്ടിരുന്നു. വാൽഡാനോയെ ലക്ഷ്യമാക്ക്‌ പന്ത്‌ പാസ്‌ ചെയ്ത്‌ അർജന്റീന ക്യാപ്റ്റൻ മറഡോണ ഇംഗ്ലീഷ്‌ ബോക്‌സിലേക്ക്‌ കുതിച്ചു. പന്ത്‌ ക്ലിയർ ചെയ്യാൻ ശ്രമിച്ച സ്റ്റീവ്‌ ഹോഡ്‌ജിന്റെ കാലിൽ തട്ടി പന്ത്‌ ബോക്‌സിലേക്ക്‌. മറഡോണയും ഇംഗ്ലീഷ്‌ കീപ്പർ പീറ്റർ ഷിൽട്ടണും പന്തിനായി ഉയർന്ന് പൊങ്ങി. കൈ കൊണ്ട്‌ കുത്തിയകറ്റാൻ ശ്രമിച്ച പീറ്റർ ഷിൽട്ടണെ മറികടന്ന് മറഡോണയുടെ കൈയിൽ തട്ടി പന്ത്‌ വലയിലേക്ക്‌. ഇംഗ്ലീഷ്‌ താരങ്ങൾ ഹാൻഡ്‌ ബാളിനായി വാദിച്ചെങ്കിലും എന്താണ്‌ സംഭവിച്ചതെന്നറിയാതെ റഫറി അലി ബിൻ നാസർ മൈതാന മധ്യത്തേക്ക്‌ വിരൽ ചൂണ്ടിക്കഴിഞ്ഞിരുന്നു. ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ പിന്നീടീ ഗോൾ കുപ്രസിദ്ധമായി.

പക്ഷെ ആ മൽസരത്തിലെ ഏറ്റവും മനോഹരമായ നിമിഷം നാല്‌ മിനുട്ടുകൾക്കുള്ളിൽ പിറന്നു. ഇത്തവണയും മറഡോണയായിരുന്നു താരം. മിഡ്ഫീൽഡർ ഹെക്‌ടർ എൻറിക്വെയുടെ പാസ്‌ സ്വന്തം ഹാഫിൽ നിന്ന് സ്വീകരിച്ച്‌ മറഡോണ കുതിച്ചു. ആറ്‌ തവണ ഇംഗ്ലീഷ്‌ താരങ്ങളെ അതി മനോഹരമായി വെട്ടിച്ച്‌ മുന്നേറിയ പീറ്റർ ഷിൽട്ടണേയും മറികടന്ന് പന്ത്‌ വലയിലെത്തിക്കുമ്പോൾ ഗ്യാലറിയിൽ കൂടിയിരുന്ന കാണികൾ അവിശ്വസനീയതയോടെ മിഴിച്ച്‌ നിൽക്കുകയായിരുന്നു. ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്ന പേരിൽ പിന്നീടീ ഗോൾ പ്രശസ്തമായി. പിന്നീട്‌ ലിനേക്കർ ഇംഗ്ലണ്ടിനായി ഒരു ഗോൾ നേടിയെങ്കിലും അവസാന ചിരി മറഡോണയുടേതും അർജന്റീനയുടേതുമായിരുന്നു. ആ കുതിപ്പ്‌ ലോകകിരീടത്തിലാണ്‌ അവസാനിച്ചത്‌ . ലോകകപ്പിലെ ഏറ്റവും മനോഹരമായ പ്രകടനത്തിന്റെ ഓർമ്മകൾ നമുക്കും നുകരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!