രഞ്ജിയിൽ കേരളത്തിന്‌ 151 റൺസ്‌ തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ തോൽവി. തമിഴ്‌നാട്‌ 151 റൺസിനാണ്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌. രണ്ടാമിന്നിംഗ്‌സിൽ 368 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന കേരളം 217 റൺസിന്‌ പുറത്താവുകയായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അടുത്തമത്സരത്തിൽ ശക്തരായ ഡൽഹിയാണ് കേരളത്തിന്റെ എതിരാളികൾ.

സ്കോർ :

തമിഴ്‌നാട്‌ ഒന്നാമിന്നിംഗ്‌സ്‌ : 268/10
കേരളം : 152/10
തമിഴ്‌നാട്‌ രണ്ടാമിന്നിംഗ്‌സ്‌ : 252/7
കേരളം : 217/10

നേരത്തെ തമിഴ്‌നാടിന്റെ 268 എന്ന ഒന്നാം ഇന്നിംഗ്‌സ്‌ സ്കോറിനെതിരെ കേരളം 152 റൺസിന്‌ പുറത്തായിരുന്നു. 59 റൺസ്‌ നേടിയ പൊന്നം രാഹുൽ മാത്രമാണ്‌ കേരള നിരയിൽ പിടിച്ച്‌ നിന്നത്‌. 29 റൺസെടുത്ത സിജോമോനും 22 റൺസ്‌ നേടിയ അരുൺ കാർത്തികുമാണ്‌ രണ്ടക്കം കണ്ട മറ്റുള്ളവർ. 87 റൺസ്‌ നേടിയ ക്യാപ്റ്റൻ ഇന്ദ്രജിത്തിന്റേയും 92 റൺസ്‌ നേടിയ ഷാറൂഖ്‌ ഖാന്റേയും മികവിലായിരുന്നു തമിഴ്‌നാട്‌ 268 റൺസിലെത്തിയത്‌. കേരളത്തിനായി ഒന്നാമിന്നിംഗ്‌സിൽ സന്ദീപ്‌ വാര്യർ അഞ്ച്‌ വിക്കറ്റും ബേസിൽ തമ്പി നാല്‌ വിക്കറ്റും വീഴ്ത്തി. നാല്‌ വിക്കറ്റ്‌ വീഴ്ത്തിയ റാഹിലും മൂന്ന് വിക്കറ്റ്‌ നേടിയ നടരാജനുമാണ്‌ കേരളത്തിന്റെ മുനയൊടിച്ചത്‌.
രണ്ടാമിന്നിംഗ്‌സിനിറങ്ങിയ തമിഴ്‌നാടിനായി കൗശിക്‌ ഗാന്ധി 59 റൺസ്‌ നേടി അടിത്തറ നൽകി. ക്യാപ്റ്റൻ ഇന്ദ്രജിത്ത്‌ 92 റൺസ്‌ നേടി രണ്ടാമിന്നിംഗ്‌സിലും തിളങ്ങി. 368 എന്ന വലിയ ലക്ഷ്യം നൽകി തമിഴ്‌നാട്‌ ഇന്നിംഗ്‌സ്‌ ഡിക്ലയർ ചെയ്തു.
രണ്ടാമിന്നിംഗ്‌സിനിറങ്ങിയ കേരള നിരയിൽ സഞ്ജുവും സിജോമോനും സമനിലക്ക്‌ വേണ്ടി പൊരുതിയെങ്കിലും അനിവാര്യമായ പരാജയം തടയാൻ കഴിയാതെ പോയി. 55 റൺസെടുത്ത സിജോ മോൻ പുറത്തായ ശേഷമെത്തിയ ആർക്കും സഞ്ജുവിന്‌ പിന്തുണ നൽകാനായില്ല. 91 റൺസെടുത്ത സഞ്ജു എട്ടാമനായി കൂടാരം കയറിയതോടെ കേരളത്തിന്റെ സമനില പ്രതീക്ഷകൾ അവസാനിച്ചു. അഞ്ച്‌ വിക്കറ്റുമായി നടരാജൻ വീണ്ടും തമിഴ്‌നാട്‌ ബൗളിംഗിൽ തിളങ്ങി. നടരാജൻ തന്നെയാണ് കളിയിലെ താരവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!