ലിവർപൂളിനെ വീഴ്ത്തി നാപ്പോളി, അടി തെറ്റി ചെൽസി

ചാമ്പ്യൻസ്‌ ലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക്‌ തോൽവിയോടെ തുടക്കം. നാപ്പോളിയോട്‌ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കാണ്‌ ലിവർപൂൾ കീഴടങ്ങിയത്‌. ബോറുഷ്യ ഡോർട്ട്‌മുണ്ട്‌ – ബാഴ്‌സലോണ മൽസരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ വലൻസിയ ഒരു ഗോളിന്‌ ചെൽസിയെ വീഴ്ത്തി.
82ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ മെർട്ടൻസാണ്‌ നാപ്പോളിക്കായി ആദ്യം വല കുലുക്കിയത്‌. കല്ലെജോണിനെ റോബർട്‌സൺ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി. പിന്നീട്‌ അവസാന മിനുട്ടുകളിൽ വാൻ ഡൈകിന്റെ പിഴവിൽ നിന്ന് ലോറന്റെ കൂടി ഗോൾ നേടിയതോടെ നിലവിലെ ചാമ്പ്യന്മാർക്ക്‌ ആദ്യ മൽസരത്തിൽ തന്നെ പരാജയം രുചിക്കേണ്ടി വന്നു.
ബാഴ്‌സക്കെതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഡോർട്ട്‌മുണ്ടിന്‌ സമനില കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. സൂപ്പർ താരം മാർകോ റൂസ്‌ പെനാൽട്ടി നഷ്ടപ്പെടുത്തിയതാണ്‌ ആതിഥേയർക്ക്‌ വിനയായത്‌. ജേഡാൻ സാഞ്ചോയെ സെമെഡോ വീഴ്ത്തിയതിന്‌ ലഭിച്ച പെനാൽട്ടി ടർ സ്റ്റെഗൻ രക്ഷപ്പെടുത്തുകയായിരുന്നു. മൽസരത്തിൽ ബാഴ്‌സ ക്യാപ്റ്റൻ ലയണൽ മെസി പകരക്കാരനായി കളത്തിലെത്തിയിട്ടും സന്ദർശകർക്ക്‌ വിജയം കണ്ടെത്താനായില്ല.
റോഡ്രിഗോ നേടിയ ഏക ഗോളിലാണ്‌ വലൻസിയ യൂറോപ്പ ലീഗ്‌ ചാമ്പ്യന്മാരെ വീഴ്ത്തിയത്‌. പിന്നീട്‌ ചെൽസിക്ക്‌ പെനാൽട്ടി ലഭിച്ചെങ്കിലും കിക്കെടുത്ത ബാർക്‌ലിക്ക്‌ ഗോൾ നേടാനായില്ല.
മറ്റു മൽസരങ്ങളിൽ അയാക്‌സ്‌ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ ലില്ലിയെയും സാൽസ്ബർഗ്‌ രണ്ടിനെതിരെ ആറ്‌ ഗോളുകൾക്ക്‌ ജെങ്കിനെയും കീഴടക്കി. ഇന്റർ മിലാനെ സ്ലാവിയ പ്രേഗ്‌ സമനിലയിൽ കുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!