യു.എസ് ഓപ്പണിൽ നിന്ന് നൊവാക് ദ്യോകോവിച്ചിന് പിന്നാലെ റോജർ ഫെഡററും പുറത്ത്. ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവാണ് ഫെഡററെ കീഴടക്കി സെമി ഫൈനലിലേക്ക് കുതിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ദിമിത്രോവിന്റെ വിജയം.
സ്കോർ : 3-6, 6-4, 3-6, 6-4, 6-2.
ഇരുവരും രണ്ട് വീതം സെറ്റുകൾ നേടി ഒപ്പമെത്തിയെങ്കിലും നിർണായകമായ അഞ്ചാം സെറ്റിൽ ഫെഡറർ തീർത്തും നിഷ്പ്രഭമായി. ഫെഡറർക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ദിമിത്രോവ് കുറിച്ചത്.
മറ്റൊരു മൽസരത്തിൽ സ്റ്റാൻ വാവ്റിങ്കയെ കീഴടക്കി റഷ്യൻ താരം മെദ്വെദേവും സെമി ഫൈനലിൽ പ്രവേശിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. ദ്യോകോവിച്ചിനെ കീഴടക്കിയായിരുന്നു വാവ്റിങ്ക ക്വാർട്ടറിൽ പ്രവേശിച്ചത്.
വനിതാ സിംഗിൾസിൽ ഇതിഹാസ താരം സെറീന വില്യംസ്, സ്വിറ്റോലിന എന്നിവരും സെമിയിലെത്തിയിട്ടുണ്ട്. ചൈനീസ് താരം വാങ്ങ് കിയാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന കീഴടക്കിയത്.
