ചാമ്പ്യൻസ് ലീഗ് : പ്രമുഖ ടീമുകൾക്ക് വിജയം

ചാമ്പ്യൻസ്‌ ലീഗിൽ തങ്ങളുടെ രണ്ടാം മൽസരത്തിനിറങ്ങിയ ബാഴ്‌സലോണക്കും ലിവർപൂളിനും ചെൽസിക്കും ജയം. ബാഴ്‌സലോണ സ്വന്തം തട്ടകത്തിൽ ഇന്റർ മിലാനെ കീഴടക്കിയപ്പോൾ ആവേശകരമായ മൽസരത്തിനൊടുവിൽ ലിവർപൂൾ സാൽസ്ബർഗിനെ മറികടന്നു. 4-3 എന്ന സ്കോറിനായിരുന്നു ലിവർപൂളിന്റെ ജയം.
ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മൽസരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ നേടി ഇന്റർ മിലാൻ ആതിഥേയരെ ഞെട്ടിച്ചു. ലൗതാരോ മാർട്ടിനെസാണ്‌ വല കുലുക്കിയത്‌. എന്നാൽ ഇടവേളക്ക്‌ ശേഷം ലൂയിസ്‌ സുവാരസിന്റെ ഇരട്ട ഗോളുകളിലൂടെ ബാഴ്‌സ വിജയം ഉറപ്പിക്കുകയായിരുന്നു.
ആൻഫീൽഡിൽ നടന്ന മൽസരത്തിൽ മാനെ, റോബർട്‌സൻ, സലാഹ്‌ എന്നിവർ നേടിയ ഗോളുകളിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. എന്നാൽ പതറാതെ കളിച്ച സാൽസ്ബർഗ്‌ ഹ്വാങ്ങ്‌ ഹീ ചാൻ, ടകുമി, കൗമാര താരം എർലിംഗ്‌ ഹലാന്റ്‌ എന്നിവരിലൂടെ തിരിച്ചടിച്ച്‌ സ്കോർ തുല്യതയിലെത്തിച്ചു. പിന്നീട്‌ സലാഹ്‌ ആതിഥേയർക്കായി വിജയ ഗോൾ നേടുകയായിരുന്നു.
ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കായിരുന്നു ചെൽസി ലില്ലിയെ കീഴടക്കിയത്‌. ടാമി എബ്രഹാം, വില്യൻ എന്നിവർ ചെൽസിക്കായി വല കുലുക്കി. മറ്റു മൽസരങ്ങളിൽ അയാക്‌സ്‌ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ വലൻസിയയേയും ബോറുഷ്യ ഡോർട്ട്‌മുണ്ട്‌ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ സ്ലാവിയ പ്രേഗിനേയും കീഴടക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!