മരിയ മിന്നി, റയലിനെ തകർത്ത് പി.എസ്.ജി

ചാമ്പ്യൻസ്‌ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ റയൽ മാഡ്രിഡിന്‌ വൻ തോൽവി. പി.എസ്‌.ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ മുൻ ചാമ്പ്യന്മാരെ തകർത്തു. ആവേശകരമായ മറ്റൊരു മൽസരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ്‌ യുവന്റസുമായി സമനിലയിൽ പിരിഞ്ഞു. രണ്ട്‌ വീതം ഗോളുകൾ നേടിയാണ്‌ ഇരുടീമുകളും തുല്യത പാലിച്ചത്‌.
മുന്നേറ്റ നിരയിൽ നെയ്‌മർ, കവാനി, എംബാപ്പെ എന്നിവരില്ലാതെ ഇറങ്ങിയെങ്കിലും പി.എസ്‌.ജി എല്ലാ മേഖലയിലും റയലിനെ നിഷ്പ്രഭമാക്കി. ഇടവേളക്ക്‌ പിരിയുന്നതിന്‌ മുമ്പ്‌ തന്നെ ആതിഥേയർ രണ്ട്‌ ഗോളുകൾ നേടി. അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയയാണ്‌ രണ്ട്‌ ഗോളുകളും കണ്ടെത്തിയത്‌. മൽസരം തീരാൻ മിനുട്ടുകൾ ശേഷിക്കെ മുയ്‌നിയറും പി.എസ്‌.ജിക്കായി വല കുലുക്കി.
രണ്ട്‌ ഗോളുകൾക്ക്‌ പിന്നിൽ നിന്ന ശേഷമാണ്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌ യുവന്റസിനെ സമനിലയിൽ കുരുക്കിയത്‌. ക്വാഡ്രാഡോ, മറ്റ്യൂഡി എന്നിവരിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോ സാവിച്‌, ഹെരേര എന്നിവരുടെ ഗോളുകളിലൂടെ ഒപ്പമെത്തുകയായിരുന്നു.
മറ്റൊരു മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്‌ ഷക്തറിനെ തകർത്തു. റിയാദ്‌ മഹ്‌റെസ്‌, ഇകായ്‌ ഗുണ്ടോഗൻ, ഗബ്രിയേൽ ജീസസ്‌ എന്നിവരാണ്‌ ഇംഗ്ലീഷ്‌ ടീമിനായി വല കുലുക്കിയത്‌. പ്രധാന താരങ്ങളുടെ പരിക്ക്‌ മൂലം മധ്യനിര താരം ഫെർണാണ്ടിഞ്ഞൊ പ്രതിരോധത്തിലായിരുന്നു കളിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!