ചാമ്പ്യൻസ് ലീഗ്: വാരത്തിലെ താരമായി ഹലാന്റ്

ചാമ്പ്യൻസ്‌ ലീഗിന്റെ ആദ്യ വാരത്തിലെ മികച്ച താരമായി സാൽസ്ബർഗിന്റെ കൗമാര താരം എർലിംഗ്‌ ഹലാന്റ്‌ തിരഞ്ഞെടുക്കപ്പെട്ടു. ജങ്കിനെതിരെ ഹാട്രിക്കുമായി കളം നിറഞ്ഞ പ്രകടനമാണ്‌ താരത്തെ നേട്ടത്തിനർഹനാക്കിയത്‌. ടർ സ്റ്റെഗൻ, ഏഞ്ചൽ ഡി മരിയ തുടങ്ങിയവരെ പിന്തള്ളിയാണ്‌ ഹലാന്റ്‌ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌.
ഓസ്‌ട്രിയൻ ക്ലബിന്‌ വേണ്ടി ചാമ്പ്യൻസ്‌ ലീഗിൽ അരങ്ങേറിയ ഈ നോർവീജിയൻ സ്‌ട്രൈക്കർ കളിയുടെ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക്‌ സ്വന്തമാക്കിയിരുന്നു. ഹലാന്റിന്റെ പ്രകടന മികവിൽ 6-2 എന്ന വലിയ സ്കോറിനാണ്‌ ജങ്കിനെതിരെ സാൽസ്ബർഗ്‌ വിജയിച്ചത്‌.
വെയ്‌ൻ റൂണിക്ക്‌ ശേഷം ആദ്യമായാണ്‌ ഒരു ടീനേജ്‌ താരം ചാമ്പ്യൻസ്‌ ലീഗ്‌ അരങ്ങേറ്റത്തിൽ ഹാട്രിക്ക്‌ നേടുന്നത്‌. സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരം ഇത്‌ വരെയായി 10 മൽസരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിക്കഴിഞ്ഞു. സീസണിലെ നാലാം ഹാട്രിക്കാണ്‌ താരം തന്റെ പേരിലാക്കിയത്‌.
നേരത്തെ പോളണ്ടിൽ നടന്ന അണ്ടർ-20 ലോകകപ്പിൽ നോർവേ ജഴ്‌സിയിൽ ഹോണ്ടുറാസിനെതിരെ ഒമ്പത്‌ ഗോളുകൾ നേടിയും താരം വാർത്തയിൽ ഇടം പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!