ലീഗ് കപ്പ് സെമിഫൈനൽ, ആദ്യപാദം ടോട്ടൻഹാമിന്

ചെൽസിക്കെതിരായ ലീഗ് കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിന് വിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് സ്പർസ്‌ ചെൽസിയെ വീഴ്ത്തിയത്. തോറ്റെങ്കിലും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാംപാദത്തിലെ ഫലം അനുകൂലമായാൽ ചെൽസിക്ക് ഫൈനലിലേക്ക് മുന്നേറാം.

ഇരുടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിൽ വീഡിയോ റിവ്യൂ ടെക്നോളജിയാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. ഇരുപത്തി അഞ്ചാം മിനിറ്റിൽ ചെൽസി ഗോൾകീപ്പർ കെപ ചെയ്ത ഫൗളിന് വീഡിയോയുടെ സഹായത്തോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഹാരി കെയ്ൻ പിഴവില്ലാതെ ലക്ഷ്യം കാണുകയും ചെയ്തു. ഗോൾ തിരിച്ചടിക്കാൻ ചെൽസി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾകീപ്പർ പൗലോ ഗസനിംഗയുടെ മികച്ച സേവുകൾ ഫലം ആതിഥേയർക്ക് അനുകൂലമാക്കുകയായിരുന്നു. കലാശക്കളിക്ക് ടിക്കറ്റ് ലഭിക്കുന്നവർക്ക് കിരീടമുയർത്താൻ മാഞ്ചസ്റ്റർ സിറ്റി/ ബർട്ടൺ ആൽബിയൻ എന്നിവരിൽ ഒരാളെയാണ് നേരിടേണ്ടി വരിക. ഇരുവരും തമ്മിലുള്ള സെമിഫൈനലിന്റെ ഒന്നാംപാദം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!