ട്രാഫോഡിൽ സമനില

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ തുല്യശക്തികളുടെ പോരാട്ടത്തിൽ പോയിന്റ്‌ പങ്കിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോളുകൾ വീതമടിച്ച് തുല്യത പാലിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ സതാംപ്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ടോട്ടൻഹാം പോയിന്റ്സ് ടേബിളിൽ മൂന്നാംസ്ഥാനത്തേക്ക് കയറി.

ആദ്യവിസിൽ മുതൽ അത്യന്തം ആവേശകരമായി പുരോഗമിച്ച മത്സരത്തിൽ രണ്ടുതവണ പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് സമനില നേടിയെടുത്തത്. 27ആം മിനിറ്റിൽ ഗോൾകീപ്പർ ഡേവിഡ് ഡിഗയയുടെ പിഴവിൽനിന്നുമാണ് പീരങ്കിപ്പട ആദ്യം ലക്ഷ്യം കണ്ടത്. പ്രതിരോധനിര താരം മുസ്തഫിയുടെ താരതമ്യേന ദുർബലമായ ഹെഡർ തട്ടിയകറ്റുന്നതിൽ ഡിഗയ പരാജയപ്പെടുകയായിരുന്നു. നാല് മിനിറ്റിനകം മാർഷ്യലിലൂടെ യുണൈറ്റഡ് ഒപ്പമെത്തിയെങ്കിലും 68ആം മിനിറ്റിൽ ലക്കാസെറ്റെ സന്ദർശകർക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ ലിംഗാർഡിന്റെ ഗോളിലൂടെ യുണൈറ്റഡ് വീണ്ടും ഒപ്പമെത്തി. അവസാനനിമിഷങ്ങളിൽ മികച്ച കളി പുറത്തെടുത്ത ആഴ്‌സണൽ മിക്കിത്രായനിലൂടെ ഒരുതവണകൂടി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് യുണൈറ്റഡിന്റെ രക്ഷയ്ക്കെത്തി. ഇരുനിരകളും പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത മത്സരത്തിൽ ആറുതവണയാണ് റഫറിക്ക് മഞ്ഞക്കാർഡുയർത്തേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!